യുവ കലാകാരൻ ഫഹദ് പുല്ലൻ നിര്യാതനായി

കീഴുപറമ്പ് (മലപ്പുറം): നിരവധി ഹോം സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ യുവ കലാകാരന്‍ ഫഹദ് പുല്ലന്‍ (35) നിര്യാതനായി. കോവിഡ് മുക്തനായി ശേഷം ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പാറമ്മല്‍ അഹമ്മദ് കുട്ടി സംവിധാനം ചെയ്ത വെള്ളരിപ്പാടം തിയേറ്റേഴ്‌സിന്റെ വിത്തും കൈക്കോട്ടും എന്ന നാടകത്തില്‍ പ്രധാനകഥാപാത്രമായ സഞ്ചാരിയുടെ വേഷം ചെയ്തത് ഫഹദായിരുന്നു. ആബിദ് തൃക്കളയൂര്‍ സംവിധാനം ചെയ്ത ന്റെ പുള്ളി പയ്യ് കരയുന്നു, ഹഫീസ് കൊളക്കാടന്‍ സംവിധാനം ചെയ്ത അവറാന്റെ പോത്ത്, മൂന്ന് പഴങ്കഥകള്‍, നൂറാമിന, കൊടികേറ്റം, മരം കേറി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കറുത്ത പെണ്ണിന്റെ വെളുത്ത മനസ്സ് എന്ന ഹോം സിനിമയില്‍ ഗാനരചയിതാവും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിരവധി സ്റ്റേജ് ഷോകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന നിലമ്പൂര്‍ സീനത്ത് സംവിധാനം ചെയ്യുന്ന രണ്ടാം നാള്‍ എന്ന സിനിമയില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ട്.

ദര്‍ശന ടി.വി സംപ്രേഷണം ചെയ്ത അമീന്‍ ജൗഹര്‍ സംവിധാനം ചെയ്ത അകത്തോ പുറത്തോ എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സോളിഡാരിറ്റി പ്രവര്‍ത്തകനായിരുന്ന ഫഹദ് സേവന രംഗത്തും നാട്ടില്‍ സജീവമായിരുന്നു. തൃക്കളയൂരിലെ യുവജന കൂട്ടായ്മയായ കോമ്പി ബ്ലോക്ക് ക്ലബ്ബിന്റെ മെമ്പറുമായിരുന്നു.

പരേതനായ പുല്ലന്‍ അലവിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: മുബഷിറ വടക്കുംമുറി. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്‍ഗഫൂര്‍, ജുവൈരിയ. യുവകലാകാരന്റെ മരണത്തില്‍ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.