വിഷാദത്തിന്റെ സ്മൃതിലയകൾ
അർജന്റീനയിലെ നോവലിസ്റ്റായ ക്ലോഡിയ പിനെയ്റോയുടെ പുതിയ നോവൽ, ‘കത്തീഡ്രൽസ്’ (Cathedrals) വായിക്കുന്നു. മുപ്പതു വർഷങ്ങൾക്കിപ്പുറം വലിയ ഒരു രഹസ്യത്തിന്റെ ചുരുളഴിയുന്ന, നിഗൂഢത നിറഞ്ഞ അന്തരീക്ഷമാണ് നോവൽ അനാവരണം ചെയ്യുന്നത്. ഉറ്റവരെ അവിചാരിതമായി നഷ്ടപ്പെടുകയും എങ്ങനെയാണ് അവർക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്നും നോവലിൽ പറയുന്നു. ഉദ്വേഗവും ദുരൂഹതയും നിറഞ്ഞ ആഖ്യാനങ്ങളുടെ രചയിതാവ് എന്ന...
അർജന്റീനയിലെ നോവലിസ്റ്റായ ക്ലോഡിയ പിനെയ്റോയുടെ പുതിയ നോവൽ, ‘കത്തീഡ്രൽസ്’ (Cathedrals) വായിക്കുന്നു. മുപ്പതു വർഷങ്ങൾക്കിപ്പുറം വലിയ ഒരു രഹസ്യത്തിന്റെ ചുരുളഴിയുന്ന, നിഗൂഢത നിറഞ്ഞ അന്തരീക്ഷമാണ് നോവൽ അനാവരണം ചെയ്യുന്നത്. ഉറ്റവരെ അവിചാരിതമായി നഷ്ടപ്പെടുകയും എങ്ങനെയാണ് അവർക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്നും നോവലിൽ പറയുന്നു.
ഉദ്വേഗവും ദുരൂഹതയും നിറഞ്ഞ ആഖ്യാനങ്ങളുടെ രചയിതാവ് എന്ന നിലയിൽ പ്രസിദ്ധയാണ് അർജന്റീനയിലെ നോവലിസ്റ്റായ ക്ലോഡിയ പിനെയ്റോ. ആകാംക്ഷയും സന്ദേഹവും നിറഞ്ഞ സമസ്യകളുടെ നിർധാരണമാണ് അവർ നോവലുകളിലൂടെ നിർവഹിക്കുന്നത്. ക്ലോഡിയ പിനെയ്റോയുടെ പുതിയ നോവലായ, ‘കത്തീഡ്രൽസി’ലും (Cathedrals) നിഗൂഢത നിറഞ്ഞ അന്തരീക്ഷമാണ് അനാവരണം ചെയ്യുന്നത്. ‘കത്തീഡ്രൽസ്’ സ്പാനിഷിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഫ്രാൻസെസ് റിഡിൽ ആണ്.
നഷ്ടപ്പെട്ടുപോയ കാലം തിരികെ വരുന്നത് ഏഴാകാശങ്ങൾക്കും അപ്പുറത്തുനിന്നാവുമെന്നത് കാവ്യാത്മകമായ സങ്കൽപമാണ്. അത്തരത്തിലൊരു മടങ്ങിവരവ് സാധ്യമാവുന്നത് ഏതെങ്കിലും ഒരു വ്യക്തിയിലൂടെയാവും. എന്നാൽ, ഇവിടെ പല വ്യക്തികൾ ഒരു കാലത്തെ തിരികെ കൊണ്ടുവരുകയാണ്. ഈ നോവലിൽ മുപ്പതു വർഷങ്ങൾക്കിപ്പുറം വലിയ ഒരു രഹസ്യത്തിന്റെ ചുരുളഴിയുന്നു. ഉറ്റവരെ അവിചാരിതമായി നഷ്ടപ്പെടുകയും എങ്ങനെയാണ് അവർക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്.
ബ്വേനസ് എയ്റിസിന്റെ തിരക്കൊഴിഞ്ഞ ഒരു പ്രാന്തപ്രദേശത്ത്, ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ട് കത്തിക്കരിഞ്ഞ സ്ഥിതിയിൽ കണ്ടെത്തിയ പതിനേഴുകാരിയായ അന സർദയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ഈ നോവൽ വികസിക്കുന്നത്. കാർമൻ, അന, ലിയ എന്നീ മൂന്ന് സഹോദരിമാരിൽ രണ്ടാമത്തവളായ അനക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി ജീവിതംതന്നെ ഇല്ലാതാക്കുന്ന വിധത്തിൽ ഗൗരവമായി തീർന്നിരുന്നു. അനയുടെ മരണം ചരിത്ര അധ്യാപകനായിരുന്ന അച്ഛൻ ആൽഫ്രെഡോ സർദയും അമ്മ ഡോളറേസും അടങ്ങിയ അവളുടെ മധ്യവർഗ കത്തോലിക്കാ കുടുംബത്തെ ക്രമേണ തകർത്തു. അനയുടെ ദുര്യോഗത്തെ പറ്റി ആൽഫ്രെഡോ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിച്ച കാലത്തോളം ചോദിച്ചുകൊണ്ടേയിരുന്നു.
