മകനേ.. നീ ഈ തീരത്ത്​ ഒരു പുഞ്ചിരിയായുറങ്ങൂ...!

കോഴിക്കോട്​: ചാറ്റൽ മഴ നനയാതിരിക്കാൻ വിരിച്ച നീല മേലാപ്പിന്​ ചുവട്ടിൽ അവനായൊരുങ്ങിയ ഖബറിടം രാവിലെ മ​ുതൽ കാത്തു നിൽപാണ്​. ഓമനത്തം മാറാത്ത പിഞ്ചുമോന്‍റെ ചലനമറ്റ ശരീരം ഏറ്റുവാങ്ങാൻ... പൊലീസും മാധ്യമ പ്രവർത്തകരും അവിടവിടെ വട്ടം കൂടി നിൽക്കുന്നു. ഓർമകളിൽ 2018ലെ നിപകാലം മിന്നി മറിയുന്നു.

കണ്ണംപറമ്പ് പള്ളിയുടെ മിനാരങ്ങളും അറബിക്കടലി​ലെ തിരമാലകളും ഈ നാടിന്​ വേണ്ടി പ്രാർഥിക്കും പോലെ.... ഈ കളിചിരി മാറാത്ത മകന്‍റെ ജീവനെടുത്ത കൊലയാളി വൈറസ്​ ഈയൊരു മരണത്തിൽ അവസാനിക്കണേ എന്ന പ്രാർഥന, ഈ നിപ മരണം അവസാനത്തേതായിരിക്കണേ എന്ന പ്രാർഥന...

കറുത്ത ഞായറാഴ്​ചയുടെ മൂകമായ പകൽ. മഴ മങ്ങിയ കരച്ചിലായി വീണ വഴിയിലൂടെ അവ​​ന്‍റെ മൃതദേഹവുമായി ആംബുലൻസ്​ കുതിച്ചു വന്നു. പൊലീസ്​ വിജനമാക്കിവെച്ച വഴികൾ അവന്​ കണ്ണീർപൂക്കൾ അർപ്പിച്ചു. കണ്ണംപറമ്പ്​​ ശ്​മശാനത്തി​ന്‍റെ കവാടത്തിലേക്ക്​ കയറി ആംബുലൻസ്​. അകലങ്ങളിൽ നിന്ന്​ ആരൊക്കയോ അവ​ന്‍റെ അവസാനയാത്രാരംഗങ്ങൾ ഒപ്പിയെടുക്കുന്നു. മാലാഖമാരെ പോലെ പി. പി.ഇ കിറ്റ്​ ധരിച്ച ആരോഗ്യപ്രവർത്തകർ അവ​െൻറ അന്ത്യപരിപാലനങ്ങളിൽ മുഴുകുന്നു.

2018 ലെ നിപ ദുരന്തത്തിൽ മരിച്ചയാളുടെ ഖബറിനരികിലേക്ക്​ അവ​ന്‍റെ പിഞ്ചുദേഹം ആരോഗ്യപ്രവർത്തകർ ആദരപൂർവം എത്തിച്ചു. അതിന്​ അടുത്ത്​ വിരലിലെണ്ണാവുന്ന ബന്ധുക്കൾ അകലം പാലിച്ച്​ പൊന്നുമോനായി മയ്യിത്ത്​ നിസ്​കരിച്ചു. 12.15 ഓടെ അവ​നെ മണ്ണിനടിയിലൊളിപ്പിച്ച്​ അവർ കൈകൂപ്പി

. അച്ചടക്കം പാലിച്ച്​ നിരയൊപ്പിച്ച്​ കിടക്കുന്ന മീസാൻ കല്ലുകൾ അവന്​ സലാം ചൊല്ലുന്നപോലെ. അകലെ കണ്ണീരൊഴുക്കി നിന്ന മനുഷ്യൻമാർ കരളുരുകി പ്രാർഥിച്ചു. കടൽ വിങ്ങുന്ന കരയെ ആശ്വസിപ്പിച്ചു.....

അവൻ മരിച്ച ഉടൻ സാമൂഹികമാധ്യമത്തിൽ ഒഴുകിയ ചിത്രം അറബിക്കടലി​െൻറ തീരത്തോട്​ ചേർന്ന്​ നേർത്ത പുഞ്ചിരിയുമായിരിക്കുന്നതായിരുന്നു. ആ പുഞ്ചിരി ഇനിയും ഈ അറബിക്കടലി​ന്‍റെ ഓരം ചേർന്നു കിടന്നോ​ട്ടെ.... ഓർമകളിൽ അവൻ പ്രാർഥനയായി മാറ​​ട്ടെ...

Tags:    
News Summary - Body 12-year-old boy who died due to Nipah was buried at kannamparamb masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.