ഔറംഗാബദിൽ സഹോദരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17 കാരി ആത്മഹത്യ ചെയ്തു. രാജ്യം മുഴുവൻ രക്ഷാബന്ധൻ ദിനം ആഘോഷിക്കുമ്പോഴാണ് ഔറംഗാബാദിൽ നിന്നുള്ള വാർത്ത പുറത്തുവരുന്നത്. ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ വീർഗാവോൺ പൊലീസിൽ പരാതി നൽകിയത്.
കർഷകനാണ് പെൺകുട്ടിയുടെ പിതാവ്. കീടനാശിനി കഴിച്ചാണ് പെൺകുട്ടി ബുധനാഴ്ച ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മകളിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് അമ്മ അവളെ നിരീക്ഷിക്കാൻ തുടങ്ങിയത്. അമ്മ ചോദിച്ചപ്പോൾ താൻ ഗർഭിണിയാണെന്നുള്ള കാര്യം പെൺകുട്ടി പറഞ്ഞു. ഇവരുടെ സമീപത്ത് താമസിക്കുന്ന 25 വയസുള്ള കസിൻ ബ്രദർ തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച കാര്യവും പെൺകുട്ടി അമ്മയോട് പറഞ്ഞു. ഏതാണ്ട് ഒമ്പതു മാസം മുമ്പാണ് യുവാവ് പെൺകുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്.
വീട്ടിൽ തനിച്ചായപ്പോൾ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് നിരവധി തവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് ബലാത്സംഗം ചെയ്തു. പെൺകുട്ടി മരിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 13 വരെ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.