മൂവാറ്റുപുഴ: പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പുത്തൻകുരിശ് മറ്റക്കുഴി താഴത്തറക്കൽ രഘുനന്ദ മേനോന്‍റെയും കുഞ്ഞമ്മയുടെയും മകൻ രാജേഷ് കെ. മേനോനെയാണ് (48) വ്യാഴാഴ്ച രാവിലെ 11ഓടെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ് കഴിഞ്ഞ എട്ടിനാണ് വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയി ചുമതലയേൽക്കുന്നത്.
വ്യാഴാഴ്ച രാവിലെ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകേണ്ടിയിരുന്ന രാജേഷ് എത്താതിരുന്നതിനെ തുടർന്ന് വാഴക്കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്വാർട്ടേഴ്സിലെത്തി അന്വേഷിച്ചപ്പോഴാണ് ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ പൂട്ടിയിരുന്നില്ല. മേശയിൽ ആത്മഹത്യക്കുറിപ്പും ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കത്തിലെ സൂചനയെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ, ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വൈകീട്ട് മൂന്നോടെ കളമശ്ശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യയുമായി അകൽച്ചയിലായിരുന്ന ഇദ്ദേഹം പുത്തൻകുരിശിൽ അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് വാഴക്കുളത്തെ പൊലീസ് ക്വാർട്ടേഴ്സിലേക്ക് മാറിയത്. ഭാര്യ: രമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.