ജീവിതത്തിൽ ഉരുത്തിരിയുന്ന ചില സന്ദിഗ്ധഘട്ടങ്ങൾ ഭാവിയെയും ഉറ്റവരെയും ബാധിക്കുന്നതിന്റെ വിഷാദാധ്യായങ്ങളാണ് നോവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രാഥമികമായി ഒരു കുറ്റാന്വേഷണകഥയായി ആണ് അവതരിപ്പിക്കുന്നതെങ്കിലും നോവലിന്റെ മാനങ്ങൾ പലതലത്തിലേക്ക് വളരുന്നു എന്ന് അധികം വൈകാതെ ബോധ്യപ്പെടും. ധാർമികതയും മതകഥയും തമ്മിലുള്ള സംവാദവും ഉരസലും ആഖ്യാനത്തിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ലൈംഗികതയും ഗർഭധാരണവും വൈവാഹികബന്ധവും കത്തോലിക്കാ വിശ്വാസ സംഹിതയും മറ്റും പ്രമേയപരിസരങ്ങളായി വരുന്നു. മനോഹരമായ ഒരു ഭദ്രാസനപ്പള്ളിക്ക് സമാനമായ ശാന്തിയും സ്വാസ്ഥ്യവും വെച്ചുപുലർത്തിയിരുന്ന കുടുംബത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുന്ന കാഴ്ചയാണ് നോവലിൽ അവതരിപ്പിക്കുന്നത്. ധാർമികമായ ഘടനയിൽ കെട്ടിയുയർത്തിയ ഒരു വ്യവസ്ഥക്ക് വിനാശം സംഭവിക്കുന്നതിന്റെ ദൃഷ്ടാന്തമായി ആഖ്യാനത്തിലെ സന്ദർഭങ്ങൾ പ്രത്യക്ഷപ്പെടുന്നു.
പ്രസ്തുത ചട്ടക്കൂടിന്റെ ക്രമത്തിന് വൈരുധ്യങ്ങൾ ഉണ്ടാവുന്നതോടെ മനുഷ്യരുടെ (കുടുംബത്തിന്റെ) സമനില തെറ്റുകയാണ്. ശാന്തവും സ്വച്ഛവുമായ ഉപരിതലവും കലങ്ങിമറിഞ്ഞതും കലുഷിതവുമായ ഉള്ളൊഴുക്കും ചേർന്നതാണ് കുടുംബം (പള്ളിയും) എന്ന ചിത്രമാണ് ആഖ്യാനം വരച്ചുകാണിക്കുന്നത്. പ്രക്ഷുബ്ധവും നിറംകെട്ടതുമായ ചുറ്റുപാടുകൾ അങ്ങനെ ഉരുണ്ടുകൂടുകയാണ്. മതപരമായ വിശ്വാസപ്രമാണങ്ങൾ വ്യക്തിപരമായ തീരുമാനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുടെ ശരീരവും ലൈംഗികതയുമായി ബന്ധപ്പെട്ടവയെ, എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ നോവൽ പരിശോധിക്കുന്നു. മകളുടെ മരണത്തെ വിധിയുടെ വിളയാട്ടമായി കാണാതെ അതിന്റെ പിന്നിലുള്ള സത്യത്തെ ഖനനം ചെയ്തെടുക്കുന്ന അച്ഛന്റെ ഇച്ഛാശക്തിയാണ് നോവലിനെ മുന്നോട്ടുനയിക്കുന്നത്.
ഇക്കാലയളവിൽ ആകുലമെങ്കിലും പ്രജ്ഞയും അൻപും നിശ്ചലമാവാതെ മകൾക്ക് സംഭവിച്ചതെന്തെന്നറിയാനുള്ള അന്വേഷണം നടത്തിയ അദ്ദേഹത്തിന്റെ മാനസികാവസ്ഥ കഠിനമാണ്. കരുണയുടെ നീർനിലങ്ങളെ തേടുന്ന മനുഷ്യനായി അയാൾ മാറിത്തുടങ്ങി. മരിച്ചുപോയ മകളോടും അവൾക്ക് ജനിക്കുമായിരുന്ന കുഞ്ഞിനോടുമുള്ള മനുഷ്യത്വം അങ്ങേയറ്റം വഴിഞ്ഞൊഴുകുന്ന വാത്സല്യനിധിയായി അയാൾ മാറുകയായിരുന്നു.
