കരിമരുന്ന് പൊള്ളിച്ച ഗ്രാമം

ആകാശത്ത് പൊട്ടിവിരിയുന്ന കരിമരുന്ന് പ്രയോഗങ്ങൾക്കൊടുവിൽ ആനന്ദത്തിലാണ്ട് നമ്മൾ വീടുകളിലേക്ക് തിരികെക്കയറുമ്പോൾ അതേ കരിമരുന്ന് ഇരുൾ നിറച്ച കുറേ വീടുകളെ കുറിച്ചാണ് ഈ കുറിപ്പ്. കരിമരുന്ന് പണിക്കിടെ വെടിക്കെട്ട് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരാൽ നിറഞ്ഞ ഒരു ദലിത് കോളനി കേരളത്തിലുണ്ടെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടുമോ? എന്നാൽ, അങ്ങനെ ഒരു കോളനി നമ്മുടെ ​െകാച്ചുകേരളത്തിലുണ്ട്.

വെടിക്കെട്ട് നിർമാണശാല

വെടിക്കെട്ടിനോടും വെടിമരുന്ന് തൊഴിലിനോടും പറഞ്ഞറിയിക്കാനാകാത്ത അഭിനിവേശമുള്ള ഒരു ഗ്രാമം. ആകാശത്ത് പൊട്ടിച്ചിതറുന്ന കരിമരുന്നുപോലെ ഒന്നിനുപിന്നാലെ ഒന്നെന്ന വണ്ണം പ്രിയപ്പെട്ടവർ ദുരന്തങ്ങളിൽ പൊട്ടിച്ചിതറിയിട്ടും മതിഭ്രമം പോലെ അവരതിന് പിന്നാലെ കൂടി. ഒരാളെങ്കിലും വെടിക്കെട്ട് ദുരന്തത്തിൽ പെടാത്ത ഒരു വീട് ഈ കോളനിയിലില്ല. തൃശൂർ വെന്നൂർ വടക്കേക്കര ദലിത് കോളനിയിൽ ആണുങ്ങൾ കുറവാണ്. കരിമരുന്ന് പ്രയോഗങ്ങൾക്കിടെയുണ്ടായ അപകടമരണങ്ങളിൽ വെണ്ണീരായവർ. കേരളത്തെ നടുക്കിയ പ്രധാനപ്പെട്ട വെടിക്കെട്ട് ദുരന്തങ്ങൾ ചേർന്ന് അനാഥമാക്കിയ ദലിത് കോളനി...

അപകടത്തിൽ മരണപ്പെട്ട സതീശിന്റെ ചിത്രത്തിനരികിൽ അമ്മ കല്യാണി

‘‘പോകല്ലുണ്ണീ, നമുക്ക് ജീവിതത്തിൽ ഒരു അപകടം പറ്റീതാ. അമ്മക്ക് അതി​െൻറ നീറ്റല് ഇപ്പോഴും അടങ്ങീറ്റില്ല. അമ്മയെ ഓർത്ത് നീ പോകല്ലുണ്ണീ, ഈ പണിക്ക് പോകല്ലേ എന്ന് ഞാൻ താണുകേണ് പറഞ്ഞതാ. കേട്ടില്ല. എന്റെ കണ്ണുവെട്ടിച്ച് പൊയ്ക്കളഞ്ഞു. പിന്നെ അനക്കമില്ലാതാ എനിക്ക് അവനെ കിട്ടിയത്. ഇപ്പോ വരാം അമ്മേ എന്ന് പറഞ്ഞാണ് എന്റെ രണ്ട് മക്കളും ഈ വീട്ടീന്ന് ഇറങ്ങിപ്പോയത്. പിന്നെ മുഖം പോലും തിരിച്ചറിയാനാകാത്ത വിധം വെന്തുകലങ്ങിപ്പോയ അവരുടെ ശരീരങ്ങളാണ് ഞാൻ കണ്ടത്. ഇന്നും തീപൊള്ളും കണക്കുള്ള നീറ്റലാണ് ഉള്ളിൽ. ഇനി പട്ടടയിലൊടുങ്ങും വരെയുണ്ടാകും ആ വേദന. അതിന് പട്ടടക്ക് തീകൊടുക്കാൻ പോലും ഒരുത്തൻ ശേഷിച്ചില്ലല്ലോ. ഞാൻ പുറത്തേക്കൊന്നും ഇപ്പോൾ അങ്ങനെ ഇറങ്ങാറില്ല. അമ്പലങ്ങളിലൊന്നും ഉത്സവത്തിന് പോകില്ല. പേടിയാണ്. എവിടെയെങ്കിലും ഒരു വെടിപൊട്ടുന്നത് കേട്ടാൽ പെരുവിരലിൽനിന്നും പേടി ഇരച്ചുകയറും. ഈ കോളനീലെ പെണ്ണുങ്ങളൊക്കെ ഇപ്പോഴും ഓലപ്പടക്കം ഉണ്ടാക്കാനായുള്ള ഓല ചീന്താനും പടക്കം കെട്ടാനുമൊക്കെ പോകും. എനിക്കതിന് കഴിയില്ല. പേടിയാണ്. ഇനി ആർക്കും ഈ ഗതി വരാതിരിക്കട്ടെ’’. വസന്തകുമാരിയുടെ തിളച്ചുമറിഞ്ഞ കണ്ണിൽനിന്നും വെന്ത കണ്ണീർതുള്ളികൾ താഴേക്കിറ്റു.

