ആയിരങ്ങൾക്ക് തണലായ പിതൃവാത്സല്യം

മനുഷ്യജീവിതത്തിൽ ചില സമാഗമങ്ങളുണ്ട്; ഒരു വ്യക്തിയുടെ വഴിത്തിരിവിനെ മാത്രമല്ല, അനേകായിരം മനുഷ്യരുടെ തലവരയെത്തന്നെ തിരുത്തിക്കുറിക്കുന്ന അപൂർവ കണ്ടുമുട്ടലുകൾ. എന്റെ ജീവിതത്തിൽ അത്തരമൊരു ദിവ്യനിമിഷമായിരുന്നു മമ്മുണ്ണി മൗലവിയുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം ഒരു തണൽമരമായി, പിതാവായി, വഴികാട്ടിയായി എന്നെ ചേർത്തുപിടിച്ച ആ മഹാമനുഷ്യൻ വിടവാങ്ങിയിരിക്കുന്നു. അനാഥത്വത്തിന്റെ തുരുത്തിൽ നിന്ന് സിവിൽ സർവിസിന്റെ ഉന്നതങ്ങളിലേക്ക് ഞാൻ നടന്നു കയറിയ ഓരോ ചുവടിലും ആ പിതൃസ്പർശത്തിന്റെ സ്നേഹവും കരുതലുമുണ്ടായിരുന്നു.

വാടാനപ്പള്ളിയും പുതിയ പ്രഭാതവും

1986ലാണ് മമ്മുണ്ണി മൗലവി വാടാനപ്പള്ളി ഇസ്‍ലാമിയ കോളജിന്റെയും ഓർഫനേജിന്റെയും നേതൃത്വം ഏറ്റെടുക്കുന്നത്. അന്ന് ഞാൻ അവിടെ ഒരു അന്തേവാസിയായി പ്രീഡിഗ്രി (AIC) ക്ക് പഠിക്കുകയാണ്. ആ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും നാളുകളായിരുന്നു അത്. ദൈനംദിന ജീവിതത്തെ മുന്നോട്ടുനയിക്കാൻ വലിയ പ്രയാസം എല്ലാവരും അനുഭവിച്ചു കൊണ്ടിരുന്ന സന്ദർഭം. എന്നാൽ, മൗലവിയുടെ വരവ് ആ സ്ഥാപനത്തിന്റെ ചരിത്രം മാറ്റിയെഴുതി. വെറുമൊരു ഭരണാധികാരിയോ പ്രിൻസിപ്പലോ ആയിട്ടല്ല അദ്ദേഹം അവിടെ വന്നത്; മറിച്ച് സ്വന്തം ചോരയിൽ പിറന്ന മക്കളെപ്പോലെ അനാഥക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുവെക്കുന്ന സ്നേഹനിധിയായ ഒരു ബാപ്പയായിട്ടായിരുന്നു. അഭയം നഷ്ടപ്പെട്ട ഞങ്ങളുടെ കണ്ണീരൊപ്പാൻ അദ്ദേഹം സ്വയം ഉരുകിത്തീർന്നു.

വാടാനപ്പള്ളിയിലെ മൺതരികളിൽനിന്ന് ആരംഭിച്ച ആ നവോത്ഥാനം, ആധുനിക സൗകര്യങ്ങളോടുകൂടിയ ഉന്നത വിദ്യാഭ്യാസ-ആതുരസേവന സമുച്ചയങ്ങളായി വളർന്നു പന്തലിക്കുന്നതിന് ഞങ്ങൾ സാക്ഷികളായി. ‘ഞാൻ നിങ്ങൾക്ക് ബാപ്പയാണ്’ എന്ന് മൗലവി ഒരിക്കലും അധരങ്ങൾ കൊണ്ട് വിളിച്ചുപറഞ്ഞില്ല. മറിച്ച്, കർമം കൊണ്ടും അനിതരസാധാരണമായ സ്നേഹവാത്സല്യങ്ങൾ കൊണ്ടും ആ പിതൃത്വം അദ്ദേഹത്തിൽനിന്ന് ഞങ്ങൾ അനുഭവിച്ചു. ഞങ്ങളുടെ പട്ടിണി അദ്ദേഹത്തിന്റെ വിശപ്പായിരുന്നു, ഞങ്ങളുടെ അസുഖങ്ങൾ അദ്ദേഹത്തിന്റെ ആധിയായിരുന്നു, ഞങ്ങളുടെ ചെറിയ വിജയങ്ങൾ പോലും അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പടർത്തി.

