മുഹമ്മദ് റഫീഖ്, റബാഹ്
മഞ്ചേരി: മാലാംകുളം ചെങ്ങണയിൽ ലോറി രണ്ട് ഓട്ടോറിക്ഷകളിലും കാറിലുമിടിച്ച് രണ്ട് പേർ മരിച്ചു. മഞ്ചേരി രാമൻകുളം സ്വദേശി നടുക്കണ്ടി മുഹമ്മദ് റഫീഖ് (36), നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. റബാഹിന്റെ പിതാവ് പടാള ഫിറോസ് (44), ഭാര്യ റുക്സാന (36), മകൾ റാനിയ (14), റഫീഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ജുനൈദ് (25) എന്നിവർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകീട്ട് 4.30നായിരുന്നു അപകടം. മഞ്ചേരി ഭാഗത്ത് നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ചെങ്ങണയിലെ വളവിൽ എതിർ ദിശയിൽ നിന്ന് വരുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ഒരു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെരുന്നാൾ ദിനത്തിൽ ഭാര്യയെയും കുട്ടികളെയും നെല്ലിക്കുത്തിലെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷം മഞ്ചേരിയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് റഫീഖ് സഞ്ചരിച്ച ഓട്ടോ അപകടത്തിൽപ്പെട്ടത്.
സെൻററിങ് തൊഴിലാളിയാണ്. ഭാര്യ: തസ്നിയ. മക്കൾ: മുഹമ്മദ് റബീഹ്, ഫാത്തിമ റജ. കുടുംബത്തോടൊപ്പം നെല്ലിക്കുത്തിലെ വീട്ടിൽ നിന്ന് വട്ടപ്പാറയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഫിറോസിന്റെ ഓട്ടോ അപകടത്തിൽപ്പെട്ടത്. ഫിറോസിനെ മഞ്ചേരിയിലെ ആശുപത്രിയിലും ഭാര്യയെയും മകളെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.