വേദി മാറിക്ക‍യറിയ കുട്ടിക്കുരങ്ങൻ

യുവജനോത്സവങ്ങളിലെ തുടക്കം

നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ യുവജനോത്സവങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അന്ന് ഉപജില്ല തലങ്ങളിലായിരുന്നു മത്സരം. പിന്നീട് ആറാം ക്ളാസിലത്തെിയതോടെ സംസ്ഥാനതലത്തില്‍ മത്സരിച്ചു. സംസ്ഥാനതലത്തില്‍ പ്രച്ഛന്നവേഷമായിരുന്നു മത്സര ഇനം. ആരും അറിയാതിരിക്കാന്‍ ഒരു ഒഴിഞ്ഞ ക്ളാസ് റൂമില്‍ പോയി ദേഹമാസകലം ചണമൊക്കെ വെച്ച് കുട്ടിക്കുരങ്ങനായി വന്നു. അപ്പോഴാണ് വേദി മാറിയതറിയുന്നത്. അന്ന് ഇന്നത്തെപ്പോലെ മൊബൈലൊന്നുമില്ലാത്തതിനാല്‍ വേദിമാറ്റം അറിഞ്ഞില്ല. വേഗം കുരങ്ങന്‍ ഒരു ഓട്ടോയില്‍ ചാടിക്കയറി വേദിക്കരികെയത്തെി. ‘ഈ കുരങ്ങനെ ആരാ അഴിച്ചുവിട്ടത്’ എന്ന് ചേച്ചിമാരൊക്കെ ചോദിച്ചു. അന്ന് ഞാന്‍ ഇതിലും മെലിഞ്ഞതാണ്. ഉയരവും കുറവ്. കുട്ടിക്കുരങ്ങുപോലെതന്നെ തോന്നിക്കും. എനിക്ക് ഭയങ്കര സന്തോഷമായി. കാരണം ഒറിജിനാലിറ്റിയുണ്ട്. അങ്ങനെ സ്റ്റേജിന്‍െറ പിന്നില്‍ ചെന്നപ്പോള്‍ അവസാന മത്സരവും കഴിഞ്ഞ് കര്‍ട്ടനിട്ടിരുന്നു. എന്നാലും എന്നോട് ദയതോന്നി സ്റ്റേജില്‍ കയറാന്‍ സംഘാടകര്‍ അവസരം തന്നു. ഒരു പ്രോത്സാഹന സമ്മാനവും കിട്ടി. അങ്ങനെ സംസ്ഥാന കലോത്സവത്തിലെ തുടക്കംതന്നെ വേദനയോടെയായിരുന്നു. പക്ഷേ, അന്ന് ആദ്യമായി പത്രത്തിലൊക്കെ എന്‍െറ പടവും വാര്‍ത്തയും വന്നു. അത് ഒരു അവാര്‍ഡ് കിട്ടിയപോലെയാണ് എനിക്ക് തോന്നിയത്.

മത്സരം കലാപ്രതിഭക്ക്

പിന്നീട് കലാപ്രതിഭക്കാണ് വിലയെന്ന് മനസ്സിലായി. അതോടെ, ഫാന്‍സി ഡ്രസിനൊപ്പം മിമിക്രിയും കഥാപ്രസംഗവും കൂട്ടിച്ചേര്‍ത്തു. അത് ക്ളിക്കായി. റവന്യൂ ജില്ലയില്‍ കലാപ്രതിഭയായി. തിരൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഒരു പോയന്‍റിനാണ് പ്രതിഭപ്പട്ടം നഷ്ടമായത്. അന്ന് കലാതിലകം മഞ്ജു വാര്യരായിരുന്നു. പ്രതിഭപ്പട്ടം പോയെങ്കിലും അവിടെ വരെയത്തെിയത് വലിയ കാര്യമായാണ് ഞാന്‍ കണ്ടത്. ഇതോടുചേര്‍ത്ത് പറയേണ്ടതാണ് മലബാറിലെ കലാസ്നേഹികളായ സഹൃദയരുടെ പ്രോത്സാഹനം. അന്ന് തിരൂരില്‍ സ്റ്റേജില്‍വന്ന് നില്‍ക്കുമ്പോള്‍തന്നെ കൈയടിയോടെയാണ് സ്വീകരിച്ചത്. മോണോആക്ടിനും മിമിക്രിക്കും ഏത് കലക്കും അങ്ങനെയായിരുന്നു.