കഠിനമായ ജീവിത സാഹചര്യങ്ങളിൽ പതറിപ്പോകുമായിരുന്ന എന്നെ ചേർത്തുപിടിച്ച്, ‘നിനക്ക് മുന്നേറാനാകും’ എന്ന ആത്മവിശ്വാസം പകർന്നുതന്നത് മൗലവിയാണ്. പഠനത്തിൽ എനിക്കുണ്ടായ ഓരോ നേട്ടത്തിന് പിന്നിലും ആ സ്നേഹനിധിയുടെ മാർഗനിർദേശവും പ്രാർഥനയുമുണ്ടായിരുന്നു. സിവിൽ സർവിസിലെത്തി, പിന്നീട് ഐ.എ.എസ് ഉദ്യോഗസ്ഥനായി ഞാൻ ചുമതലയേൽക്കുമ്പോൾ എനിക്കൊപ്പം അഭിമാനത്തോടെയും ചാരിതാർഥ്യത്തോടെയും നിന്നത് ഈ വലിയ മനുഷ്യനായിരുന്നു. എന്നെപ്പോലെ അനാഥത്വത്തിന്റെ വറുതിയിൽനിന്ന് ജീവിതം കരുപ്പിടിപ്പിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയത് അദ്ദേഹത്തിന്റെ വലിയ മനസ്സാണ്.

അതിരുകളില്ലാത്ത കാരുണ്യം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക്

കേരളത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല മൗലവിയുടെ സ്നേഹവാത്സല്യം. ഇന്ത്യയിലെ ഏറ്റവും ദരിദ്രവും പാർശ്വവത്കരിക്കപ്പെട്ടതുമായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് ആ നനുത്ത കരങ്ങൾ നീണ്ടുചെന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത കുഗ്രാമങ്ങളെ അദ്ദേഹം ദത്തെടുത്തു. അവിടെ പ്രാഥമിക വിദ്യാലയങ്ങളും അനാഥാലയങ്ങളും ആതുരാലയങ്ങളും പണിതുയർത്തി. ദാഹജലമില്ലാതെ കിലോമീറ്ററുകൾ താണ്ടിയിരുന്ന ഗ്രാമീണർക്ക് കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി; പട്ടിണി മാറ്റാൻ ഉപജീവനമാർഗങ്ങൾ തുറന്നുകൊടുത്തു. സ്വന്തം അനാരോഗ്യമോ പ്രായാധിക്യമോ വകവെക്കാതെ, രാപ്പകൽ ഭേദമന്യേ കൊടുംതണുപ്പിലും പൊരിവെയിലിലും നിരാലംബർക്കുവേണ്ടി അദ്ദേഹം ഓടിനടന്നു. പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇത്രമേൽ ഉരുകിയൊലിച്ച മറ്റൊരു മനുഷ്യസ്നേഹിയെ കാണുക പ്രയാസമാണ്.

ഭൗതികമായ ഒരു സമ്പാദ്യവും ബാക്കിവെക്കാതെയാണ് മൗലവി യാത്രയായത്. അദ്ദേഹത്തിന്റെ തണലിൽ വളർന്ന് ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആത്മാഭിമാനത്തോടെ ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരാണ് അദ്ദേഹം വിട്ടേച്ചുപോകുന്ന ഏറ്റവും വലിയ നിധി.

ജീവിതത്തിന്റെ ഏത് ഉന്നതിയിൽ എത്തുമ്പോഴും എനിക്ക് തിരിഞ്ഞുനോക്കാൻ ഒരു തറവാടുണ്ട്, വാടാനപ്പള്ളി ! മമ്മുണ്ണി മൗലവിയുടെ നെഞ്ചിലെ സ്നേഹക്കടൽ! ആ പിതൃവാത്സല്യത്തിന്റെ തണൽ നഷ്ടപ്പെട്ടത് ഒരു തീരാവേദനയാണ്. എങ്കിലും, അദ്ദേഹം പകർന്നുതന്ന ആദർശശുദ്ധിയും മനുഷ്യസ്നേഹവും മുന്നോട്ടുള്ള ജീവിതത്തിൽ എന്നും വഴികാട്ടിയായി കൂടെയുണ്ടാകും.

Tags:    
News Summary - A Father's Shade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.