വെടിക്കെട്ടിൽ ​െകാല്ലപ്പെട്ട മകൻ സുദേവന്റെ ചിത്രവുമായി ചുക്രനും ഭാര്യ രുക്മിണിയും

അവഗണനയുടെ ആഴം

തൃശൂർ, ചേലക്കര, പഴയന്നൂർ, വെന്നൂർ, വടക്കേക്കര ദലിത് കോളനിയിലെ ഒന്നാമത്തെ വീടാണ് വസന്തകുമാരിയുടേത്. രണ്ടര സെന്റ് സ്‍ലത്ത് ഒരു കുഞ്ഞു വീട്. ഒരു മനുഷ്യനും താങ്ങാനാവുന്നതല്ല വസന്തകുമാരി അനുഭവിച്ച ദുരിതം. വെടിക്കെട്ട് ദുരന്തങ്ങൾ വേട്ടയാടിയ ജീവിതമാണ് അവരുടേത്. കേരളത്തെ നടുക്കിയ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെത്തുടർന്ന് വടക്കേക്കരയെ കുറിച്ച് അന്വേഷിച്ച് അറിഞ്ഞാണ് അവിടെയെത്തുന്നത്. ഇന്ത്യയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിലുള്ള ദുരന്തങ്ങളിൽ മരണപ്പെട്ടിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും അടിസ്ഥാന ജാതിയിൽപെട്ടവരാണ് എന്ന് കണക്കുകൾ തെളിയിക്കുന്നതുപോലെ തന്നെയാണ് കേരളത്തിലെ വെടിക്കെട്ട് ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ കണക്കെടുത്താലും തെളിയുന്നത്. സർക്കാറിന്റെ കൈയിലോ എന്തിന്, പട്ടികജാതി വകുപ്പിന്റെ കൈയിൽപോലും ഇതുസംബന്ധിച്ച വിവരങ്ങൾ ഇല്ല എന്നത് അവഗണനയുടെ ആഴം തുറന്നുകാട്ടുന്നു.

വസന്ത കുമാരിക്ക് ദുരന്തങ്ങളിൽ നഷ്ടമായത് രണ്ട് ആൺമക്കളെയാണ്. 2006ലെ പാടൂക്കാട് വെടിക്കെട്ട് ദുരന്തത്തിൽ മൂത്ത മകൻ അജീഷും (21) 2011ലെ അത്താണി ദുരന്തത്തിൽ രണ്ടാമത്തെ മകൻ സജീഷും (23) മരിച്ചു. ഇളയ മകൾ സൗമ്യ മാത്രമാണ് ഇപ്പോഴുള്ളത്. 2011ലെ അപകടത്തിൽ മരിച്ച രണ്ടാമത്തെ മകൻ സജീഷ് വീട്ടുകാർ അറിയാതെയാണ് സുഹൃത്തിനൊപ്പം കരിമരുന്നു ശാലയിലേക്കു പോയത്. സജീഷ് കരിമരുന്ന് പണിക്കുപോയെന്ന വിവരമറിഞ്ഞതോടെ വസന്തകുമാരി മകനെ ബന്ധപ്പെട്ടെങ്കിലും ഒരാഴ്ചനിന്ന് തിരിച്ചുവരാമെന്നായിരുന്നു മറുപടി. തിരിച്ചുവന്നതു തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ‌യിലും. അയൽവാസിയായ സതീശും അപകടത്തിൽ മരിച്ചു. മകൻ അടക്കമുള്ള മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി കൊടുത്ത കേസിന് കോടതിയിൽനിന്ന് അനുകൂല വിധിയായെങ്കിലും നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും വസന്തകുമാരി പറയുന്നു. വസന്തകുമാരിയെ പോലെ മക്കളെ അകാലത്തിൽ നഷ്ടപ്പെട്ട വേറെയും അമ്മമാർ ഇവിടെയുണ്ട്.

