കഥയുടെ ഗതിനിര്‍ണയിക്കാന്‍ ഈ കഥാകാരന്‍ ഇനിയുമെത്തും

മലയാള കലോത്സവവേദിയില്‍ കഥയുടെ പുതുനാമ്പുകള്‍ക്ക് ദിശ നിശ്ചയിച്ച കഥാകാരന്‍ ടി.എന്‍. പ്രകാശ് എഴുത്തിന്‍െറയും വായനയുടെയും വര്‍ത്തമാനത്തിന്‍െറയും ഇടവേളയിലാണ്. മലയാള കലകള്‍ 20 ‘നദികളി’ലായി കണ്ണൂര്‍ നഗരത്തിന്‍െറ ഹൃദയവീഥിയില്‍ ഒഴുകുമ്പോള്‍ അതില്‍ വിധികര്‍ത്താവാകേണ്ടിയിരുന്നു, നാട്ടുകാരനായ പ്രകാശ്.

ചെറുകഥാമത്സര വിഷയങ്ങള്‍ കാലത്തോട് സംവദിക്കാതെ സഞ്ചരിച്ചപ്പോള്‍ കഥയെ കാലത്തിന്‍െറ വഴിയിലേക്ക് തിരിച്ചുവിട്ടവരില്‍ പ്രകാശുമുണ്ടായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്ന പ്രകാശ് 2011ല്‍ തലശ്ശേരി ഡി.ഇ.ഒ സ്ഥാനത്തുനിന്ന് വിരമിച്ച് സാംസ്കാരികരംഗത്ത് സജീവ സാന്നിധ്യമാകുന്നതിനിടെയാണ് പൊടുന്നനെ നിശ്ശബ്ദനായത്. 2015ലെ തിരുവോണനാളിലാണ് പക്ഷാഘാതം വന്നത്.

വീട്ടുമുറ്റത്ത് കലോത്സവം എത്തുമ്പോള്‍ അതിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞില്ളെങ്കിലും വീണ്ടും കഥയിലേക്കും വിധികര്‍ത്താവായും തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.  ഭാര്യയും കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപികയുമായ ഗീതയുടെ പരിചരണം അതിനെ തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഇപ്പോള്‍ അഴീക്കോട് മര്‍മചികിത്സയിലാണ്. കലോത്സവം നടക്കുന്നതറിഞ്ഞപ്പോള്‍ ആ മുഖം പ്രകാശിതമായി. അടുത്ത ഉത്സവത്തിന് കാണാം എന്ന പ്രതീക്ഷയും പങ്കുവെച്ചു.

കൈകേയി, തണല്‍, ചന്ദന, തെരഞ്ഞെടുത്ത കഥകള്‍, താജ്മഹല്‍, താപം തുടങ്ങിയ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച പ്രകാശിന് മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - writer t.n prakash state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.