അപകടത്തിൽപെട്ട കാർ
ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ കൊല്ലെഗൽ ചിക്കിന്ദുവാഡിക്ക് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. മൈസൂരുവിൽ നിന്നുള്ള നിഖിത, ശ്രീലക്ഷ്മി, മാണ്ഡ്യയിൽ നിന്നുള്ള സുഹാസ്, ശ്രേയസ് എന്ന ഷെട്ടി, നിതിൻ എന്നിവരാണ് മരിച്ചത്. 21നും 22നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറി.
ശിവരാത്രി ജാത്ര മഹോത്സവത്തിന്റെ മഹാരഥോത്സവത്തിൽ പങ്കെടുക്കാൻ മാലെ മഹാദേശ്വര (എം.എം) കുന്നുകളിലേക്ക് കാറിൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലെഗലിനും എം.എം ഹിൽസിനും ഇടയിലുള്ള ഇടുങ്ങിയ ബണ്ട് റോഡിലാണ് അപകടം നടന്നതെന്ന് ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ബി.ടി. കവിത പറഞ്ഞു. അമിത വേഗത്തിൽ വന്ന 10 ചക്ര ലോറി മറ്റൊരു വാഹനത്തെ മറികടന്ന് വിദ്യാർഥികളുടെ കാറിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് രണ്ട് വാഹനങ്ങളും അടുത്തുള്ള വയലിലേക്ക് മറിഞ്ഞു. കാർ പാടശേഖരത്തിനും കനാലിനും ഇടയിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കൊല്ലപ്പെട്ടവർ എം.ഐ.ടി എൻജിനീയറിങ് വിദ്യാർഥികളും സുഹൃത്തുക്കളുമാണെന്ന് എസ്.പി പറഞ്ഞു. ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. മരിച്ചവരുടെ മൊബൈൽ ഫോണുകൾക്ക് കേടുപാട് സംഭവിച്ചതിനാൽ സിം കാർഡുകൾ വേറെ ഫോണിൽ ഇട്ടാണ് ബന്ധുക്കളെ ബന്ധപ്പെടാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.