ഭീതിയുടെ ഇടനാഴികൾ കടന്നൊരു സഞ്ചാരം

മണിച്ചിത്രത്താഴ് സിനിമയിൽ പ്രേക്ഷകനെ കൂടുതലായി ഭീതിപ്പെടുത്തിയതെന്തായിരിക്കും? പലർക്കും വ്യത്യസ്ത ഉത്തരമാണെങ്കിലും സ്വന്തമായി ചിന്തിച്ചപ്പോൾ തോന്നിയ ഉത്തരം ഏകാന്തമായ ഇടങ്ങളും നീണ്ട ഇടനാഴികളും അതിലെ കനത്ത നിശ്ശബ്ദതയും പതിഞ്ഞൊഴുകിയ താളവും എന്നായിരുന്നു.

‘ആളൊഴിഞ്ഞ ഇടങ്ങളിലെ വിചിത്രമായ ഏകാന്തത’ എന്ന ആശയത്തെ എത്ര കൃത്യമായാണ് മണിച്ചിത്രത്താഴിൽ ഫാസിൽ അടയാളപ്പെടുത്തിയത്. സിനിമ കണ്ടതിനുശേഷവും അതിലെ ഏകാന്തതയും ഒറ്റപ്പെട്ട ഇടങ്ങളും നിശ്ശബ്ദതയും നമുക്കുള്ളിൽതന്നെ പതിഞ്ഞുനിൽക്കുന്നുണ്ട്.

ഇന്റർനെറ്റ് യുഗത്തിലെ ഏറ്റവും കുപ്രസിദ്ധമായ ‘ലിമിനൽ സ്പേസ്’ (Liminal Space) എന്ന ആശയത്തെ മുൻനിർത്തി കെയ്ൻ പാർസൺസ് (Kane Parsons) സംവിധാനം ചെയ്ത സിനിമയാണ് ‘ബാക്ക്റൂംസ്’ (Backrooms). പുതിയ കാലത്തെ ഏകാന്തതയും ഒറ്റപ്പെടലും ഭീതിയുമാണ് ഈ സിനിമയുടെ ഇതിവൃത്തം. മനുഷ്യർ സാധാരണയായി കാണാൻ ആഗ്രഹിക്കുന്ന ആളുകളോ ബഹളങ്ങളോ ഇല്ലാതെ, വിജനമായി കിടക്കുന്ന ഇടങ്ങളെയാണ് ‘ലിമിനൽ സ്പേസ്’ കൊണ്ട് അർഥമാക്കുന്നത്.

ഇന്റർനെറ്റിൽ ജന്മമെടുത്ത ഏറ്റവും വലിയ ‘ലിമിനൽ സ്പേസ്’ (ഏകാന്ത ഇടം) പ്രതിഭാസമാണ് ‘ബാക്ക്റൂംസ്’. മഞ്ഞനിറത്തിലുള്ള ഇടനാഴികൾ നിറഞ്ഞ സമാന്തര ലോകമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യവാസമില്ലാത്ത അനന്തമായി നീണ്ടുകിടക്കുന്ന മഞ്ഞനിറം പൂശിയ ചുവരുകളും, നനഞ്ഞ കാർപെറ്റിട്ട തറയും, നിരന്തരമായി മുഴങ്ങുന്ന ട്യൂബ് ലൈറ്റുകളുടെ ശബ്ദവും മാത്രമാണ് ഇവിടെയുള്ളത്. ഇതിന് ഒരറ്റമില്ല. നമ്മൾ മുന്നോട്ട് പോകുന്തോറും ഒരേപോലെയുള്ള മുറികളും ഇടനാഴികളും വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും.

ഒരു വൈറൽ ആശയത്തെ സിനിമയായി വികസിപ്പിക്കുമ്പോൾ സംഭവിക്കുന്ന അടിസ്ഥാനമായ അനിശ്ചിതത്വവും ഭീതി നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ, ‘ബാക്ക്റൂംസ്’ (Backrooms) ഈ വെല്ലുവിളിയെ പൂർണമായി അതിജീവിക്കുന്നുണ്ടെന്ന് പറയാനാവില്ലെങ്കിലും അതിന്റെ ദൃശ്യഭാഷയും ശബ്ദസങ്കൽപവും ആഖ്യാനാത്മകമായ ആത്മവിശ്വാസവും പലപ്പോഴും ആ പരിമിതികൾക്കുമീതെ ഉയർന്നുതന്നെ നിൽക്കുന്നതായി കാണാം.

