‘കമ്യൂണിസ്റ്റ് സർക്കാറിനെതിരെ സമരവുമായി ആനത്തലവട്ടം; നമ്മൾ ഭരിക്കുമ്പോഴും സമരം വേണ്ടിവരുമെന്ന് ഇ.എം.എസ്’

ആലപ്പുഴ: ഇന്ന് അന്തരിച്ച പ്രമുഖ സി.പി.എം നേതാവും ട്രേഡ് യൂനിയൻ സംഘാടകനുമായ ആനത്തലവട്ടം ആനന്ദൻ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ നയിച്ച ഐതിഹാസിക സമരം ഓർത്തെടുത്ത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്.

17 വയസ്സിൽ കയർപിരി തൊഴിലാളികളുടെ ഒരണ കൂലി വർധനവിനുള്ള സമരത്തിനു നേതൃത്വം നൽകിയാണ് ആനന്ദൻ ട്രേഡ് യൂണിയൻ രംഗത്തു വന്നത്. എന്നാൽ, കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നിട്ടും അംഗീകൃത മിനിമംകൂലി തൊഴിലാളിക്ക് ലഭിച്ചില്ല. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ കയർ തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകി. അന്ന് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ആനന്ദൻ ഇത്തരമൊരു സമരം നടത്തിയത് ഗൗരവമായൊരു സംഘടനാപ്രശ്നമായി പാർട്ടിയുടെ മുന്നിൽ ഉയർന്നുവന്നു. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ ഇത്തരമൊരു സമരം നടത്തുന്നതു ശരിയാണോ? ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആനന്ദനുനേരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നുവരെ ചർച്ച നടന്നു. എന്നാൽ, ‘നമ്മൾ ഭരിക്കുമ്പോഴും ചിലപ്പോൾ സമരം വേണ്ടിവരും’ എന്ന് ഇ.എം.എസ് പറഞ്ഞതോടെ പുതിയൊരു നിലപാടായി -തോമസ് ഐസക് അനുസ്മരിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

സ. ആനത്തലവട്ടം ആനന്ദനെ ഞാൻ ആദ്യമായി കാണുന്നത് 1973-ൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനിയിൽവച്ചാണ്. വാഴമുട്ടത്തുനിന്ന് കാസർഗോഡേക്കുള്ള വാഹനജാഥ നയിച്ചുകൊണ്ട് സ. ആനന്ദൻ പ്രസംഗിക്കുകയായിരുന്നു. കയർമേഖലയിലെ യന്ത്രവൽക്കരണത്തിനെതിരെയും തൊണ്ടുസംഭരണത്തിനു വേണ്ടിയുമുള്ള നിശിതമായ പ്രസംഗം. കേൾക്കാൻ പോയതല്ല. പക്ഷേ, കേട്ടു നിന്നുപോയി.

ചിറയിൻകീഴിലെ കയർപിരി തൊഴിലാളികളുടെ ഒരണ കൂലി വർദ്ധനവിനുള്ള സമരത്തിനു നേതൃത്വം നൽകിക്കൊണ്ടാണ് 17 വയസുകാരനായ സ. ആനന്ദൻ ട്രേഡ് യൂണിയൻ രംഗത്തു പ്രവേശനം ചെയ്തത്. രണ്ട് വർഷം കഴിഞ്ഞ് 1956-ൽ പാർടി അംഗമായി. കമ്മ്യൂണിസ്റ്റ് സർക്കാർ വന്നു. എന്നിട്ടും അംഗീകൃത മിനിമംകൂലി തൊഴിലാളിക്കു ലഭിക്കുന്നില്ല.

ശക്തമായ സർക്കാർ നടപടി ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കയർ തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകിയതോടെ ഗൗരവമായൊരു സംഘടനാപ്രശ്നം പാർടിയുടെ മുന്നിൽ ഉയർന്നുവന്നു. കമ്മ്യൂണിസ്റ്റ് പാർടി ഭരിക്കുമ്പോൾ ഇത്തരമൊരു സമരം നടത്തുന്നതു ശരിയാണോ? ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സ. ആനന്ദനുനേരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നുവരെ ചർച്ച നടന്നു. എന്നാൽ നമ്മൾ ഭരിക്കുമ്പോഴും ചിലപ്പോൾ സമരം വേണ്ടിവരുമെന്ന് ഇഎംഎസ് പറഞ്ഞതോടെ പുതിയൊരു നിലപാടായി.

കമ്മ്യൂണിസ്റ്റ് സർക്കാർ കയർ സഹകരണ സംഘങ്ങൾ പുനസംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതുവരെ മുതലാളിമാരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കയർ സഹകരണ സംഘങ്ങൾക്കു പകരം തൊഴിലാളികളുടെ നേതൃത്വത്തിലുള്ള കയർ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനു സ. ആനന്ദൻ മുൻകൈയെടുത്തു. ഇത് അത്യന്തം ക്ലേശകരമായ ഒരു പ്രവർത്തനമായിരുന്നു. പുതിയ തൊഴിലാളി സംഘങ്ങൾക്കെതിരെ കച്ചവടക്കാരും മുതലാളിമാരും ആസൂത്രിതമായി പ്രവർത്തിച്ചു. തുടർന്നുള്ള ഒരു ദശാബ്ദക്കാലം മിനിമംകൂലി അംഗീകരിപ്പിക്കാനും ന്യായവിലയ്ക്കു തൊണ്ട് ലഭ്യമാക്കുന്നതിനുമുള്ള സമരങ്ങളായിരുന്നു.