ആൽെഫ്രഡോ സർദ എന്ന മുത്തച്ഛനും മാറ്റിയോ എന്ന കൊച്ചുമകനും തമ്മിലുള്ള ബന്ധം നോവലിനെ ചടുലമാക്കുന്ന ഘടകമാണ്. മൂത്ത മകളായ കാർമെന്റെ മകനായ മാറ്റിയോയുമായി ആൽെഫ്രഡോ സർദക്ക് നല്ല അടുപ്പമുണ്ടായി. കത്തോലിക്കാ മതത്തിന്റെ ഭൗതിക ബിംബങ്ങളായ പള്ളികൾ സന്ദർശിക്കാനായി മാറ്റിയോയെ ആൽെഫ്രഡോ സ്നേഹബുദ്ധ്യാ നിർബന്ധിക്കുന്നുണ്ട്.
ആൽഫ്രെഡോയുടെ ചെറുമകൻ എന്നതിലുപരി വലിയൊരു പങ്കാണ് ആഖ്യാനത്തിൽ മാറ്റിയോക്കുള്ളത്. അടുത്ത തലമുറയെ പ്രതിനിധാനം ചെയ്യുന്ന അവനിലൂടെ, കുടുംബത്തെ ഉലച്ച ഒരു ആഘാതത്തിനു കാരണമായ യഥാർഥ സംഭവം അനാവരണം ചെയ്യാൻ ആൽെഫ്രഡോ ശ്രമിക്കുന്നത്. അർഹിക്കുന്ന പ്രാധാന്യത്തോടെ അത് അവൻ ഏറ്റെടുക്കുകയുമാണ്. എന്നാൽ തങ്ങളുടെ മകനായ മാറ്റിയോ എന്താണ് വിശ്വസിക്കേണ്ടതെന്നും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും തീരുമാനിക്കാൻ മാതാപിതാക്കളായ കാർമെനും ജൂലിയനും ശ്രമിക്കുന്നു. ഇത് അവനിൽ വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
അച്ഛനമ്മമാർ തനിക്കായി രൂപപ്പെടുത്തിയെടുത്ത വ്യക്തിത്വത്തിൽനിന്ന് അകന്നുള്ള ഒരു ജീവിതമാണ് മാറ്റിയോ കാംക്ഷിച്ചത്. ഇതിന്റെ ഭാഗമായി ആൽഫ്രെഡോയും മാറ്റിയോയും ചേർന്നാണ് കത്തീഡ്രലിലേക്കുള്ള ഒരു തീർഥാടനം ആസൂത്രണം ചെയ്തത്. തന്റെ മരണശേഷം മാറ്റിയോ ആ യാത്ര വിജയകരമായി പൂർത്തിയാക്കണമെന്ന് ആൽെഫ്രഡോ ഇച്ഛിക്കുന്നു. ഏറ്റവും ഒടുവിൽ സ്പെയിനിലെ സാന്റിയാഗോ ഡി കോംപോസ്റ്റെലയിൽ എത്തിച്ചേർന്ന് ചെറിയമ്മയായ ലിയയെ കാണുമെന്ന് മാറ്റിയോയെക്കൊണ്ട് ആൽഫ്രെഡോ പ്രതിജ്ഞ ചെയ്യിക്കുന്നുമുണ്ട്. ഇതൊരു സ്വയം കണ്ടെത്തലിന്റെ യാത്രയായി അവർ കാണുന്നു. അങ്ങനെ കത്തീഡ്രൽ എന്ന വാക്കിന്റെ അർഥംതന്നെ മാറുകയാണ്.
ആൽെഫ്രഡോ നൽകിയ കത്തുകൾ മാറ്റിയോ കൈവശം കരുതുന്നുണ്ട്. അതിൽ അവനും ലിയയും ചേർന്ന് വായിക്കേണ്ട ഒരു കത്തും ഉൾപ്പെടുന്നു. അങ്ങനെ യാത്രക്ക് അവസാനം അവൻ ചെറിയമ്മയായ ലിയ താമസിക്കുന്ന സാന്റിയാഗോ ഡി കോമ്പോസ്റ്റെലയിൽ എത്തുകയാണ്. മാതാപിതാക്കളുമായി അവനു ഒത്തുപോകാൻ പ്രയാസമായിരുന്നു. അവരുടെ രീതികൾ വേറിട്ടതായി അവന് തോന്നി. സെപ്റ്റംബർ 21ാം തീയതി ജനിച്ചതുകൊണ്ടാണ് അവന് ‘മാറ്റിയോ’ എന്ന് പേരിട്ടത്. സെപ്റ്റംബർ മാസത്തിലെ വിശുദ്ധരുടെ പേരുകൾ അടങ്ങിയ ഒരു ചെറിയ കാർഡ് കാർമെന്റെ പക്കലുണ്ടായിരുന്നു.