ഭീതിയെ നേരിട്ട് പ്രേക്ഷക ചിന്തയിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനുപകരം, അതിനെ പതിയെ അന്തരീക്ഷത്തിൽ കലർത്തിവിടുകയാണ് സംവിധായകൻ ചെയ്യുന്നത്. സിനിമയുടെ ഏറ്റവും ശക്തമായ നിമിഷങ്ങൾ സംഭാഷണങ്ങളിലോ വിശദീകരണങ്ങളിലോ അല്ല, മറിച്ച് ദൃശ്യങ്ങളിലും ശബ്ദങ്ങളിലും അവക്കിടയിലെ നിശ്ശബ്ദതകളിലുമാണ് രൂപപ്പെടുന്നത്.

പ്രേക്ഷകനെ നിരന്തരമായ ജംപ്-സ്കെയറുകളാൽ (ഹൊറർ സിനിമകളിൽ പ്രേക്ഷകരെ പെട്ടെന്ന് ഞെട്ടിക്കാൻ ഉപയോഗിക്കുന്ന തന്ത്രം) കീഴടക്കാനുള്ള ശ്രമം സംവിധായകൻ ഇതിൽ നടത്തുന്നില്ല. പകരം, സ്വാഭാവികമായി വളരുന്ന അസ്വസ്ഥതയാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. പരിചിതമെന്ന് തോന്നുന്ന ഇടങ്ങൾ ക്രമേണ അപരിചിതവും ഭീഷണിജനകവുമായി മാറുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തമായി അറിയാത്ത അവസ്ഥ. ആ നീണ്ടുനിൽക്കുന്ന അസ്വസ്ഥതയാണ് ചിത്രത്തിന്റെ ഭൂരിഭാഗം സമയത്തെയും താങ്ങിനിർത്തുന്ന പ്രധാന ശക്തി.

ഈ അമൂർത്തമായ ലോകത്തിന് മാനുഷികമായ അടിത്തറ നൽകുന്നതിൽ അഭിനേതാക്കളുടെ പ്രകടനങ്ങൾ നിർണായകമാണ്. ചിവെറ്റെൽ എജിയോഫോർ (Chiwetel Ejiofor) തന്റെ സ്വാഭാവികമായ ഗൗരവവും വൈകാരിക ആധികാരികതയും കഥാപാത്രത്തിലേക്ക് പകരുന്നു. അതിലൂടെ ചിത്രത്തിലെ ശാന്തമായ നിമിഷങ്ങൾക്കുപോലും ഒരു അദൃശ്യഭാരം ലഭിക്കുന്നതായി കാണാം. റെനാതെ റെയ്ൻസ്വിന്റെ (Renate Reinsve) പ്രകടനത്തിലും നിയന്ത്രിതമായ തീവ്രത കാണാം. കഥയുടെ വൈകാരിക ആവശ്യങ്ങളെ അതിരുകടന്ന പ്രകടനങ്ങളിലേക്ക് തള്ളിവിടാതെ, വിശ്വാസ്യതയോടെയും സംയമനത്തോടെയും അവർ തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെറിയൊരു വേഷത്തിൽ എത്തുന്ന മാർക്ക് ഡുപ്ലസും (Mark Duplass) ശ്രദ്ധേയമായ സാന്നിധ്യമാണ്.

ചിത്രത്തിന്റെ സ്വരശൈലി എന്താണെന്ന് കൃത്യമാക്കി മനസ്സിലാക്കിയുള്ള അഭിനയമാണ് സിനിമയെ കൂടുതൽ മെച്ചപ്പെടുത്തുന്നത്. അസാധാരണമായ സംഭവങ്ങൾ അരങ്ങേറുമ്പോഴും ആരും അതിനെ അമിത ഭാവത്തോടെ അവതരിപ്പിക്കുന്നില്ല. സിനിമ അതിന്‍റെ യാഥാർഥ്യത്തിന്റെ അതിരുകൾ കടന്ന് കൂടുതൽ വിചിത്രമായ പ്രദേശങ്ങളിലേക്ക് നീങ്ങുമ്പോഴും കഥാപാത്രങ്ങളുടെ പ്രതികരണങ്ങൾ വിശ്വസനീയമായിത്തന്നെ പ്രേക്ഷകനു തോന്നും.

