മാന്നാർ: നാലു വയസുകാരനായ ഡെൽവിൻ ജോണിനെ ഞായറാഴ്ച രാവിലെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മിഥുൻകുമാർ എന്ന രഞ്ജിത്ത് ജോണിെൻറ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. കുറിപ്പിങ്ങനെ:`` മാപ്പ്... അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട് മനസ് പതറിപ്പോയി ഞാൻ പോകുന്നു മോനെ പിരിയാൻ വയ്യ ചെയ്യുന്നത് തെറ്റാണെന്ന് അറിയാം എന്നാലും അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. ഞങ്ങളെ പിരിക്കരുത്.. മാപ്പ്... മാപ്പ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...''.
ഞായറാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. പന്തളം ഇടപ്പോൺ ജോസ്കോ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സൈമൺ ജോലി കഴിഞ്ഞ് രാവിലെ വരുന്നവഴി ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടിക്ക് സമീപമുള്ള മലങ്കര കത്തോലിക്ക പള്ളിയിൽ പ്രാർഥനക്കുപോയ ഭാര്യ സൂസനെയും കൂട്ടി രാവിലെ 9.30നാണ് വീട്ടിലെത്തിയത്. മകനും കൊച്ചുമകനും ഉറക്കമാണെന്ന് കരുതി വിളിച്ചുണർത്താൻ ഡൈനിങ് ഹാളിന്‍റെ വശത്തെ മുറിയിൽ തട്ടിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചു കിടക്കുന്നതായി കണ്ടത്.
മകനെ ശ്വാസം മുട്ടിച്ചുകൊന്ന് ഇരുകൈയിലെയും ഞരമ്പ് മുറിച്ചതിനുശേഷം മെത്തക്ക് മുകളിൽ കിടത്തി. തുടർന്ന് മിഥുൻ മുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ മൃതദേഹം കട്ടിലിലും മിഥുന്‍റെ മൃതദേഹം കെട്ടിത്തൂങ്ങിയ ഷാൾ പൊട്ടി നിലത്തുവീണ നിലയിലുമാണ് കാണപ്പെട്ടത്. മുറിയിൽനിന്ന് മിഥുന്‍റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
12 വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന മിഥുൻ അഞ്ച് വർഷം മുമ്പ് തിരികെ നാട്ടിലെത്തിയ ശേഷം പെയിന്‍റിങ് ജോലിയാണ് ചെയ്തിരുന്നത്. പത്തനംതിട്ട റാന്നി നെല്ലിക്കമൺ തൈപ്പറമ്പിൽ ജോൺ-ലത ദമ്പതികളുടെ മകൾ സെലിനാണ് മിഥുന്‍റെ ഭാര്യ. ഇവർ ഒന്നര വർഷമായി സൗദിയിൽ നഴ്സാണ്.
ആലപ്പുഴയിൽനിന്നുള്ള ഫോറൻസിക് വിദഗ്ധരായ ചിത്ര, ചന്ദ്രദാസ് എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, മാന്നാർ എസ്.എച്ച്.ഒ ജോസ് മാത്യു, എസ്.ഐ സി.എസ്. അഭിരാം എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സെലിൻ സൗദിയിൽനിന്ന് വന്നതിനുശേഷം സംസ്കാരം നടത്തും. മിഥുന്‍റെ സഹോദരി: രഞ്ജിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.