തെരുവിലൂടെ നടക്കുമ്പോൾ പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടാൽ അത് ഉപകരിക്കുമല്ലോ എന്ന് കരുതി, അവൾ തന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡിനൊപ്പമാണ് അത് കൈസഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ഇങ്ങനെ തീരുമാനങ്ങളൊക്കെ മതപരവും ദൈവികവുമായ ചിന്തകളുമായി കലർത്തിയാണ് കാർമെനും ജൂലിയനും ജീവിച്ചിരുന്നത്. അവർ എല്ലാ കാര്യങ്ങളെയും ദൈവത്തിന്റെ പദ്ധതിയായാണ് കണ്ടിരുന്നത്. കുഞ്ഞ് ജനിക്കുന്ന ദിവസം വിശുദ്ധരുടെ കലണ്ടർ പരിശോധിച്ച് പേര് തീരുമാനിക്കണം എന്നതിലെ യുക്തിയും അതുതന്നെയാണ്.
സത്യത്തിന്റെ ഏക ഉറവിടം എന്ന സങ്കൽപത്തെ പൊളിച്ചെഴുതിക്കൊണ്ട് വിവിധ കഥാപാത്രങ്ങളുടെ വീക്ഷണങ്ങൾ നിറഞ്ഞു നിൽക്കുകയാണ് ആഖ്യാനത്തിൽ. ഒരു കൊലപാതക-രഹസ്യത്തിന്റെ ചട്ടക്കൂടിൽ മുന്നോട്ടു നീങ്ങുന്ന ആഖ്യാനം, ഓർമ, വിശ്വാസം, അധികാരം, സത്യത്തിന്റെ നിർമിതരൂപം എന്നിവയെക്കുറിച്ചുള്ള ഒരു അന്വേഷണമായി മാറുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ കൊലപാതകത്തിന്റെ ഉള്ളുകളികൾ പുറത്തുകൊണ്ടുവരുക എന്നതാണ് ആഖ്യാനത്തിന്റെ ധർമം.
പ്രസ്തുത സംഭവം മറച്ചുവെക്കുകയും, ഒപ്പം അത് എങ്ങനെ ഓർമിക്കപ്പെടണം എന്ന് നിർണയിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ സംവാദങ്ങളുടെ ശൃംഖലയാണ് ഈ നോവലിന്റെ ആഴം വർധിപ്പിക്കുന്നത്. എന്താണ് നടന്നതെന്ന പൂർണബോധ്യമുള്ള ഒരു കഥാപാത്രംപോലും നോവലിലില്ല. ആഖ്യാനം പല ശബ്ദങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ കഥാപാത്രത്തിനും കഥയുടെ ഒരു ഭാഗം മാത്രമേ അറിയൂ. ശകലിതമായ അറിവുകളുടെ ഒരു സഞ്ചയമായി ആഖ്യാനത്തെ കാണാം. സമഗ്രമായ തലത്തിലുള്ള അന്വേഷണത്തിനായി പരസ്പരവിരുദ്ധമായ ഓർമകൾ, മുൻവിധികൾ, വെളിപ്പെടുത്തലുകൾ എന്നിവയിൽനിന്ന് ആ സംഭവം പുനർനിർമിക്കേണ്ടതുണ്ട്.
ഒളിച്ചിരിക്കുന്ന/ മൂടിവെക്കപ്പെട്ട സത്യത്തെ പുറത്തുകൊണ്ടുവരുക എന്നതാണ് ആഖ്യാനത്തിന്റെ പ്രാഥമികമായ ധർമം എന്ന് ഉറപ്പിച്ചുപറയാം. മതം സത്യമാണോ അസത്യമാണോ എന്ന ചോദ്യം പരോക്ഷമായി നോവലിൽ ഉന്നയിക്കുന്നുണ്ട്. ഏവരും മാനിക്കേണ്ട ഒരു പൊതുനിയമയായി മതം മാറുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്. അനാവശ്യവും സദാചാരപരവുമായ ഒട്ടനവധി ഘടകങ്ങൾ നോവലിലെ പ്രതിസന്ധികളുടെ കാരണങ്ങളായി ഭവിക്കുന്നു. ലൈംഗികത, ഗർഭധാരണം, ഗർഭഛിദ്രം, പാപബോധം, മാതൃത്വം തുടങ്ങിയ അംശങ്ങൾ ആഖ്യാനത്തിന്റെ അടിയൊഴുക്കുകളാണ്.