സാധാരണവും നിസ്സാരവുമായ ചുറ്റുപാടുകളെ പോലും ആഴത്തിൽ അസ്വസ്ഥമാക്കുന്ന ദൃശ്യാനുഭവങ്ങളാക്കി മാറ്റാനുള്ള അപൂർവമായ കഴിവ് സംവിധായകൻ പാർസൺസിനുണ്ട്. ഇടങ്ങൾ ഇവിടെ വെറും പശ്ചാത്തലങ്ങളല്ല; അവ സിനിമയിലെ കഥാപാത്രങ്ങളായി മാറുന്നു. നിർമാണ രൂപകൽപനയും ഛായാഗ്രഹണവും പരസ്പരം പൂരിപ്പിച്ചുകൊണ്ട്, പ്രേക്ഷകന്റെ മനസ്സിൽ പതിഞ്ഞുനിൽക്കുന്ന നിരവധി ദൃശ്യങ്ങൾ സൃഷ്ടിക്കുന്നു. ശൂന്യതക്കും ആവർത്തനത്തിനും ഒരേപോലെയുള്ള ഇടനാഴികൾക്കുപോലും ഇവിടെ ഒരു മാനസിക അർഥം ലഭിക്കുന്നു.

ശബ്ദരൂപകൽപനയും പ്രത്യേക പ്രശംസ അർഹിക്കുന്നു. പലപ്പോഴും തിരക്കഥക്ക് സാധിക്കാത്തത്ര ശക്തമായി ശബ്ദമാണ് ഭീതി സൃഷ്ടിക്കുന്നത്. ദൂരെയൊരിടത്തുനിന്ന് കേൾക്കുന്ന ഒരു ശബ്ദം, അസ്വാഭാവികമായ നിശ്ശബ്ദത, ഇടവിട്ട് എത്തുന്ന യന്ത്രങ്ങളുടെ മുഴക്കം -ഇവയെല്ലാം ചേർന്ന് ദൃശ്യങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു ഭയാനക ലോകം രൂപപ്പെടുന്നതായി കാണാം. ദൃശ്യത്തിനപ്പുറത്ത് ശബ്ദങ്ങളാണ് ചിത്രത്തെ കൂടുതൽ ഭയപ്പെടുത്തുന്നതെന്ന കേമത്തരം എടുത്തുപറയേണ്ടതാണ്.

എന്നിരുന്നാലും, ഒരു ഫീച്ചർ-ലെങ്ത് സിനിമ എന്ന നിലയിൽ ഈ ചിത്രം നേരിടുന്ന പ്രധാന പ്രതിസന്ധി അതിന്റെ ആഖ്യാനഗതിയാണ്. ആരംഭത്തിൽ സ്ഥാപിക്കുന്ന കൗതുകവും പിരിമുറുക്കവും മുഴുവൻ സമയത്തും അതേ തീവ്രതയിൽ നിലനിർത്താനാകുന്നില്ല. ചില ഭാഗങ്ങൾ ആവർത്തനമായും തോന്നിപ്പോകും. നല്ല വേഗതയിൽ നീങ്ങുന്ന സിനിമ പെട്ടെന്ന് അനാവശ്യമായി മന്ദഗതിയിലാകുന്നത് അതിന്‍റെ കാഴ്ച ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇന്‍റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു വിഷയത്തെ ആസ്പദമാക്കി സിനിമയൊരുക്കുന്നതിലെ വെല്ലുവിളിയെന്നുപറഞ്ഞ് ഇത്തരം കുറ്റങ്ങളെ മൂടിവെക്കാവുന്നതാണ്. ആശയത്തിന്റെ മുഴുവൻ സാധ്യതകളും, അത് പൂർണമായി സാക്ഷാത്കരിച്ചിട്ടില്ലെങ്കിലും, അതിന്റെ ദൃശ്യഭാവന, ശബ്ദസങ്കൽപം, അഭിനേതാക്കളുടെ നിയന്ത്രിതമായ പ്രകടനങ്ങൾ എന്നിവയെല്ലാം ചേർന്ന് ‘ബാക്ക്റൂംസ്’ (Backrooms) നെ വ്യത്യസ്തമായ ഒരു ഹൊറർ അനുഭവമാക്കി മാറ്റുന്നുണ്ടെന്ന് നിസ്സംശയം പറയാം.

Tags:    
News Summary - The Corridors of Fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.