കോളനിയിലെ ചുക്രനും ഭാര്യ രുക്മിണിക്കും നാല് ആൺമക്കളാണ്. പടക്കം, കുഴിമിന്നി അടക്കമുള്ള വിവിധ വെടിമരുന്ന് നിർമാണങ്ങളിൽ വിദഗ്ധനാണ് ചുക്രൻ. ബാല്യത്തിലേ തുടങ്ങിയതാണ് പണി. ഇപ്പോൾ 75 വയസ്സുണ്ട്. 50 വർഷം വെടിമരുന്ന് നിറക്കൽ പണി ചെയ്തു. പണ്ട് ദലിത് കോളനിയിലുള്ളവർക്ക് നല്ല ജോലികൾ കിട്ടുക എന്നത് പ്രയാസകരമായിരുന്നു. കൂല​ിത്തൊഴിലിന് പോയാൽ തന്നെ വരുമാനം കുറവ്. അങ്ങനെയാണ് ജീവന് ഭീഷണിയുണ്ടെങ്കിലും പലരും വെടിമരുന്ന് നിർമാണ തൊഴിലിലേക്ക് തിരിയുന്നത്. ചുക്രനൊപ്പം വെടിമരുന്ന് ശാലകളിൽ പണിയെടുത്തിരുന്ന പലരും ഇന്നില്ല. ചുക്രന്റെ മകൻ സുദേവൻ 2006ലെ പാടൂക്കാട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടു. 25 വയസ്സായിരുന്നു പ്രായം. സുദേവനും അനിയൻ രമേശനും കൂടിയായിരുന്നു പണിക്കുപോയിരുന്നത്. അച്ഛന്റെ തൊഴിൽ ഇവരും പിന്തുടരുകയായിരുന്നു. സുദേവൻ അടക്കം ഏഴുപേരാണ് വെന്നൂരിൽനിന്നു മാത്രം പാടൂക്കാട് ദുരന്തത്തിൽ മരിച്ചത്. ലൈസൻസി രാധാകൃഷ്ണൻ, സുരേഷ് തെക്കേക്കര, സുരേഷ് ആശാരിക്കുന്ന്, അജീഷ്, സതീശ്,വേശൂട്ടൻ എന്നിവർ. സുദേവൻ മരിച്ചതോടെ അനിയൻ രമേശൻ വെടിമരുന്ന് പണി എന്നന്നേക്കുമായി ഉപേക്ഷിച്ചു. ഇപ്പോൾ കോട്ടയത്തുള്ള ബേക്കറി നിർമാണ ശാലയിൽ തൊഴിലാളിയാണ്. കോളനിയിൽനിന്ന് ഇപ്പോൾ ആരും വെടിമരുന്ന് പണിക്കു പോകുന്നില്ലെന്ന് ചുക്രൻ പറയുന്നു.

