നടുത്തളത്തില്‍ സമ്പത്ത് തലകറങ്ങി വീണു; ലോക്സഭ നിര്‍ത്തിവെച്ചു

ന്യൂഡൽഹി: മതംമാറ്റ പ്രശ്നത്തിൽ സ൪ക്കാറിനെതിരെ പ്രതിഷേധിക്കുന്നതിനിടയിൽ സി.പി.എമ്മിലെ എ. സമ്പത്ത് ലോക്സഭയിൽ തലകറങ്ങി വീണു. ഇതേതുട൪ന്ന് സഭാനടപടികൾ ഡെപ്യൂട്ടി സ്പീക്ക൪ തമ്പിദുരെ കുറെ നേരത്തേക്ക് നി൪ത്തിവെച്ചു.
 പാ൪ലമെൻറ് മന്ദിരത്തിൽനിന്ന് ഉടനെ  തൊട്ടടുത്ത എം.പിമാരുടെ ക്ളിനിക്കിൽ എത്തിച്ചതിനെ തുട൪ന്ന് സമ്പത്ത് അൽപനേരത്തിനു ശേഷം ആരോഗ്യനില വീണ്ടെടുത്തു. വിശ്രമിക്കാത്തതും ഉറക്കക്കുറവും കൊണ്ടാണ് തലകറക്കം ഉണ്ടായതെന്ന് പരിശോധിച്ച ഡോക്ട൪മാ൪ പറഞ്ഞു.

 ബഹളംമൂലം നി൪ത്തിവെച്ച ലോക്സഭ ഉച്ചതിരിഞ്ഞ് മൂന്നിന് വീണ്ടും സമ്മേളിച്ചപ്പോഴാണ് സംഭവം. മതംമാറ്റ പ്രശ്നത്തിൽ സ൪ക്കാ൪ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആ൪.ജെ.ഡി, ഇടതുപാ൪ട്ടികൾ എന്നിവയുടെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇക്കൂട്ടത്തിൽ സമ്പത്തും ഉണ്ടായിരുന്നു.

 ആ൪.ജെ.ഡിയുടെ പപ്പു യാദവ് അജണ്ട പേപ്പ൪ ഡെപ്യൂട്ടി ചെയ൪മാൻ എം. തമ്പിദുരെക്കു നേരെ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. കോൺഗ്രസ് നേതാവ് മല്ലികാ൪ജുൻ ഖാ൪ഗെയുടെ പ്രസംഗം പൂ൪ത്തിയാക്കാൻ സഭാധ്യക്ഷൻ സമ്മതിക്കാത്തതിനെ ഇതിനിടയിൽ സമ്പത്ത് ചോദ്യംചെയ്തു.  ഡെപ്യൂട്ടി സ്പീക്കറോട് കയ൪ത്തു സംസാരിച്ച സമ്പത്ത് വേച്ചുവേച്ച് സഭാധ്യക്ഷൻെറ മേശയിലേക്ക് ചായുന്നതാണ് പിന്നീട് കൂട്ടത്തിലുള്ളവ൪ കണ്ടത്. വിയ൪ക്കുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന എം.ബി. രാജേഷും പി.കെ. ബിജുവും ചേ൪ന്ന് അദ്ദേഹത്തെ താങ്ങി. ഇതോടെ തമ്പിദുരെ സഭാനടപടികൾ നി൪ത്തിവെച്ചു. ഏതാനും മന്ത്രിമാരും അപ്പോഴേക്ക് ഓടിയത്തെി.
 തലകറങ്ങിയെന്നും തനിക്ക് പ്രശ്നമൊന്നുമില്ളെന്നും സമ്പത്ത് പറഞ്ഞെങ്കിലും ആംബുലൻസിൽ എം.പിമാരുടെ ക്ളിനിക്കിലേക്ക് കൊണ്ടുപോയി.

തൊട്ടുപിന്നാലെ മന്ത്രി വെങ്കയ്യനായിഡുവും അവിടെയത്തെി. പ്രഷ൪, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളൊന്നും സമ്പത്തിനില്ളെന്ന് ഡോക്ട൪മാ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.