ഓർമ എന്നത് തികച്ചും വ്യക്തിപരമായ വികാരവ്യവഹാരമാണ്. അതിന്റെ ഉരുത്തിരിയലും വികാസവും വീണ്ടെടുപ്പും ഏകപക്ഷീയമാണ്. ഏകാന്ത ദൂരങ്ങളിലൂടെ നടന്നടുക്കുന്ന മനുഷ്യന്റെ തീർത്തും സ്വകാര്യമായ ഒപ്പുച്ചാർത്തലിൽ ലോകം കൂടെ നിൽക്കുമെന്ന് നിർബന്ധം പിടിക്കാനാവില്ല. ഓരോ വ്യക്തിയുടെയും മനസ്സിലെ സ്മൃതിച്ചിത്രത്തിൽ മറ്റുള്ളവർകൂടി കക്ഷികളായി പങ്കുചേരില്ലല്ലോ. ഓർമ കാലവുമായി ഓരോ അണുവിലും ചേർന്നുകിടക്കുകയാണ്. എന്നാൽ വ്യക്തികളെ മടക്കിക്കൊണ്ടുവരുക എന്നതിലൂടെ കാലത്തെ തിരിച്ചുപിടിക്കുക എന്നതാണ് പ്രായോഗികമാക്കുന്നത്.
തങ്ങളുടെ ഓർമകളോട് പ്രസ്തുത വ്യക്തികളും സമരസപ്പെടണമെന്ന് വാശിപിടിക്കാനാവില്ല. പരസ്പരം വിരുദ്ധമായ വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന കാർമെനും ലിയയും രണ്ടു ധ്രുവങ്ങളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ജീവിതത്തിന്റെ ഗതിവിഗതികളെ ക്രമീകരിക്കാൻ കാർമെന് ഒരു ഘടന അനിവാര്യമാണ്. എന്നാൽ, അനയുടെ ദുര്യോഗത്തെ മുൻനിർത്തി കത്തോലിക്കാ വിശ്വാസത്തെ ലിയ തള്ളിക്കളയുന്നു. അതുകൊണ്ട്, സഹോദരിമാർ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസത്തിന് ദാർശനികമായ തലം കൂടിയുണ്ട്.
2020ലാണ് അർജന്റീന ഗർഭച്ഛിദ്രത്തെ നിയമപരമായി അംഗീകരിച്ചത്. ഗർഭധാരണത്തിന്റെ പതിനാലാം ആഴ്ച വരെ സ്വമേധയാ ഗർഭച്ഛിദ്രം നടത്തുന്നതിന് അർജന്റീന നിയമസാധുത നൽകി. ഈ പശ്ചാത്തലംകൂടി ആലോചിച്ചുവേണം നോവൽ വായിക്കേണ്ടത്. ഗർഭച്ഛിദ്രം സ്വാഭാവികമായി പ്രമേയത്തിൽ വന്ന വിഷയമായി കാണാനാവില്ല എന്ന് കരുതണം.
ലൈംഗികമേൽക്കോയ്മ, പുരുഷാധികാരം, മതം എന്നിങ്ങനെയുള്ള സംഘർഷങ്ങളെ തുറന്നുകാണിക്കാനും വ്യക്തിസ്വാതന്ത്ര്യത്തെ അവക്കു മേൽ പ്രതിഷ്ഠിക്കാനുമുള്ള നോവലിസ്റ്റിന്റെ ബോധപൂർവമായ ശ്രമമായി ഇതിനെ സമീപിക്കണം. നോവലിനെ കേവലമൊരു രാഷ്ട്രീയ സാധ്യതയാക്കി മാറ്റാതെ നൈതികതയുടെ തലങ്ങളെ കഥാപാത്രങ്ങളിലേക്ക് ഇഴ ചേർക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. ഇവിടെ രാഷ്ട്രീയവും നിലപാടുകളും കടന്നുവരുന്നത് വ്യക്തിപരമായ വ്യവഹാരങ്ങളിലൂടെയാവുന്നു.
ക്ലോഡിയ പിനെയ്റോ
ശരീരവും ലൈംഗികതയും രാഷ്ട്രീയം ഇടപെടുന്ന ഇടങ്ങളായി പരിണമിക്കുന്ന കാഴ്ചയാണ് നോവലിലുള്ളത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള രേഖപ്പെടുത്തലായും നോവലിനെ വായിച്ചെടുക്കാം. കുഞ്ഞുങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവസ്ഥയെ കുറിച്ചുള്ള അടിസ്ഥാനപരമായ സംവാദത്തിനും നോവലിസ്റ്റ് ഉദ്യമിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും നീറുന്ന വിഷയമായ അനയുടെ മരണം അർജന്റീനയിലെ ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള നോവലിന്റെ കേവലം ബാഹ്യമായ പശ്ചാത്തലം മാത്രമല്ല. ‘പാപം’ ആയി കണ്ട ഒരു സാഹചര്യം നേരിടാൻ സമൂഹം വിസമ്മതിക്കുമ്പോൾ യഥാർഥ മനുഷ്യർക്ക് എന്ത് സംഭവിക്കുന്നതിന്റെ വിശദീകരണംകൂടിയായി നോവൽ പരിണമിക്കുന്നു.