കോളനിയിലെ മറ്റൊരു വീട്ടിൽ കല്യാണിയുടെയും അന്ത്യാളന്റെയും ഇളയ മകൻ വെടിക്കെട്ടിൽ ചിന്നിച്ചിതറുമ്പോൾ 24 വയസ്സായിരുന്നു പ്രായം. കല്യാണിയുടെ മൂത്ത മകൻ സന്തോഷിന്റെ ഭാര്യ സുജാത അതിനെക്കുറിച്ച് പറയുന്നതിങ്ങനെ; ‘‘എന്നെ സന്തോഷേട്ടൻ ഇവിടേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്ന് അധികകാലം കഴിയും മുമ്പായിരുന്നു സംഭവം. ഈ പണിക്ക് പോകണ്ട, വേറെ പണി നോക്കാം എന്ന് വീട്ടിൽ എല്ലാവരും അവനോട് പറയുമായിരുന്നു. ഇവരുടെ അച്ഛൻ അന്ത്യാളൻ വെടിക്കെട്ട് തൊഴിലാളി ആയിരുന്നു. സതീശനും പൂരവും ആൾക്കൂട്ടവും വെടിക്കെട്ടും ഒക്കെ ഭയങ്കര ലഹരിയായിരുന്നു. ഒടുവിൽ അവൻ ജീവൻ മറന്ന് എന്ത് ഇഷ്ടപ്പെട്ടോ അതുതന്നെ അവന്റെ ജീവനെടുത്തു’’.

അന്ത്യാളൻ മരിച്ചിട്ട് എട്ടുവർഷമായി. സതീശനെ കുറിച്ച് ചോദിച്ചാലുടൻ കല്യാണി കരഞ്ഞുതുടങ്ങും. ‘‘ഈ കോളനിയിലേക്ക് ഒന്നിനുപിറകെ ഒന്നായി കരിഞ്ഞ ശവവുമായി ആംബുലൻസുകൾ വന്നത് ഓർക്കുമ്പോൾ ഇന്നും ഞെട്ടലാണ്. മോനായിപ്പോയില്ലേ, മറക്കണേൽ മരിക്കണം. നമ്മള് എതിര് പറഞ്ഞാൽ നിക്കുമോ. ആൺ കുട്ട്യോളല്ലേ. എപ്പോഴും സങ്കടമാണ്. സതീശ് പോയ ശേഷം ഒരു ഉത്സവത്തിനും പോയിട്ടില്ല. പേടിയാണ്’’. കല്യാണി വിറയാർന്ന സ്വരത്തിൽ പറഞ്ഞു.

വെന്നൂരിലെ മിന്നൽ മാധവൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാധവൻ ആയിരുന്നു നാട്ടിലെ പ്രധാന വെടിക്കെട്ട് ലൈസൻസി. ഗ്രാമത്തിലെ ദലിത് വിഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു ഇവരുടെ പ്രധാന പണിക്കാർ. കണക്കൻ, കൂടാൻ എന്നീ ജാതികളിൽപെട്ടവരാണ് ഉന്നതിയിൽ താമസിക്കുന്ന 19 വീട്ടുകാരും. അപകടങ്ങൾ തുടർക്കഥയായതോടെ മാധവൻ നിർമാണ യൂനിറ്റ് നടത്തുന്നില്ല. ഇപ്പോഴും പാടത്തിന് നടുവിൽ ഉപേക്ഷിക്കപ്പെട്ട വെടിപ്പുരകൾ കാണാം.

വെന്നൂരിൽ പൊലിഞ്ഞത് 13 ജീവൻ

പകലന്തിയോളമുള്ള ആഘോഷങ്ങൾക്കൊടുവിൽ ലക്ഷങ്ങൾ പുലരിയോളം കാത്തിരിക്കും. സൂര്യനുദിക്കുന്നതിനും നിമിഷങ്ങൾക്കുമുമ്പ് നനുത്ത ഇരുട്ടിൽ ആകാശത്ത് വിരിയുന്ന വർണ വിസ്മയങ്ങളും കാതടപ്പിക്കുന്ന ശബ്ദവും എത്ര കേട്ടാലാണ് ഉത്സവ പ്രേമികൾക്ക് മതിയാകുക. ഓലപ്പടക്കങ്ങളിൽ തുടങ്ങി കുഴിമിന്നിയടക്കമുള്ളവയിൽനിന്നുള്ള ഉഗ്രസ്ഫോടന ശബ്ദങ്ങളും നിറങ്ങളും വിതറുന്ന കരിമരുന്ന് പ്രയോഗമില്ലാതെ നമുക്കെന്താഘോഷം. ഒരു നിമിഷം ഹൃദയം നിലച്ചുപോകുന്ന ആ അതിശബ്ദങ്ങൾ നമുക്കത്ര ഇഷ്ടമാണ്. കരിമരുന്നാഘോഷത്തിനുശേഷം ആർത്തുവിളിച്ച് മനസ്സുകളിൽ സ​േന്താഷം നിറച്ച് കാണികൾ പിരിയും. കരിപുരണ്ട കുറച്ചുപേർ പൂക്കുറ്റികളും കുഴിമിന്നിയും നിറച്ച കുഴികൾക്കിടയിൽ ശേഷിക്കും. കരിപുരണ്ട ശരീരങ്ങളുമായി ഭാഗ്യം ഒന്നുകൊണ്ടുമാത്രം ആ മനുഷ്യർ വീടുകളിൽ ചെന്നുചേരും. ഭാഗ്യം തുണച്ചവരേക്കാൾ ഏറെയാണ് ദൗർഭാഗ്യം വിഴുങ്ങിയവർ എന്ന് കണക്കുകൾ പറയുന്നു. അതിന്റെ ഒടുവിലെ ഉദാഹരണമാണ​ല്ലോ 2026 ഏപ്രിൽ 21നുണ്ടായ ​തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലെ പൊട്ടിത്തെറി.