1967-ലെ സർക്കാർ കയർ വ്യവസായ പുനസംഘടനാ സ്കീം അംഗീകരിച്ചു. എല്ലാ കയർ സഹകരണ സംഘങ്ങളും തൊഴിലാളി സഹകരണ സംഘങ്ങളായി. മിനിമംകൂലി നടപ്പാക്കി. പക്ഷേ, തൊണ്ട് കിട്ടുന്നില്ല. അന്യായവില നൽകി വാങ്ങുന്ന തൊണ്ടുകൊണ്ട് സംഘം നടത്താനാവില്ല. യന്ത്രവല്ക്കരണം തൊണ്ടുതല്ല് തൊഴിലാളികളെ മുഴുവൻ തൊഴിൽരഹിതരാക്കി. കയർ മേഖലയിലാകെ പട്ടിണി. വാഴമുട്ടത്ത് അമ്മു വെടിയേറ്റു മരിച്ചു. അങ്ങനെയാണ് 1972-ലും 1973-ലും സ. ആനന്ദൻ തെക്ക്-വടക്ക് വാഹനജാഥകൾ നയിച്ചത്. 1975-ൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായപ്പോൾ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കു 45 ദിവസം നീണ്ടുനിന്ന പട്ടിണിജാഥ നയിച്ചു. ഈ സമരങ്ങളുടെ ഫലമായിട്ടാണ് തൊണ്ടുസംഭരണ സംവിധാനവും യന്ത്രനിരോധനവുമെല്ലാം ഏർപ്പെടുത്തിയത്.

സ. ആനന്ദനെ ഞാൻ ആദ്യമായി നേരിട്ടു പരിചയപ്പെടുന്നത് 1976-ലാണ്. കടയ്ക്കാവൂർ കയർപിരി മേഖലയിൽ എംഫില്ലിന്റെ ഭാഗമായി സർവ്വേ നടത്തിക്കൊണ്ടിരിക്കുമ്പോൾ സഖാവുമായി ദീർഘമായി കയർ വ്യവസായത്തെക്കുറിച്ചു സംസാരിച്ചു. പിന്നെ പലപ്രാവശ്യം കയർ മേഖലയെക്കുറിച്ച് സംവദിക്കുകയുണ്ടായി. കയർ മേഖലയിൽ ചില സാങ്കേതികനവീകരണം വേണമെന്ന പക്ഷക്കാരനായിരുന്നു ഞാൻ. ഏതാണ്ട് എല്ലാ ട്രേഡ് യൂണിയൻ പ്രവർത്തകരും എതിരും.

അങ്ങനെ 1987-ലെ സർക്കാരിന്റെ കാലത്ത് ഈ പ്രശ്നം പഠിക്കുന്നതിന് ഞാൻ അധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചു. വാദപ്രതിവാദങ്ങൾ രൂക്ഷമായപ്പോൾ സമിതി പൊള്ളാച്ചിയിൽ പോയി കാര്യങ്ങൾ നേരിട്ടുകാണാൻ തീരുമാനിച്ചു. തിരിച്ചുവന്ന സ. ആനന്ദൻ തന്റെ നിലപാട് മയപ്പെടുത്തുക മാത്രമല്ല, യോജിച്ചൊരു റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുൻകൈയെടുക്കുകയും ചെയ്തു.

2006-ലെ സർക്കാരിന്റെ കാലത്ത് സ. ആനന്ദൻ അധ്യക്ഷനായുള്ള ഒരു കയർ കമ്മീഷനെ നിയോഗിച്ചു. ആ കമ്മീഷന്റെ നിർദ്ദേശങ്ങളാണ് വലിയൊരു പരിധിവരെ രണ്ടാം കയർ പുനസംഘടനാ സ്കീമിന് അടിസ്ഥാനമായത്. അതു നടപ്പാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച കയർ അപ്പക്സ് ബോഡിയുടെ ചെയർമാൻ ആയിരുന്നു. ആ സ്ഥാനം ഇന്നും തുടരുന്നുണ്ട്.

കയർ വ്യവസായ മേഖലയിൽ മാത്രമല്ല, കേരളത്തിലെ സിഐടിയു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും വീണ്ടും അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനു തടസ്സമായില്ല. കാരണം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ഒരു ഐക്കൺ (icon) ആയിട്ടാണ് എല്ലാവരും സഖാവിനെ കണ്ടിരുന്നത്. തൊഴിലാളി താല്പര്യം സംരക്ഷിക്കുന്നതിന് 1958-ൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രകടിപ്പിച്ച വീറ് 86-ാം വയസിലും സഖാവ് നിലനിർത്തി.

കയർ സഖാവ് ആനന്ദന് ഒരു വികാരമായിരുന്നു. 1972-ൽ കയർ സെന്ററിന്റെ സെക്രട്ടറി ആയതുമുതൽ ഇന്നുവരെ സഖാവ് സംസ്ഥാന ഭാരവാഹിയായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ നിന്നുപോലും കയർ മേഖലയിലെ ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എന്നെ വിളിച്ചിരുന്നു. സഖാവ് സ്വസ്ഥമായി ചികിത്സ കഴിഞ്ഞു തിരിച്ചുവരുമ്പോൾ അതെല്ലാം നേരിയായിരിക്കുമെന്ന് ഉറപ്പു നൽകുകയാണു ചെയ്തത്.

സഖാവിന്റെ ദീപ്തമായിട്ടുള്ള ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ.. അഭിവാദനങ്ങൾ..


Full View

Tags:    
News Summary - Dr. T.M Thomas Isaac remembering anathalavattom anandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.