ഒരു കുറ്റകൃത്യം സംഭവിക്കുന്നു. അതിന്റെ മൂലകാരണം സമൂഹത്തിന്റെ ‘നോട്ട’വുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. സദാചാരവുമായി ഇടകലർന്ന വിലക്കുകളെ സാമൂഹിക ഉത്തരവാദിത്തവുമായി ചേർത്തുവായിക്കുന്ന ഒരു വിഷയമാക്കി പിനെയ്റോ മാറ്റുന്നു. ചുരുക്കത്തിൽ,‘ആരാണ് അനയെ കൊന്നത്’ എന്ന ചോദ്യത്തിൽനിന്ന് മാറി, ‘ഏതെല്ലാം ശക്തികേന്ദ്രങ്ങളാണ് അവളുടെ മരണത്തിന് വഴിയൊരുക്കിയതും പിന്നീട് അത് മറച്ചുവെക്കാൻ നിർബന്ധിതമാക്കിയതും’ എന്നതിലേക്ക് നോവലിന്റെ ശ്രദ്ധ തിരിയുന്നുണ്ട്.
‘‘അന എന്റെ കൈകളിൽ കിടന്നാണ് മരിച്ചത്.
ഇതിനകം മരിച്ച ഒരാളെ നിങ്ങൾക്ക് കൊല്ലാനാവില്ല.
ആരും രണ്ടു തവണ മരിക്കുന്നില്ല’’ എന്ന് പറയുന്ന കഥാപാത്രമായ മാർസെല കാലമിത്രയും കഴിഞ്ഞിട്ടും ആഘാതത്തിൽ നിന്ന് പൂർണമായും മുക്തയായിട്ടില്ല. അനയുടെ ഏറ്റവും അടുത്ത സുഹൃത്തും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്നു മാർസെല. അന മരിക്കുന്ന ദിവസം മാർസെല അവളോടൊപ്പം പള്ളിയിലുണ്ടായിരുന്നു. അവളുടെ കൈകളിൽ കിടന്നാണ് അന മരിക്കുന്നത്. അതേ സമയത്ത് ഒരു പ്രതിമ വീണ് മാർസെലയുടെ തലക്ക് ആഘാതമേൽക്കുകയും അവൾക്ക് സ്മൃതിനാശം സംഭവിക്കുകയും ചെയ്യുന്നു. അതിനുശേഷം പുതിയ ഓർമകൾ രൂപപ്പെടുത്താൻ അവൾക്ക് സാധിക്കുന്നില്ല. അനയുടെ ഓർമകൾ നൊമ്പരങ്ങളായി പെയ്യുന്ന അവസ്ഥയിൽ കണ്ണിമയടയാതെ രാപ്പകലുകൾ തള്ളിനീക്കുന്ന കഥാപാത്രമാണ് മാർസെല. ‘കുറ്റം’ യഥാർഥത്തിൽ എന്താണെന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെത്തന്നെ മാർസെലയുടെ കാഴ്ചപ്പാട് മാറ്റിമറിക്കുന്നു.
മാർസെലയുടെ മൊഴിയിൽനിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. വിഷാദത്തിന്റെ ആഴങ്ങളിൽ ദിക്ക് തെറ്റി സഞ്ചരിക്കുകയായിരുന്നു അവളുടെ ശിഷ്ടജീവിതം. യഥാർഥത്തിൽ നടന്നത് എന്തെന്നുള്ളത് നിഗൂഢമായി വെക്കുമെന്ന് അന മാർസെലയെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു. അനയുടെ മരണശേഷവും മാർസെല ആ വാക്ക് പാലിക്കുന്നുണ്ട്.
അനയുടെ കാര്യത്തിൽ, കുറ്റകൃത്യം നടന്ന സ്ഥലവും മൃതദേഹം കണ്ടെത്തിയ സ്ഥലവും ഒന്നായിരുന്നില്ല എന്നൊരു വൈരുധ്യംകൂടി നിലനിന്നിരുന്നു. അനയുടെ കേസ് പരിശോധിച്ച ഫോറൻസിക് അന്വേഷണ ഉദ്യോഗസ്ഥനാണ് എൽമർ. അനയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റി മെനഞ്ഞെടുക്കപ്പെട്ട കഥയെ അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുന്നു. കുറ്റാന്വേഷണ നടപടിക്രമങ്ങളുടെ മാനം ഈ നോവലിൽ കൊണ്ടുവരുന്നതും ശാസ്ത്രീയ തെളിവുകളിലൂടെ കേസിനെ പുനർനിർമിക്കുന്നതും ഈ കഥാപാത്രമാണ്. പ്രാഥമിക അന്വേഷണത്തിൽ എന്തോ പിഴവുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുപ്പത് വർഷങ്ങൾക്കിപ്പുറവും ആ പിശക് പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇതിനിടെ ആൽെഫ്രഡോ ഭാരമുള്ള ഒരു പെട്ടിയിൽ അനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പത്ര കഷണങ്ങളും പൊലീസ് റിപ്പോർട്ടിന്റെ പകർപ്പുകളും സൂക്ഷിച്ചിരുന്നതായി മാറ്റിയോ കണ്ടെത്തുന്നുണ്ട്.