ഞെട്ടലിന്റെ വെന്നൂർ ഗ്രാമം

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടിനുശേഷം കേരളം വിറച്ച വലിയ വെടിക്കെട്ട് ദുരന്തങ്ങളിലൊന്ന്. കേരളത്തിൽ ഇതിനകം ചെറുതും വലുതുമായ 400ലധികം വെടിക്കെട്ട് ദുരന്തങ്ങളിൽ 800ലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. ആചാരങ്ങളും ആഘോഷങ്ങളും അത്രമേൽ ശക്തിപ്പെട്ടു​െകാണ്ടിരിക്കുന്ന കാലമാണിത്. പഴയന്നൂർ പഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളിലായി കിടക്കുകയാണ് വെന്നൂർ ഗ്രാമം. കേരളത്തിലെ പ്രമാദമായ എല്ലാ വെടിക്കെട്ട് ദുരന്തങ്ങളിലും ഇവിടെനിന്നും ഒരാളെങ്കിലും കൊല്ലപ്പെടുകയോ ഒരാൾക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകും. ഇതിനകം 13ലധികം പേരാണ് ഈ ഗ്രാമത്തിൽ വിവിധ വെടിക്കെട്ട് ദുരന്തങ്ങളിലായി ജീവൻ പൊലിഞ്ഞിരിക്കുന്നത്. മുണ്ടത്തിക്കോട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ ആദ്യം തിരിച്ചറിഞ്ഞത് സുദർശനൻ എന്ന തൊഴിലാളിയെ ആയിരുന്നു. പഴയന്നൂർ, വെന്നൂർ സ്വദേശിയാണ് സുദർശനൻ. ഗ്രാമത്തിൽനിന്നുള്ള മൂന്നാലുപേർക്ക് പൊള്ളലേറ്റിരുന്നു.

വെന്നൂരുപോലെ തന്നെ വെടിക്കെട്ട് തൊഴിലിൽ ഭ്രമം വന്ന് അതിലേക്ക് യുവാക്കൾ പോകുന്ന തൃശൂരിലെ മറ്റൊരു ഗ്രാമമാണ് എരുമപ്പെട്ടി കുണ്ടന്നൂർ. മുണ്ടത്തിക്കോട് അപകടത്തിൽ കുണ്ടന്നൂർ മുതുകാട്ടിൽ സുവിൻ എന്ന യുവാവിനും ദാരുണ മരണം സംഭവിച്ചിരുന്നു. വിവിധ അപകടത്തിൽ കൈകാലുകൾ അറ്റും പൊള്ളലേറ്റും പരിക്കേറ്റവരും ഇവിടെ കുറവല്ല. പലരും പിന്നീട് മരിച്ചു.

