കണ്ണൂര്‍: നാലു പതിറ്റാണ്ടിലധികമായി പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമത്തിന്‍െറ ജീവതാളം പഞ്ചവാദ്യമാണെന്ന് പറഞ്ഞാല്‍ അതില്‍ തരിമ്പും അതിശയോക്തിയില്ല. കൃത്യമായി പറഞ്ഞാല്‍ 1976ലായിരുന്നു പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആദ്യമായി സംസ്ഥാന കലോത്സവവേദിയിലത്തെിയത്. അന്നുതൊട്ട് ഇന്നോളം കലോത്സവവേദിയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഈ സ്കൂള്‍. ഒരു ഗ്രാമം മുഴുവന്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നു.

76ലെ അരങ്ങേറ്റത്തില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടെങ്കിലും, തുടര്‍ന്നിങ്ങോട്ട് പെരിങ്ങോട് സ്കൂളിന് വിജയത്തുടര്‍ച്ചകളായിരുന്നു. ഇതിനിടെ അഞ്ചു തവണ മാത്രമാണ് ഒന്നാം സ്ഥാനം കൈമോശം വന്നത്. എന്നാല്‍, തുടര്‍ച്ചയായി തങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ളെന്ന് പെരിങ്ങോട് സംഘം പറയുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഒന്നാം സ്ഥാനം ഇല്ലാതെ തിരിച്ച് വണ്ടികയറിയത്.  

പെരിങ്ങോട് ഗ്രാമവും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളും ഇവര്‍ക്ക് നല്‍കുന്ന നിര്‍ലോഭമായ പിന്തുണയോളം വരില്ല മറ്റൊന്നും. കലോത്സവവേദിയില്‍ എത്തി സമ്മാനം നേടാനായി ലക്ഷങ്ങള്‍ മുടക്കി പരിശീലിക്കുന്നവര്‍ കാണണം ഈ പെരിങ്ങോടന്‍ മാതൃക. 1976ല്‍ സ്കൂളിനെ പ്രതിനിധാനംചെയ്ത് സംസ്ഥാന കലോത്സവവേദിയില്‍ എത്തിയ മുരളീധരന്‍ മുതല്‍ക്ക് ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികള്‍ തന്നെയാണ് ഇവരുടെ ഗുരുക്കന്മാര്‍. തങ്ങള്‍ക്കുശേഷം പ്രളയം എന്ന് ചിന്തിക്കാന്‍ ഇവര്‍ ഒരുക്കമല്ല. നിത്യേന വൈകുന്നേരമുള്ള പരിശീലനം, മത്സരക്കാലത്ത് രാവിലെ പ്രത്യേക പരിശീലനം... ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ഈ ഗുരുക്കന്മാര്‍ തന്നെ.

അഞ്ചാംതരത്തില്‍ തുടങ്ങുന്നു പരിശീലനം. എട്ടാം ക്ളാസ് ആകുമ്പോഴേക്കും ഓരോരുത്തരുടെയും താല്‍പര്യം അനുസരിച്ചുള്ള വാദ്യങ്ങള്‍ അഭ്യസിപ്പിച്ച് തുടങ്ങും. അതില്‍നിന്നാണ് മത്സരത്തിനുള്ള ഏഴംഗ സംഘം തെരഞ്ഞെടുക്കപ്പെടുന്നത്. മത്സരത്തിനായുള്ള പരിശീലനം മാത്രമല്ല ഇവിടെ, സ്കൂളിന് സ്വന്തമായി പഞ്ചവാദ്യ സംഘമുണ്ട്. 

മത്സരത്തിനായി കണ്ണൂരിലേക്ക് വണ്ടികയറുന്നതിന്‍െറ രണ്ടു ദിവസം മുമ്പും ഇവര്‍ക്ക് പരിപാടിയുണ്ടായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികളാണ് ഇവരില്‍ ഭൂരിഭാഗവും. അവര്‍ക്ക് ചെറിയൊരു വരുമാനമാര്‍ഗംകൂടിയാണ് ഇതെന്ന് സ്കൂളിലെ അധ്യാപകര്‍ പറയുന്നു.

Tags:    
News Summary - pertingod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.