മൗ​ല​വി അ​വ​സാ​ന​മാ​യി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം (ഫയൽ ചിത്രം)

ബീരാൻ മൗലവി: തലമുറകളുടെ ഗുരുനാഥൻ

മക്കരപറമ്പ: വീടും പരിസരവും ഖുർആൻ വചനങ്ങളാൽ അലങ്കരിച്ച് ജീവിതം മുഴുവനും ഖുർആന്‍റെ തണലിൽ മാത്രം ജീവിച്ച തലമുറകളുടെ ഗുരുനാഥൻ ബീരാൻ മൗലവി ഓർമയായി. അറബിക് ഭാഷയുടെ പ്രചാരണത്തിനും സ്ത്രീകളുടെ പൊതുവിദ്യാഭ്യാസ പ്രോത്സാഹനത്തിനുമായി ഒറ്റയാൾ പോരാളിയായി സൈക്കിളിൽ കേരളം ചുറ്റിയ സാമൂഹിക പരിഷ്കർത്താവും ആദ്യകാല മതപ്രഭാഷകനും എഴുത്തുകാരനുമായ തെക്കത്ത് ബീരാൻ മൗലവി എന്ന അബൂഉബൈദ് (83) കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്.

ടി. ബീരാൻ കുട്ടി മുസ്ലിയാർ മലപ്പുറം എന്ന പേരിലാണ് വടക്കൻ മലബാറിലും തിരുവിതാംകൂറിലും അറിയപ്പെട്ടിരുന്നത്. നാലാം ക്ലാസുമുതൽ പ്രഭാഷണ രംഗത്തും കലാ, കായിക രംഗത്തും മികച്ച പ്രതിഭയായിരുന്നു. ഇസ്ലാമിക ചരിത്ര കഥാപ്രസംഗങ്ങൾ, സാമൂഹിക പ്രാധാന്യമുള്ള നാടകങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത കാഥികൻ പരേതനായ എം.പി.എം. കുട്ടി മലപ്പുറത്തിനെ നാടിന് സമ്മാനിച്ചത് മൗലവിയുടെ പ്രോത്സാഹനമാണ്. മത, ഭൗതീക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടിയും സ്കൂൾ പഠനങ്ങളിൽനിന്ന് മാറി നിന്നിരുന്ന മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ബോധവത്കരണ സന്ദേശവുമായി വീടുകൾ കയറിയിറങ്ങി ഒരു സംഘടനയുടേയോ പ്രസ്ഥാനങ്ങളുടേയോ പിൻബലമില്ലാതെ സൈക്കിളിലും കാൽനടയായിട്ടും തെരുവുപ്രഭാഷണങ്ങളും നാടകങ്ങളും അവതരിപ്പിച്ചു. എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും സാമൂഹിക പുരോഗതിക്കുള്ള ഊർജമാക്കി സ്വീകരിച്ചു.

സ്കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ത്വലാഖ് എന്ന നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് മൗലവിയാണ്. വടക്കൻ മലബാറിലും തിരുവിതാംകൂറിലും മതപ്രഭാഷണ വേദികളിൽ ശ്രദ്ധേയനായിരുന്നു. സമുദായത്തിലെ എല്ലാ പ്രസ്ഥാനങ്ങളുമായും സൗഹൃദം പുലർത്തിയ വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന മൗലവി വിശ്രമ കാലത്ത് മക്കരപറമ്പിലെ ബൈത്തുനൂർ കേന്ദ്രികരിച്ച് ഖുർആൻ പഠനകേന്ദ്രം, തെക്കത്ത് മൂസ, ഫാത്തിമ കുട്ടി സ്മാരക ട്രസ്റ്റ്, ലൈബ്രറി എന്നിവയുടെ ചുമതല വഹിച്ചു വരുകയായിരുന്നു.

ചെറുപ്രായത്തിൽ തന്നെ ആകാശവാണി റേഡിയോയിൽ സ്ഥിരമായി ഖുർആൻ പാരായണം നിർവഹിച്ചിരുന്നു. അബൂഉബൈദ് എന്ന തൂലിക നാമത്തിൽ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലപ്പുറം മുസ്ലിം യൂത്ത് ഹെൽപേയ്സ് സൊസൈറ്റി സ്ഥാപകൻ, ചന്ദ്രിക ദിനപത്രം റിപ്പോർട്ടർ, തലശ്ശേരി കടവത്തൂർ എരഞ്ഞീൻകീഴ് മദ്റസ, രാമപുരം സ്കൂൾപടി നൂറുൽ ഇസ്ലാം മദ്റസ, രാമപുരം ഹിന്ദു എൽ.പി സ്കൂൾ, കരിഞ്ചാപ്പാടി എൽ.പി സ്കൂൾ, മക്കരപറമ്പ ഉമറുൽ ഫാറൂഖ് മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തിരൂർ, പാങ്ങ്, അലനല്ലൂർ ജുമാമസ്ജിദുകളിൽ ഖതീബും ഇമാമുമായിട്ടുണ്ട്. മക്കരപറമ്പ മസ്ജിദ് ഉമറുൽ ഫാറൂഖ് കമ്മിറ്റി സ്ഥാപക കാല സെക്രട്ടറി, ഇമാം, മദ്റസ മാനേജ്മൻറ് അസോസിയേഷൻ സെക്രട്ടറി, തെക്കത്ത് ഫാമിലി നൂറാനിയ്യ ഫൗണ്ടേഷൻ ചെയർമാൻ, കേരള അറബിക്ക് ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാപക കാല ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

സോണിക്ക് ലൈറ്റ് ആൻഡ് സൗണ്ട്സ്, മക്കരപറമ്പ ഫ്ലോർ ഓയിൽ മിൽ എന്നിവയുടെ സ്ഥാപകനാണ്. 10 വർഷത്തോളം സൗദിയിലും ജോലി ചെയ്തിട്ടുണ്ട്. മക്കരപറമ്പ മഹല്ല് മസ്ജിദിൽ ദീർഘകാലം ഖതീബായിരുന്ന ദേശമംഗലം അസീസ് ഫൈസിയുടെ കിഴലെ ദർസിൽ സ്വഹീഹുൽ ബുഖാരി പഠനത്തിനായി പ്രായം തടസ്സമാകാത്ത വിദ്യാർഥിയായി ചേർന്നും ശ്രദ്ധേയനായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ നടന്ന അനുശോചന യോഗത്തിൽ മഹല്ല് ഖതീബ് മൗലവി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ അനുസ്മരണപ്രഭാഷണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.