യൂനിവേഴ്സിറ്റിയില്‍

പ്രീ ഡിഗ്രി ആയപ്പോഴേക്കും മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റിയിലായിരുന്നു മത്സരം. യൂനിവേഴ്സിറ്റി തലത്തിലായപ്പോള്‍ മത്സരത്തിന്‍െറ രസംപോയി. സ്കൂള്‍ തലത്തിലെ കലോത്സവങ്ങള്‍ക്കായിരുന്നു ഭംഗി കൂടുതല്‍. അതായിരുന്നു ആസ്വദിക്കാനും സുഖം. ആര്‍പ്പുവിളിയും ആഘോഷങ്ങളുമെല്ലാമായി നല്ലരസമായിരുന്നു സ്കൂള്‍ കലോത്സവനാളുകള്‍.

ഇന്നത്തെ കലോത്സവ കാഴ്ചകള്‍

ഇപ്പോള്‍ കൂടുതല്‍ ഐറ്റം കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. അതൊക്കെ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം നല്ലതുതന്നെ. പക്ഷേ, ഇപ്പോള്‍ തന്നെ പല പരിപാടികളും അവതരിപ്പിക്കാനും മര്യാദക്ക് വിധിനിര്‍ണയം നടത്താനും സമയമില്ല. പല മത്സരങ്ങളും പകലും പുലര്‍ച്ചെ വരെയുമൊക്കെ നീണ്ടുപോകുന്നു. പലപ്പോഴും വിധികര്‍ത്താക്കള്‍ക്ക് മൂത്രമൊഴിക്കാന്‍പോലും സമയമില്ല. പിന്നെയെങ്ങനെ വിലയിരുത്തും. കുട്ടികളും പുലര്‍ച്ചെവരെ ഉറക്കമൊഴിച്ച് നില്‍ക്കേണ്ടിവരുന്നു. അത് വലിയ പീഡനമാണ്. എങ്ങനെ കുട്ടികള്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. കാളകളെ കശാപ്പിന് കൊണ്ടു പോകുന്നതുപോലെയാകും അവരുടെ മുഖം. പിന്നെ മത്സരം വൈകുന്നു. വൈകുന്നതിനനുസരിച്ച് സ്റ്റേജ് മാറുന്നു. എല്ലാവര്‍ക്കും മത്സരിക്കാനുള്ള അവസരമില്ലാതാകുന്നു. മത്സരിച്ചവരില്‍ വലിയൊരു ഭാഗം പിന്നീട് അപ്പീലിന് പോകുന്നു. അതായിരിക്കുന്നു ഇന്നത്തെ കലോത്സവ നാളുകളിലെ അവസ്ഥ. അപ്പീല്‍ പോസ്റ്റ്മോര്‍ട്ടം പോലെയാണ് എന്നാണ് എന്‍െറ അഭിപ്രായം. ഒരു കലാകാരന്‍െറയും കഴിവിനെ സീഡിയിട്ട് ജഡ്ജ് ചെയ്യാനാകില്ല. പ്രത്യേകിച്ച് മിമിക്രിയൊക്കെ. സ്റ്റേജ് പെര്‍ഫോമന്‍സും റെക്കോഡ് ചെയ്തതും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടാകും. പിന്നെയെങ്ങനെ അവയുടെ റിസല്‍ട്ട് യഥാര്‍ഥത്തിലുള്ളതാവും?

