അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. പുഷ്കർ ഘാട്ടി മേഖലയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. ദുരന്തത്തിൽ 31 പേർക്ക് പരിക്കേറ്റു. അജ്മീറിൽ നിന്ന് പുഷ്കറിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പൂജ (28), വിമല ദേവി (50) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സഞ്ജീസറിന് സമീപം വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാന പാതയിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചക്കിടെ കൊക്കയിലെ മരങ്ങളിലും കുറ്റിച്ചെടികളിലും ബസ് തങ്ങിനിന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്. അപകടം നടന്ന ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൊക്കയിലേക്ക് ഇറങ്ങാൻ വടമില്ലാതിരുന്നതോടെ നാട്ടുകാർ തങ്ങളുടെ വസ്ത്രങ്ങൾ പരസ്പരം കൂട്ടിക്കെട്ടി വടമുണ്ടാക്കി താഴെയിറങ്ങുകയും പരിക്കേറ്റവരെ ഓരോരുത്തരെയായി മുകളിലേക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് എസ്.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ്, പോലീസ് സംഘങ്ങളും സ്ഥലത്തെത്തി.
പരിക്കേറ്റവരെ ഉടൻ തന്നെ പുഷ്കറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ഇവരെ പിന്നീട് അജ്മീറിലെ ജവഹർലാൽ നെഹ്‌റു ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 30 പേർ ചികിത്സയിലാണെന്നും ഒരാളെ ഡിസ്ചാർജ് ചെയ്തതായും ആശുപത്രി സൂപ്രണ്ട് ഡോ. അരവിന്ദ് ഖാരെ അറിയിച്ചു. അപകടത്തെത്തുടർന്ന് പുഷ്കർ ഘാട്ടി മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ക്രമീകരണങ്ങൾ നടത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.