ഫിറോസ് ഖാൻ പത്താൻ
ധാർവാഡ് (കർണാടക): വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫിറോസ് ഖാൻ പത്താനെ (34) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുൾപ്പെടെ ഒൻപത് പേർ പിടിയിൽ. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാ ഉൾപ്പടെയുള്ള ഒൻപത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏപ്രിൽ 10ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള ഫിറോസിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമിസംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. മുഹമ്മദ് ഷാ, സയ്യിദ് ഗൗസ്, പർവേസ്, സമീർ, സദ്ദാം ഹുസൈൻ, കൈഫ്, അർബാസ്, സുഹൈൽ ഖാൻ, മക്തൂം എന്നിവരാണ് പിടിയിലായവർ. പ്രതികളിൽ പലരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
ഫിറോസും മുഹമ്മദ് ഷായും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ദിവസങ്ങളോളം ഫിറോസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയത്. ഏപ്രിൽ 24ന് നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ഫിറോസ്. വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്യാനും ഷോപ്പിങ്ങിനുമായി ഫിറോസ് പുറത്തുപോകുമ്പോൾ കൂടെ പുരുഷന്മാരായ ബന്ധുക്കൾ ഉണ്ടാകാറുള്ളതിനാൽ, അദ്ദേഹം വീട്ടിൽ ഒറ്റക്കുള്ള സമയം നോക്കിയാണ് പ്രതികൾ ആക്രമിച്ചത്.
സംഭവം നടന്ന രാത്രി ഒൻപതരയോടെ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു ഫിറോസ്. ഈ സമയം അക്രമിസംഘത്തിലെ ഒരാൾ ഫിറോസിനെ ആക്രമിച്ചു. രക്ഷപ്പെടാനായി വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഫിറോസിനെ പ്രതികൾ പിന്തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഫിറോസിന്റെ അമ്മക്കും സഹോദരിക്കും പരിക്കേറ്റു. കൃത്യത്തിന് ശേഷം ഫിറോസിന്റെയും വീട്ടുകാരുടെയും മൊബൈൽ ഫോണുകൾ തട്ടിയെടുത്താണ് പ്രതികൾ കടന്നുകളഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.