ഫാലി എസ്. നരിമാൻ അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൽനിന്ന് പദ്മ വിഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങുന്നു

ഭരണഘടനയെ സ്നേഹിച്ച നരി

മുംബൈ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ‘ഭീഷ്മപിതാമഹനാ’യിരുന്നു അന്തരിച്ച മുതിർന്ന അഭിഭാഷകൻ ഫാലി സാം നരിമാൻ. അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധസൂചകമായി അഡീഷനൽ സോളിസിറ്റർ ജനറൽ സ്ഥാനം വലിച്ചെറിഞ്ഞ നരിമാൻതന്നെയായിരുന്നു ഭോപാൽ ദുരന്തത്തിന് കാരണക്കാരായ യൂനിയൻ കാർബൈഡിനുവേണ്ടി നിയമയുദ്ധം നടത്തിയത്.

ആയിരക്കണക്കിന് പേരുടെ ജീവനും ജീവിതവും തകർത്ത കമ്പനിയുടെ വക്കാലത്ത് ഏറ്റെടുത്തത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ കേസ് ഏറ്റെടുത്തതിൽ പിന്നീട് അദ്ദേഹം പശ്ചാത്തപിച്ചു. തെറ്റുപറ്റിയതാണെന്നും നരിമാൻ ‘ഓർമകൾ മങ്ങുന്നതിനുമുമ്പ്’ എന്ന ആത്മകഥയിൽ സമ്മതിക്കുന്നുണ്ട്.

സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ ടി.എം.എ. പൈ-കർണാടക സർക്കാർ കേസിൽ ടി.എം.എ. പൈ സ്ഥാപനങ്ങൾക്കുവേണ്ടി കേസ് ഏറ്റെടുത്ത് ജയിച്ചു. പിന്നീട് സ്വാശ്രയ കേസുകളിൽ ഈ നിയമപോരാട്ടം നിർണായകമായി.

‘മതേതര ഇന്ത്യയിൽ ജീവിക്കുകയും വളരുകയും ചെയ്തു. സമയം പൂർത്തിയാകുമ്പോൾ, ദൈവം അനുവദിച്ചാൽ മതേതര ഇന്ത്യയിൽ മരിക്കണമെന്നാണ് ആഗ്രഹം’ -ആത്മകഥയിൽ നരിമാൻ വ്യക്തമാക്കിയിരുന്നു. പാഴ്സി പുരോഹിതൻകൂടിയായിരുന്ന അദ്ദേഹം എല്ലാ മതങ്ങൾക്കും രാജ്യത്ത് ഒരുപോലെ പരിഗണന നൽകണമെന്ന അഭിപ്രായക്കാരനായിരുന്നു. നർമദ അണക്കെട്ടുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരാകാനുള്ള അഭ്യർഥന 1998ൽ നരിമാൻ നിരസിച്ചിരുന്നു. സംസ്ഥാനത്ത് ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം വർധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ നടപടി.

ഇന്ത്യൻ ഭരണഘടനയുടെ പവിത്രതയെ എക്കാലവും ഉയർത്തിപ്പിടിച്ച നിയമവിദഗ്ധനായിരുന്നു നരിമാൻ. ഭരണഘടനയെക്കുറിച്ച് എക്കാലത്തും നൂറു നാവായിരുന്നു. 94ാം വയസ്സിൽ, കഴിഞ്ഞ വർഷം എഴുതിയ പുസ്തകം ഭരണഘടനയെ നിർബന്ധമായും മനസ്സിലാക്കേണ്ടതിനെക്കുറിച്ചായിരുന്നു. ഇന്ത്യയുടെ വികസനത്തിൽ ജുഡീഷ്യറിക്ക് മഹത്തായ പങ്കുവഹിക്കാനുണ്ടെന്നും നരിമാൻ ഉറച്ചു വിശ്വസിച്ചു. ജഡ്ജിമാരെ നിയമിക്കുന്നതിൽ സുതാര്യതയില്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിൽ ജയിക്കേണ്ടിവന്നതിൽ അദ്ദേഹത്തിന് ഖേദമുണ്ടായിരുന്നു.

ജഡ്ജിമാർതന്നെ ജഡ്ജി നിയമനം നടത്തുന്നതിനെ മരണം വരെ നരിമാൻ എതിർത്തു. കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വില്യം ഷേക്സ്പിയറിന്റെ ‘വെനീസിലെ വ്യാപാരി’ എന്ന വിഖ്യാത കൃതിയിൽനിന്നുള്ള വാക്കുകളുദ്ധരിച്ചാണ് നരിമാൻ സ്വാഗതംചെയ്തത്. ‘ഇതാ ഒരു നീതിമാൻ! അതേ, ഒരു ദാനിയേൽ! ജ്ഞാനിയായ യുവ ന്യായാധിപാ, ഞാൻ എങ്ങനെയാണ് അങ്ങയെ ബഹുമാനിക്കേണ്ടത്’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പ്രകീർത്തിച്ച് നരിമാൻ എഴുതിയത്. 

‘നരിമാൻ അതികായനായ ബുദ്ധിജീവി’

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ നിര്യാണത്തിൽ അനുശോചിച്ച് ജഡ്ജിമാരും അഭിഭാഷകരും. അതികായനായ ബുദ്ധിജീവിയായിരുന്നു നരിമാനെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീംകോടതി നടപടി നിർത്തിവെച്ചാണ് നിര്യാണത്തിൽ ചീഫ് ജസ്റ്റിസ് അനുശോചിച്ചത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ്‍വി, ഇന്ദിര ജയ്സിങ്, പ്രശാന്ത് ഭൂഷൺ, മേനക ഗുരുസ്വാമി എന്നിവരും അനുശോചിച്ചു.

നീതിന്യായ സ്ഥാപനങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെയാണ് നഷ്ടമായതെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. ഇന്ത്യയുടെ മഹാനായ പുത്രനാണ് വിടവാങ്ങിയതെന്ന് കപിൽ സിബൽ അഭിപ്രായപ്പെട്ടു.

നരിമാനില്ലാത്ത കോടതി ഇടനാഴികൾ പഴയതുപോലെയല്ലെന്നും സിബൽ സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ജീവിക്കുന്ന ഇതിഹാസമായ നരിമാന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണെന്നും അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നും അഭിഷേക് സിങ്‍വി പറഞ്ഞു. 

Tags:    
News Summary - Fali S Nariman who loved the Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.