അമീൻ സയാനി, ഹൃദയങ്ങളിൽ കൂടുകൂട്ടിയ ശബ്ദമാധുര്യം

മുംബൈ: കാണാമറയത്തിരുന്ന് ശബ്ദം കൊണ്ടുമാത്രം എത്രത്തോളം ആരാധകരെ നേടിയെടുക്കാൻ കഴിയും? അതിന് പരിധിയില്ലെന്ന് തെളിയിച്ചയാളാണ് ചൊവ്വാഴ്ച അന്തരിച്ച അമീൻ സയാനി. ശ്രുതിമധുരമായ ശബ്ദംകൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ റേഡിയോ അവതാരകനായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഇന്ത്യൻ ഭവനങ്ങൾ എല്ലാ ബുധനാഴ്ചകളിലും റേഡിയോയിലൂടെയുള്ള അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു.

കുട്ടിക്കാലം മുതലേ സർഗാത്മക അഭിരുചി പ്രകടിപ്പിച്ച സയാനി മാതാവ് കുൽസും പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാര മാസികയായ ‘രാഹ്ബറി’ൽ 13ാം വയസ്സിൽതന്നെ എഴുതിത്തുടങ്ങിയിരുന്നു. ഗാന്ധിയുടെ നിർദേശ പ്രകാരം കുൽസും ആരംഭിച്ചതാണ് ഈ പ്രസിദ്ധീകരണം. ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയ അദ്ദേഹം വൈകാതെതന്നെ ബോംബെ ആകാശവാണിയുടെ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചുതുടങ്ങി. റേഡിയോ അവതാരകനായിരുന്ന സഹോദരൻ ഹാമിദ് സയാനിയാണ് അദ്ദേഹത്തെ ആകാശവാണിക്ക് പരിചയപ്പെടുത്തിയത്. പത്തുവർഷത്തോളം അമീൻ അവിടെ ഇംഗ്ലീഷ് പരിപാടികൾ അവതരിപ്പിച്ചു. മധുരമായ ശബ്ദവും ആകർഷകമായ ശൈലിയും കൊണ്ട് അദ്ദേഹം പ്രേക്ഷകരെ വശീകരിച്ചു. ലളിതമായ ഭാഷാ പ്രയോഗങ്ങളിലൂടെയാണ് ജനഹൃദയങ്ങളിൽ വാസമുറപ്പിച്ചത്.

ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിലും മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജിലുമാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ആകാശവാണിയുടെ ഹിന്ദി വിഭാഗത്തിൽ ഓഡിഷനിൽ പങ്കെടുത്തെങ്കിലും നേരിയ ഗുജറാത്തി ഉച്ചാരണം കാരണം അവസരം ലഭിച്ചില്ല.

ശൃംഗാരവും അശ്ലീലവുമെന്ന് പറഞ്ഞ് 1952ൽ അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ബി.വി. കേസ്കർ ആകാശവാണിയിൽ സിനിമാ ഗാനങ്ങൾ നിരോധിച്ചത് അമീൻ സയാനിക്ക് അനുഗ്രഹമായെന്ന് പറയാം. ആകാശവാണി ഹിന്ദി ഗാനങ്ങൾ ഉപേക്ഷിച്ചപ്പോൾ അത് മുതലെടുത്തത് കൊളംബോയിലെ റേഡിയോ സിലോൺ ആണ്. പ്രശസ്തമായ 10 ഇംഗ്ലീഷ് ഗാനങ്ങൾ അവതരിപ്പിക്കുന്ന ‘ഹിറ്റ് പരേഡ്’ എന്ന പരിപാടി റേഡിയോ സിലോണിൽ വൻ ജനപ്രീതി നേടി.

ഹിന്ദിയിലും ഇത്തരമൊരു പരിപാടി വേണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കത്തുകളാണ് റേഡിയോ സിലോണിന് ലഭിച്ചത്. തുടർന്ന് റേഡിയോ സിലോണിന്റെ കൊമേഴ്സ്യൽ സർവിസസ് ഡയറക്ടറായ ക്ലിഫോർഡ് ദോഡ് പരിപാടി അവതരിപ്പിക്കാൻ അമീൻ സയാനിയെ സമീപിച്ചു. ബിനാക ഗീത് മാല എന്ന് പേരിട്ട ആദ്യ പരിപാടിക്ക് 25 രൂപയായിരുന്നു പ്രതിഫലം. തപാലിലൂടെ പ്രതികരണമറിയിക്കാനുള്ള മത്സരപരിപാടിയിൽ ആദ്യ ആഴ്ചതന്നെ 9,000 കത്തുകളാണെത്തിയത്. പരമാവധി 50 കത്തുകളാണ് അവതാരകൻ പ്രതീക്ഷിച്ചിരുന്നത്.

ആരാധികമാരുടെ കത്തുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ പ്രതിവാരം എത്തുന്ന കത്തുകളുടെ എണ്ണം 60,000 ആയി. അമീൻ സയാനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതും അവതരിപ്പിക്കുന്നതുമെല്ലാം സയാനി തന്നെയായിരുന്നു. ഏഷ്യയിലും കിഴക്കൻ ആഫ്രിക്കയിലുമായി 12 കോടിയോളം ശ്രോതാക്കളാണ് ഈ പരിപാടിക്കുണ്ടായിരുന്നത്.

1988ൽ ബിനാക ഗീത് മാല ആകാശവാണി വിവിധ് ഭാരതിയുടെ ഭാഗമായപ്പോഴും സയാനി തുടർന്നു. ഓരോ ശ്രോതാവിനോടും നേരിട്ട് സംസാരിക്കുന്നതായി അവർക്ക് തോന്നണമെന്നാണ് താൻ ആഗ്രഹിച്ചതെന്ന് സയാനി പിൽക്കാലത്ത് അഭിമുഖത്തിൽ പറഞ്ഞു. അത് ഒരു ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു. തന്റെ പരിപാടി ഒരു പ്രതിഭാസമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും അവിശ്വസനീയമായ കാലമായിരുന്നു അതെന്നും അദ്ദേഹം ഓർത്തെടുത്തു.

1960-62 കാലത്ത് ടാറ്റ ഓയിൽ മിൽസ് ലിമിറ്റഡിൽ ബ്രാൻഡ് എക്സിക്യൂട്ടിവായി സയാനി ജോലി ചെയ്തിരുന്ന കാര്യം അധികമാർക്കും അറിയില്ല.

Tags:    
News Summary - Ameen Sayani, iconic radio presenter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.