വിധികര്‍ത്താക്കള്‍

വിധികര്‍ത്താക്കളുടെ കാര്യത്തിലും പ്രശ്നമുണ്ട്. കാരണം, പ്രാവീണ്യമുള്ളവരെ പിടിച്ചിരുത്തുകയെന്നത് മാത്രമല്ല, അവരെ തുടര്‍ച്ചയായി കൊണ്ടുവരുമ്പോള്‍ അവരില്‍ ചിലരെ നോട്ട് ചെയ്ത് സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് എന്നുകൂടി ഓര്‍ക്കണം. അതിന്‍െറ പേരില്‍ പ്രശ്നങ്ങളുണ്ടായ എത്രയോ സംഭവം നമുക്കറിയാം. വിധി പ്രഖ്യാപനം കുറ്റമറ്റതാക്കേണ്ടത് സംഘാടകസമിതിയുടെ ഉത്തരവാദിത്തമാണ്. അതുപോലെതന്നെ, കുറ്റമറ്റരീതിയില്‍ വിധിയെഴുതാനുള്ള ആത്മാര്‍ഥത തങ്ങള്‍ക്കുണ്ടെന്ന് സ്വയം തീരുമാനിച്ചിട്ട് വേണം വിധികര്‍ത്താക്കള്‍ ഇതിന് വന്നിരിക്കാന്‍. മാധ്യമങ്ങള്‍ വിധികര്‍ത്താക്കളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. എന്നെ പലതവണ വിധികര്‍ത്താവാകാന്‍ വിളിച്ചിട്ടുണ്ടെങ്കിലും ഞാന്‍ അതിനുവേണ്ടി കലോത്സവങ്ങളില്‍ പോയിട്ടില്ല. സമയത്തിന്‍െറ പ്രശ്നംതന്നെയാണ് കാരണം. ഒരുപാട് സമയം തുടര്‍ച്ചയായി വിധി പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാകുന്ന അരോചകത്വവും മറ്റും പ്രശ്നമാണ്. വിധികര്‍ത്താക്കള്‍ ക്ഷീണിച്ച് ഇരുന്നുറങ്ങുന്ന അവസ്ഥയൊക്കെയുണ്ടാകാറുണ്ട്. ചാനലിലെ വിധികര്‍ത്താക്കള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള സമയമൊന്നും കലോത്സവ വേദികളില്‍ ലഭിക്കില്ല. ചാനല്‍ ഷോകളില്‍ വിധികര്‍ത്താക്കള്‍ക്ക് ഇതിന് ഒരുപാട് സമയം ലഭിക്കും. വിധികര്‍ത്താവായിട്ടല്ളെങ്കിലും ഇപ്പോഴും പല യുവജനോത്സവ വേദികളിലും സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ പോകാറുണ്ട്. മത്സരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കലാതിലകവും കലാപ്രതിഭയും

കലാതിലകവും കലാപ്രതിഭയും നിര്‍ത്തലാക്കിയത് വലിയ പോരായ്മയാണ്. ഒരു കലാകാരനും കലാകാരിക്കും വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെ പോകുന്നുണ്ട് ഇതിലൂടെ എന്നതാണ് എന്‍െറ കാഴ്ചപ്പാട്. കലോത്സവ വേദികളില്‍നിന്ന് ഒരു മഞ്ജു വാര്യരോ വിനീതോ ഒന്നും ഇപ്പോള്‍ ഉണ്ടാകുന്നില്ല. മത്സരം കേവലം ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമായിത്തീരുകയാണ് ഇപ്പോഴെന്ന് ഞാന്‍ കരുതുന്നു. ഇതൊരു നല്ല പ്രവണതയായി കാണുന്നില്ല.

കലോത്സവത്തിന്‍െറ ഭാവി

ഭാവിയില്‍ ചില കലകള്‍ക്ക് വലിയ പ്രാധാന്യം വന്ന് കാഴ്ചക്കാരുണ്ടാവുകയും ചില മത്സരങ്ങള്‍ പ്രഹസനം മാത്രമായി മാറുകയും ചെയ്യും. അതായത് കുട്ടികള്‍ ഇംഗ്ളീഷും കണക്കുമൊക്കെ പഠിക്കുന്നതുപോലെ എന്തെങ്കിലുമൊന്ന് പഠിക്കുന്നു എന്ന അവസ്ഥയായി മാറും. ഇനി ഒരു പ്രഫഷനല്‍ കലാകാരിയെയോ കലാകാരനെയോ കിട്ടാന്‍ സാധ്യതയില്ലാത്ത അവസ്ഥ വരും. അത് കഴിവുള്ള കുട്ടികളില്ലാത്തതുകൊണ്ടല്ല. കലകളെല്ലാം വെറും മത്സരം മാത്രമായി മാറുന്നതുകൊണ്ടാണ്. യുവജനോത്സവങ്ങളുടെ ലക്ഷ്യം തന്നെ സമൂഹത്തിന് നന്മചെയ്യുന്ന കലാകാരനെയും കലാകാരിയെയുമൊക്കെ വാര്‍ത്തെടുക്കുക എന്നാണ്. ഇന്നത്തെ രീതിയിലുള്ള മത്സരങ്ങള്‍ ആ ലക്ഷ്യം നിറവേറ്റാന്‍ ഒരിക്കലും പ്രാപ്തമാവുന്നവയല്ല. കലയോടുള്ള മനോഭാവം മാറണം. അപ്പോള്‍ കല താനേ വളരും.

തയാറാക്കിയത്: സിദ്ദീഖ് പെരിന്തല്‍മണ്ണ

Tags:    
News Summary - film star guinness pakru school kalolsavam memmories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.