കാർമെന്റെ ജീവിതപങ്കാളിയായ ജൂലിയൻ നന്നേ ചെറുപ്പത്തിൽ തന്നെ ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു. മറ്റൊരു പുരുഷനുവേണ്ടി അമ്മ കുടുംബം ഉപേക്ഷിച്ചുപോയതിനെ കൊടും വഞ്ചനയായി ജൂലിയൻ കണ്ടു. തന്റെ ധാർമികബോധത്തിന് നിരക്കാത്ത പ്രവൃത്തികൾ ചെയ്ത സ്ത്രീകൾക്ക് മാപ്പുകൊടുക്കാനുള്ള അധികാരം ഒരു പുരോഹിതൻ എന്നനിലയിൽ തനിക്ക് ലഭിക്കുമെന്ന് കരുതിയാണ് അയാൾ തിരുവസ്ത്രമണിയാൻ മോഹിച്ചത്. എന്നാൽ, മതപരമായ ചിട്ടകൾ പാലിക്കാനുള്ള നിശ്ചയദാർഢ്യത്തേക്കാൾ ശക്തമായിരുന്നു ലൈംഗികാഭിലാഷമെന്ന് അയാൾ തിരിച്ചറിയുന്നു. അയാൾ കാർെമനെ പ്രണയിക്കുകയും അനയുമായി ലൈംഗികബന്ധം പുലർത്തുകയും ചെയ്തു. അന ഗർഭിണിയാകുന്നതോടെ ജൂലിയൻ ചകിതനാകുന്നു. കാർമെനുമായുള്ള ബന്ധത്തെയും തന്റെ മതപരമായ സ്വത്വത്തെയും അത് എങ്ങനെ ബാധിക്കുമെന്ന ചിന്തയും അയാളെ തളർത്തി.
ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനുള്ള പ്രവണത അയാൾ പ്രകടിപ്പിക്കുന്നുണ്ട്. മനുഷ്യരെ സാഹചര്യങ്ങൾ സ്വാർഥമതികളാക്കുന്നതിന്റെ ദൃഷ്ടാന്തം അയാളിലൂടെ വ്യക്തമാകുന്നുണ്ട്. മതപരമായ വ്യവസ്ഥിതിയെ അനുസരിച്ചാണ് താൻ പെരുമാറുന്നതെന്ന് ജൂലിയൻ വിശ്വസിക്കുന്നു. എന്നാൽ, അതിന്റെ അനന്തരഫലങ്ങൾ അയാൾക്ക് എതിരാകുമ്പോൾ, ഉത്തരവാദിത്തം അനയുടെ മേൽ ചുമത്താൻ അയാൾ അതേ വ്യവസ്ഥിതിയെത്തന്നെ ജൂലിയൻ കൂട്ടുപിടിക്കുന്നു.
നോവലിലെ നിർണായകമായ ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ കെൽപുള്ള സ്ത്രീയായാണ് കാർമെനെ അവതരിപ്പിക്കുന്നത്. എന്നാൽ, അവ എപ്പോഴും അവൾക്ക് അനുകൂലമായി വരുന്ന തരത്തിലാവുമെന്നുള്ളത് കാണാതിരിക്കാനാവില്ല. ആദർശവതിയായ കത്തോലിക്കാ സ്ത്രീയുടെയും മാതൃകാപരമായ ഒരമ്മയുടെയും രൂപം ഉൾക്കൊള്ളാനാണ് അവൾ ആഗ്രഹിക്കുന്നത്. ഏറക്കുറെ മേധാവിത്വ ശീലം സ്വഭാവത്തിൽ പുലർത്തുന്ന അവൾ ഇളയ സഹോദരിമാരോട് ആധിപത്യം നിറഞ്ഞ ഒരു ബന്ധമാണ് പ്രകടിപ്പിച്ചിരുന്നത്. അതിനാൽ അവർക്കിടയിലെ ബന്ധത്തിൽ കെട്ടുറപ്പ് തീരെയുണ്ടായില്ല. ജൂലിയനെ നഷ്ടപ്പെടുമെന്നും അയാളുമായി സ്വപ്നം കണ്ട ജീവിതം തകരുമെന്നും അവൾ ഭയപ്പെട്ടിരുന്നു. സ്ത്രീത്വത്തെക്കുറിച്ചുള്ള കാർമെന്റെ ധാരണ മാതൃത്വവുമായി ശക്തമായി ബന്ധപ്പെട്ടുകിടന്നു. അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടതായി വന്നത് മാറ്റിയോക്കാണ്.
