പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. തെലുഗു, തമിഴ് സിനിമകളില്‍ സജീവമായിരുന്നു. ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണ്.
ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശരത് ബാബു, ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിൽ ചികിത്സയിലായിരുന്നു.
സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുഗു ചിത്രം 'രാമ രാജ്യ'ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിണ പ്രവേശം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. ബാലചന്ദറിന്റെ തന്നെ 1978-ൽ പുറത്തിറങ്ങിയ ‘നിഴൽകൾ നിജമാകിറത്’ എന്ന ചിത്രത്തിലൂടെ തമിഴിൽ പ്രശസ്തനായി. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് ശരത് ബാബുവിന് തമിഴിലും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ശരത് ബാബുവിന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയത് 'വസന്ത മുല്ലൈ'യാണ്.
ശരത് ബാബു മലയാളത്തിലും നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടു. 'ശരപഞ്‍ജരം', 'ധന്യ', 'ഡെയ്‍സി', 'ഫോര്‍ ഫസ്റ്റ് നൈറ്റ്‍സ്', 'ശബരിമലയില്‍ തങ്ക സൂര്യോദയം', 'കന്യാകുമാരിയില്‍ ഒരു കവിത', 'പൂനിലാമഴ', 'പ്രശ്‍ന പരിഹാര ശാല' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശരത് ബാബു അഭിനയിച്ചു. ദൂരദര്‍ശനില്‍ ഉള്‍പ്പെടെ ഒട്ടേറെ ടി.വി പ്രോഗ്രാമുകളുടെയും ഭാഗമായി ശരത്.
ശരത് ബാബു നിരവധി തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരതിനെ തേടിയെത്തി. പ്രശസ്‍ത തെന്നിന്ത്യൻ താരമായ രമാ ദേവിയെ 1974ല്‍ വിവാഹം ചെയ്‍ത ശരത് ബാബു 1988ല്‍ ആ ബന്ധം അവസാനിപ്പിച്ചു. ശരത് 1990ല്‍ സ്‍നേഹ നമ്പ്യാരെയും വിവാഹം കഴിച്ചെങ്കിലും 2011ല്‍ വിവാഹമോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.