മരണപ്പെട്ട രാജേഷ്, മകന്‍ ഋത്വിക്‌ (മധ്യത്തിൽ വളർത്തുനായ)

ഇവനറിയില്ലല്ലോ, ഭക്ഷണം തരാൻ ഇനി രാജേഷും മോനും വരില്ലെന്ന്​...

ബാലരാമപുരം: വീട്ടുവരാന്തയിലെ ചാരുപടിയിൽ അവൻ പരിഭ്രാന്തനായി ഇരിപ്പുണ്ട്​... പതിവില്ലാതെ ആളുകൾ വന്നതും കൂട്ടം കൂടുന്നതും കണ്ട്​ കണ്ണ്​ മിഴിച്ചിരിക്കുകയാണ്​ വെളുത്ത രോമം നിറഞ്ഞ ആ കുഞ്ഞു വളർത്തുനായ്​. ആൾക്കൂട്ടത്തിൽ ത​െന്‍റ പ്രിയപ്പെട്ട യജമാനൻ രാജേഷും തന്‍റെ കളിക്കൂട്ടുകാരൻ കൂടിയായ മകൻ ഋത്വിക്കിനെയുമായിരിക്കും അവൻ ആകാംക്ഷയോടെ തിരയുന്നത്​. അവനറിയില്ലല്ലോ, ഉച്ചയ്​ക്ക്​ വിഭവ സമൃദ്ധമായി ഭക്ഷണം നല്‍കിയ തന്‍റെ പ്രിയപ്പെട്ടവർ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്​ യാത്ര പോയ വേദനാജനകമായ കാര്യം.

അപകടത്തിൽ മരിച്ച രാജേഷിന്‍റെയും മകൻ ഋത്വിക്കിന്‍റെയും ബാലരാമപുരം താന്നിവിളയിലെ വീട്ടിൽ കഴിയുന്ന വളർത്തുനായ്​

കഴക്കൂട്ടം ഇൻഫോസിസ്​ പാർക്കിന്​ സമീപം സ്​കൂട്ടർ കെ.എസ്​.ആർ.ടി.സി ബസിന്​ പിന്നിൽ ഇടിച്ചാണ്​ രാജേഷും (36) അഞ്ചുവയസ്സുള്ള മകനും മരിച്ചത്​. കൂടെയുണ്ടായിരുന്ന ഭാര്യ സുജിത ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്​.

രാജേഷിന്‍റെയും മകൻ ഋത്വിക്കിന്‍റെയും മരണത്തിന്​ ഇടയാക്കിയ അപകടം

തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ്​ രണ്ട് വര്‍ഷം മുമ്പാണ് ബാലരാമപുരം താന്നിവിളയില്‍ കുടുംബസമേതം താമസമാക്കിയത്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായ രാജേഷ്​ ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുമ്പോള്‍ വീട്ടുകാരെ സുഹൃത്തായ ചിറയിന്‍കീഴ് സ്വദേശിയുടെ വീട്ടില്‍ നിര്‍ത്തലാണ്​ പതിവ്​.

വാടക വീട്ടില്‍ നിന്നും ചിറയിന്‍കീഴിലേക്കുള്ള യാത്രക്കിടെയാണ് ചൊവ്വാഴ്ച ഉച്ചക്ക്​ അപകടം രാജേഷിന്‍റെയും മകന്‍ ഋത്വിക്കിന്‍റെയും ജീവൻ കവര്‍ന്നെടുത്തത്. ബൈപാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.


ജോലി കഴിഞ്ഞെത്തിയാല്‍ വീട്ടിനുള്ളില്‍ തന്നെ ചിലവഴിക്കുന്നതാണ്​ രാജേഷിന്‍റെ പ്രകൃതം. വളരെ ശാന്തനായ അദ്ദേഹത്തെ കുറിച്ച് അയല്‍വാസികൾക്ക്​ പറയുവാനുള്ളതും നല്ലത് മാത്രം.

രാജേഷിനും മകനും ഏറെ പ്രിയപ്പെട്ട വളര്‍ത്തുന്ന നായക്ക് ഭക്ഷണം നല്‍കി ശേഷമായിരുന്നു ഇന്നത്തെ യാത്ര. നായെ വീടിന്‍റെ സിറ്റൗട്ടില്‍ കെട്ടിയിട്ട ശേഷം ഭക്ഷണം നല്‍കി വീടിന് പുറത്തെ ലൈറ്റിട്ടാണ്​ പോയത്. വീട്ടിലെ അംഗത്തെ പോലെയാണ് രാജേഷും കുടുംബവും നായയെ വളര്‍ത്തിയിരുന്നത്. സാധാരണ അപരിചിതരെ കാണുമ്പോള്‍ കുരച്ച് ശബ്ദമുണ്ടാക്കുന്ന നായ ഇന്ന്​ മൗനം പാലിച്ചാണിരിക്കുന്നത്. അയല്‍വാസികൾ ചിലര്‍ നായക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

Tags:    
News Summary - father and son killed in an accident after feeding pet dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.