അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞതെന്തിന്​? -വൈറലായി മുൻ മജിസ്​ട്രേറ്റി​െൻറ കുറിപ്പ്​

കൊച്ചി: ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്രനിർമാതാവുമായ അറ്റ്​ലസ്​ രാമചന്ദ്രനെ (എം.എം. രാമചന്ദ്രൻ -80) കുറിച്ച്​ മുൻ മജിസ്​ട്രേറ്റ്​ എസ്​. സുദീപ്​ എഴുതിയ കുറിപ്പ്​ ശ്രദ്ധേയമാകുന്നു. 'എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത്' എന്ന തലക്കെട്ടിൽ അ​ദ്ദേഹം എഴുതിയ അനുസ്​മരണം നിരവധി പേരാണ്​ പങ്കുവെച്ചത്​.

''അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യനായിരുന്നു. സാധാരണ മനുഷ്യൻ. ടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു. ഒടുവിലെപ്പൊഴോ പണമില്ലാതെ ജയിലിലായി. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ കേൾക്കുക: 'കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും വന്നെങ്കിലെന്ന് പലപ്പോഴും മോഹിച്ചിരുന്നു. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാൻ കൂടിയാണങ്ങനെ മോഹിച്ചത്. കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര ഭംഗിയാർന്നതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വല്ലപ്പോഴും കോടതിയിലോ ആശുപത്രിയിലോ കൊണ്ടുപോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്...' ജയിലിലെ മൂന്നു വർഷങ്ങൾ. ഷോറൂമുകളിൽ ഉണ്ടായിരുന്ന സ്വർണ്ണവും രത്നവുമൊക്കെ വിശ്വസ്തസ്ഥാപനങ്ങളിലെ തന്റെ വിശ്വസ്തരെന്നു കരുതിയവർ തന്നെ എടുത്തു നാടുവിട്ടു. എന്നിട്ടും ശേഷിച്ചതെല്ലാം എടുത്ത് ഇന്ദിരാ രാമചന്ദ്രൻ എല്ലാ ജീവനക്കാർക്കും ശമ്പള ബാക്കി നൽകി. പുറത്തുവന്നപ്പോൾ തന്റെ മാനേജർമാരെയൊക്കെ വിളിച്ചു. ആരും ഫോണെടുത്തില്ല. അപ്പോഴും ചിരിച്ചു. ആ ചിരി കണ്ട് നമ്മളാണ് കരഞ്ഞത്. ആ മനുഷ്യൻ തിരിച്ചു വരണമെന്ന് അത്രമേൽ ആഗ്രഹിച്ചതും നമ്മൾ തന്നെ. തിരിച്ചു വരാനാവാതെ മടങ്ങുമ്പോൾ...'' -സുദീപ്​ എഴുതുന്നു.

Full View

വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുന്ന അറ്റ്​ലസ്​ രാമചന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ ഞായറാഴ്ച യു.എ.ഇ സമയം രാത്രി 11 മണിക്കാണ്​ മരിച്ചത്​. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത്​ ഒപ്പമുണ്ടായിരുന്നു.

അറ്റ്​ലസ്​ ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു​. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​. കേസ്​ അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട്​ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്​ലസ്​ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മരണം.

എസ്​. സുദീപ്​ എഴുതിയ അനുസ്​മരണക്കുറിപ്പ്​ വായിക്കാം:

എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത്?

ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളാണ്.

എൺപതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. അകാലവിയോഗമെന്നു പറയാൻ കഴിയുമോ?

എന്നിട്ടുമെന്തിനാണ്...?

ഒരുത്തരമേയുള്ളു.

അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യനായിരുന്നു.

സാധാരണ മനുഷ്യൻ.

കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു.

കലയെയും ജീവിതത്തെയും മനുഷ്യനെയും സ്നേഹിച്ച ഒരാൾ.

വൈശാലിയും വാസ്തുഹാരയും സുകൃതവുമൊക്കെ എടുത്തത് ലാഭമുണ്ടാക്കാനായിരുന്നില്ല. കലയെ ആ മനുഷ്യൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.

സിനിമയെടുത്തും ഇറാഖ് കുവൈറ്റിനെ ആക്രമിച്ചുമൊക്കെ എല്ലാം തകർന്നു.

എന്നിട്ടും ചിരിച്ചു. തിരിച്ചു വന്നു.

ഒടുവിലെപ്പൊഴോ പണമില്ലാതെ ജയിലിലായി.

അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ കേൾക്കുക:

- കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും വന്നെങ്കിലെന്ന് പലപ്പോഴും മോഹിച്ചിരുന്നു. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാൻ കൂടിയാണങ്ങനെ മോഹിച്ചത്. കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര ഭംഗിയാർന്നതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വല്ലപ്പോഴും കോടതിയിലോ ആശുപത്രിയിലോ കൊണ്ടുപോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്...

ജയിലിലെ മൂന്നു വർഷങ്ങൾ.

ഷോറൂമുകളിൽ ഉണ്ടായിരുന്ന സ്വർണ്ണവും രത്നവുമൊക്കെ വിശ്വസ്തസ്ഥാപനങ്ങളിലെ തന്റെ വിശ്വസ്തരെന്നു കരുതിയവർ തന്നെ എടുത്തു നാടുവിട്ടു.

എന്നിട്ടും ശേഷിച്ചതെല്ലാം എടുത്ത് ഇന്ദിരാ രാമചന്ദ്രൻ എല്ലാ ജീവനക്കാർക്കും ശമ്പള ബാക്കി നൽകി.

പുറത്തുവന്നപ്പോൾ തന്റെ മാനേജർമാരെയൊക്കെ വിളിച്ചു. ആരും ഫോണെടുത്തില്ല.

അപ്പോഴും ചിരിച്ചു.

ആ ചിരി കണ്ട് നമ്മളാണ് കരഞ്ഞത്.

ആ മനുഷ്യൻ തിരിച്ചു വരണമെന്ന് അത്രമേൽ ആഗ്രഹിച്ചതും നമ്മൾ തന്നെ.

തിരിച്ചു വരാനാവാതെ മടങ്ങുമ്പോൾ...

തിരിച്ചു വന്നില്ലെന്ന് ആരാണു പറഞ്ഞത്?

രാമചന്ദ്രൻ മടങ്ങിയിട്ടില്ലല്ലോ...

നമ്മുടെ, നമ്മളാം ജനകോടികളുടെ ഉള്ളിൽ 916 പരിശുദ്ധിയും നൈർമ്മല്യവുമുള്ള ഒരു വിശ്വസ്ത സ്ഥാപനം അദ്ദേഹം എന്നേയ്ക്കുമായി തുറന്നിട്ടിരിക്കുന്നു.

ആ സ്ഥാപനത്തിന്റെ പേരാണ് മനുഷ്യൻ.

കോടീശ്വരനും ശതകോടീശ്വരനുമാകാൻ പലർക്കും കഴിഞ്ഞേക്കും.

മനുഷ്യനാവാൻ...

രാമചന്ദ്രൻ മനുഷ്യനായിരുന്നു.

916 മനുഷ്യൻ.

മനുഷ്യൻ യാത്രയാവുമ്പോൾ മനുഷ്യൻ കരയാതിരിക്കുന്നതെങ്ങനെ...

Full View

Tags:    
News Summary - Former magistrate s sudeep writes about Atlas Ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.