ശാസ്ത്രവിഷയങ്ങളിൽ ​നെറ്റ് ജൂണിൽ

രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും ശാസ്ത്രവിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസറാകാനും ജൂനിയർ റിസർച് ഫെലോഷിപ് നേടാനും പിഎച്ച്.ഡി പ്രവേശനത്തിനുമുള്ള യോഗ്യതാ നിർണയ പരീക്ഷയായ ജോയന്റ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് ദേശീയതലത്തിൽ ജൂൺ 25, 26, 27 തീയതികളിൽ നടത്തും.

നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാചുമതല. എൻ.എഫ്.ഒ.ബി.സി,എൻ.എസ്.എസ്.സി മുതലായ നാഷനൽ ഫെലോഷിപ്/പദ്ധതികളിലേക്ക് പരിഗണിക്കപ്പെടുന്നതിനും ഈ പരീക്ഷയിൽ യോഗ്യത നേടാം.

പരീക്ഷ: കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫെറിക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ അഞ്ച് ടെസ്റ്റ് പേപ്പറുകളാണ് കമ്പ്യൂട്ടർ അധിഷ്ഠിത നെറ്റ് പരീക്ഷയിലുള്ളത്. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ജോയന്റ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്’ പരീക്ഷാ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://csirnet.nta.ac.in, www.nta.ac.in എന്നീ വെബ്സൈറ്റുകളിൽനിന്നും ഡൗൺലോഡ് ചെയ്യാം. പരീക്ഷാഘടനയും സിലബസും വിവരണക്കുറിപ്പിലുണ്ട്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദമെടുത്തവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിനും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്കും യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി.

എട്ട് സെമസ്റ്ററുകളായുള്ള നാലുവർഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാം മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരെയും പരിഗണിക്കും. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.

ജെ.ആർ.എഫിന് പ്രായപരിധി 30 വയസ്സാണ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. മറ്റൊന്നിനും (അസി. പ്രഫസർ, പിഎച്ച്.ഡി) പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിവരണക്കുറിപ്പിലുണ്ട്.

അപേക്ഷാഫീസ്-ജനറൽ 1150 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ 325 രൂപ. നിർദേശാനുസരണം ഓൺലൈനായി മേയ് 21 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് മേയ് 23 വരെ സ്വീകരിക്കും.

കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - NET in Science in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.