വെന്നൂർ ​െസന്റർ, കൊളമ്പ്, വെന്നൂർ ദലിത് കോളനി എന്നിവിടങ്ങളിലുള്ളവരായിരുന്നു വെടിപ്പുരകളിൽ ജോലിക്കുപോകുന്നവരിൽ അധികവും. വെന്നൂരിൽ തന്നെ വെടിക്കെട്ട് അപകടങ്ങളിൽ ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞിട്ടുള്ളത് വടക്കേക്കരയിലാണ്. സംസ്ഥാന പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്ന നിലവിലെ എം.പി കെ. രാധാകൃഷ്ണന്റെ ചേലക്കര മണ്ഡലത്തിലാണ് പഴയന്നൂർ വെണ്ണൂർ ഗ്രാമം.

19 വീടുകളാണ് വടക്കേക്കര ദലിത് കോളനിയിലുള്ളത്. കണക്കൻ, കൂടാൻ സമുദായങ്ങളിൽ പെട്ടവർ. പഴയ തലമുറയിലെ പെണ്ണുങ്ങളും ആണുങ്ങളും വെടിക്കെട്ടുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരായിരുന്നു. ആണുങ്ങൾ കതിനയും കുഴിമിന്നിയും പോലുള്ള കൂടുതൽ അപകടകരമായ പണികൾ ചെയ്യുമ്പോൾ സ്ത്രീകൾ ഓലപ്പടക്കത്തിനുള്ള ഓല ഒരുക്കൽ, ഉണക്കൽ, പടക്കമുണ്ടാക്കൽ എന്നീ പണികൾ ചെയ്യും. ഉത്സവങ്ങളിലെ വെടിക്കെട്ടു തീരും വരെ ഉള്ളിൽ തീയുമായി കാത്തിരിക്കുന്ന വീട്ടമ്മമാരുള്ള ഒരു ഗ്രാമം. കുറഞ്ഞ സമയം കൊണ്ട് നല്ല സമ്പാദ്യവും എല്ലാവരേക്കാളും ഏറ്റവും അടുത്തുനിന്ന് പൂരവും വെടിക്കെട്ടും കാണാം എന്നതുമാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. വെന്നൂരിലെ പാടങ്ങളിൽ ചെറിയ വെടിമരുന്നു ശാലകൾ ഇപ്പോഴും

ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. ചെറിയ തോതിൽ പ്രവർത്തിക്കുന്ന താൽക്കാലിക ഷെഡുകളും കാണാം. 2006ലെയും 2011ലെയും വെടിക്കെട്ട് ദുരന്തങ്ങളിൽ നാട്ടുകാർ പലരും മരിച്ച ശേഷം കരിമരുന്നു ശാലകളിലേക്കുപോകുന്ന വെന്നൂരുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കരിമരുന്നു പണിയിലെ പാരമ്പര്യം ഇപ്പോഴും നാട്ടിൽനിന്നും വിട്ടുപോയിട്ടില്ല.

എന്തു​െകാണ്ടായിരിക്കും കേരളത്തിലെ ഒരു ദലിത് കോളനിയിലെ ആണുങ്ങളെല്ലാം ഇങ്ങനെ കരിമരുന്ന് ദുരന്തങ്ങളിൽ ചിതറി​െത്തറിക്കുന്നതെന്ന് ചോദിച്ചാൽ അധികൃതർക്ക് ഉത്തരമില്ല. പണ്ടുണ്ടായിരുന്ന ജാതിത്തൊഴിൽ ക്രമീകരണം തിരികെ വരുന്നതിന്റെ സൂചനകൾ കൂടിയാണിത്. ഏറ്റവും അപകടം പിടിച്ചതും അപരിഷ്കൃതവുമായ തൊഴിലുകൾ ദലിതുകൾ ചെയ്യട്ടെ എന്നൊരു അലിഖിത നിയമം ഇപ്പോഴും നമുക്കിടയിൽ ചില ആചാരങ്ങൾ പോലെ പാലിച്ചുപോരുന്നു. വെടിക്കെട്ട് ദുരന്തങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഇതര സമുദായങ്ങൾ ഇല്ല എന്നല്ല ഇതിനർഥം. ദലിതുകൾ വളരെ കൂടുതലാണ് എന്നതാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അധികൃതർ പരിശോധിക്കേണ്ടതുണ്ട്. ഒരു ജീവിതത്തിനുംമേൽ ഇനി കരിമരുന്നിന്റെ കരിനിഴൽ പതിയാതിരിക്കട്ടെ...

Tags:    
News Summary - Echoes of Gunpowder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.