കുഴഞ്ഞുവീണ യാത്രക്കാരനുമായി ആശുപത്രിയിലേക്ക് കുതിച്ച് ബസ്; സ്നേഹ സ്പർശം കടന്ന് ഖാലിദ് യാത്രയായി

പെരിന്തൽമണ്ണ: സർവിസിനിടെ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലാമന്തോൾ വിളയൂർ കൊടവാൻതൊടി വീട്ടിൽ ഖാലിദാണ് (65) ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.

പെരിന്തൽമണ്ണയിൽ ഓർത്തോ ഡോക്ടറെ കാണാൻ പുറപ്പെട്ട ഖാലിദിന് കട്ടുപ്പാറക്ക് സമീപം മില്ലുംപടിയിൽ എത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ബസ് ജീവനക്കാർ ബസ് നേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിൽ എത്തിച്ച ഉടൻ അടിയന്തര ചികിത്സ നൽകിയെങ്കിലും അൽപസമയത്തിനുശേഷം മരിച്ചു.

എടത്തനാട്ടുകര-വിളയൂർ റൂട്ടിലോടുന്ന എമിറേറ്റ്സ് ബസ് ജീവനക്കാരാണ് വിദ്യാർഥികളടക്കം യാത്രക്കാരെയുമായി ആശുപത്രിയിലേക്ക് കുതിച്ചത്. ബസ് ജീവനക്കാർ കാണിച്ച ജാഗ്രത പ്രശംസനീയമാണെങ്കിലും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിലെ നിരാശ ആശുപത്രി അധികൃതർ പങ്കുവെച്ചു. തങ്ങളാലാവുന്ന ഇടപെടൽ നടത്തിയിട്ടും രക്ഷിക്കാനാവാത്ത നിരാശയിലാണ് ബസ് ജീവനക്കാരും. കുഴഞ്ഞുവീണ ഉടൻ ഖാലിദിന്റെ പക്കലെ മൊബൈൽ ഫോണിൽനിന്ന് ബന്ധുവിനെ വിവരം അറിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച് അൽപസമയത്തിനകം ബന്ധുക്കളെത്തി.

ഖാലിദിന് 15 വർഷം മുമ്പ് നെഞ്ചുവേദന വന്നിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമായി പറയുന്നത്. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബുദ്ദീൻ, ഷാനവാസ്, സാബിറ. മരുമക്കൾ: ശിഫ, ഫർഹാന, ഉമ്മർ. 

Tags:    
News Summary - Bus rushes to hospital with collapsed passenger; Khalid left after the touch of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.