അനയുടെ മരണവുമായി ബന്ധപ്പെട്ട മതപരവും കുടുംബപരവുമായ ഘടനയെ നിലനിർത്താൻ കാർമെൻ യത്നിച്ചു. പക്ഷേ സഹോദരിയായ ലിയ കാർമെനിൽനിന്ന് വ്യത്യസ്തമായ നിലപാടുള്ളവളാണ്. അവൾക്ക് മത/ദൈവ വിശ്വാസങ്ങളില്ല. അതിനാൽ തന്നെ കാർമെനുമായി അവൾക്ക് അടുപ്പക്കുറവുണ്ട്. അതുകൊണ്ടാണ് അനയുടെ മരണശേഷം അവൾ കുടുംബവുമായി അകന്നുകഴിയാൻ തീരുമാനിച്ചത്. ഒടുവിൽ അവൾ അർജന്റീന വിട്ട് സ്പെയിനിൽ ജീവിതം വേരുറപ്പിക്കുന്നു.
സ്ത്രീകൾക്ക് സ്വന്തം ശരീരത്തിലും ജീവിതത്തിലും നിയന്ത്രണം ഉണ്ടായിരിക്കണം എന്ന ലിയയുടെ നിലപാട് അവളുടെ ജീവിതസാഹചര്യങ്ങൾ രൂപപ്പെടുത്തിയതാണ്. അനക്കാകട്ടെ ഈ സ്വയം നിയന്ത്രണവും അധികാരവും നഷ്ടപ്പെടുകയും ചെയ്തു. ഓർമകളെ മനഃപൂർവം മറക്കുന്നതിനായി രാജ്യംതന്നെ ഉപേക്ഷിക്കുകയാണ് ലിയ. എന്നാൽ, ഭൂതകാലത്തെ പൂർണമായി റദ്ദുചെയ്യാൻ അവൾക്ക് സാധിക്കുന്നുമില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സ്വന്തം കുടുംബത്തെ ബാധിച്ച ആഘാതത്തെ രണ്ടു സഹോദരിമാരും വിപരീതഭാവത്തിലാണ് നേരിടുന്നത്.
മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ നിലനിൽക്കുന്നുവെന്ന ആശയംകൂടി ആഖ്യാനത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ തിരോധനമോ ആകസ്മിക മരണമോ ഉറ്റവരെ ബാധിക്കുന്ന വിധം ലളിതമല്ലെന്നും വേദനയുടെ ആഴങ്ങളെ കാലം മായ്ച്ചുകളയില്ലെന്നും നോവലിലൂടെ വ്യക്തമാകുന്നു. ആഖ്യാതാക്കൾ കഥകൾ വെറുതെ പറഞ്ഞുപോകുകയല്ല ചെയ്യുന്നത്. മറിച്ച് കുറ്റകൃത്യത്തിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തുന്നതുപോലെയും മൊഴിനൽകുന്നത് പോലെയുമാണ് അവർ ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നത്. പരസ്പര വിരുദ്ധവും പരസ്പരം പൂരകമാകുന്ന ആഖ്യാനഭാഗങ്ങളിലൂടെ ആകാംക്ഷ ജനിപ്പിക്കുന്ന ശൈലി നോവലിസ്റ്റ് പിന്തുടരുന്നു.
അതുവഴി നോവലിൽ പറയുന്ന ‘കഥ’യുടെ അർഥതലങ്ങൾ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഈ ഭാഗങ്ങൾ പ്രധാനമായും വ്യക്തിപരമായ സാക്ഷ്യപ്പെടുത്തലുകൾപോലെയാണ് വായിക്കാൻ കഴിയുന്നത്. കഥാപാത്രങ്ങൾ തങ്ങളുടെ അനുഭവങ്ങൾ, ഓർമകൾ, വിശ്വാസങ്ങൾ, ന്യായീകരണങ്ങൾ എന്നിവ വിവരിക്കുന്നു. ഏഴ് ആഖ്യാതാക്കളുടെ കാഴ്ചപ്പാടുകളാണ് നോവലിന്റെ ഉള്ളടക്കം. രഹസ്യാത്മകമായ വിവരങ്ങൾ മറച്ചുവെച്ച്, ഓർമകളും ഉദ്ദേശ്യങ്ങളും കാഴ്ചപ്പാടുകളും വിശദീകരിച്ചുകൊണ്ടാണ് ആഖ്യാതാക്കൾ നോവലിലെ ഖണ്ഡങ്ങളെ വിവരിക്കുന്നത്. ഇത്തരത്തിലുള്ള ആഖ്യാനരീതിയിലൂടെ വായനക്കാരെയും അന്വേഷകരാക്കി തീർക്കുകയാണ്. നിബിഡാന്ധകാരത്തിലൂടെയും അതിഗൂഢമായ വനസ്ഥലികളിലൂടെയും സഞ്ചരിച്ചുകൊണ്ട് വെളിച്ചത്തിന്റെ ഇത്തിരിവെട്ടവും അലിവിന്റെ ജലസ്പർശവും അനുഭവിപ്പിക്കുന്ന നോവലാണ് ‘കത്തീഡ്രൽസ്’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.