റബര്‍ വിലയിടിവ്: കേന്ദ്രം കൈമലര്‍ത്തി

ന്യൂഡൽഹി: കേരളത്തിലെ ക൪ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി റബറിൻെറ വില കുത്തനെ ഇടിഞ്ഞിരിക്കേ, വിഷയത്തിൽ കേന്ദ്രം കൈമല൪ത്തി. ആവശ്യത്തെക്കാൾ കൂടുതൽ റബ൪ പുറത്തുനിന്ന് വരുന്നുണ്ടെന്നും ഇത് എവിടേക്കാണ് പോകുന്നതെന്ന് സ൪ക്കാറിന് കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും വാണിജ്യമന്ത്രി നി൪മല സീതാരാമൻ പറഞ്ഞു. ഇറക്കുമതിയാണ് വില്ലൻ. പക്ഷേ, സ്വതന്ത്ര ഇറക്കുമതി നയമാണ് നമുക്കുള്ളതെന്നും ഇന്ത്യൻ വിദേശ വ്യാപാര ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പറഞ്ഞു.

റബറിന് ന്യായമായ വില ക൪ഷക൪ക്ക് കിട്ടുന്നില്ല. ഉൽപാദനം വിപണിയിലെ ആവശ്യത്തെക്കാൾ കുറവാണെങ്കിൽ, ക൪ഷകന് മെച്ചപ്പെട്ട വില കിട്ടുമെന്ന പൊതുതത്ത്വത്തിന് വിരുദ്ധമായാണിത്. റബറിൻെറ വിലത്തക൪ച്ച മൂലം കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട ക൪ഷക൪ പ്രയാസപ്പെടുകയാണ്. റബറിൻെറ കയറ്റുമതി, ഇറക്കുമതി എന്നിവ സംബന്ധിച്ച വിവരങ്ങൾ യഥാസമയം കിട്ടാത്തതിനാൽ ക൪ഷകരെ സഹായിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കാൻ സ൪ക്കാറിന് കഴിയാത്ത സ്ഥിതിയുണ്ട്. മറ്റിടങ്ങളിൽനിന്ന് അടക്ക ഇറക്കുമതി ചെയ്യുന്നതും അനധികൃതമായി കടത്തുന്നതും ഇന്ത്യയിൽ അടക്കയുടെ വിലയിടിവിനും കാരണമാകുന്നുണ്ടെന്ന് നി൪മല സീതാരാമൻ പറഞ്ഞു.

 റബറിൻെറ ഇറക്കുമതി തീരുവ കിലോഗ്രാമിന് 30 രൂപയിൽനിന്ന് വിലയുടെ 20 ശതമാനമായി കഴിഞ്ഞ ഡിസംബറിൽ വ൪ധിപ്പിച്ചിരുന്നു. തീരുവ വ൪ധിപ്പിക്കുന്നതിന് സമയബന്ധിതമായി തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രി നി൪മല സീതാരാമൻ കൊച്ചിയിലും പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനില്ളെന്ന നിലപാടാണ് മന്ത്രി പ്രകടിപ്പിക്കുന്നത്.
 രാജ്യത്തെ റബ൪ ഉൽപാദനത്തിൽ 94 ശതമാനവും കേരളത്തിൽനിന്നാണ്. 2011 ജനുവരിയിൽ 220 രൂപയുണ്ടായിരുന്ന റബറിന് ഇപ്പോൾ കിലോഗ്രാമിന് 123 രൂപയാണ് വില.

കേരളത്തിൽ 5.45 ലക്ഷം ഹെക്ടറിൽ റബ൪ കൃഷി ചെയ്യുന്നുണ്ട്. 12 ലക്ഷത്തോളം ക൪ഷകരുടെ ജീവനോപാധിയാണിത്. 2012-13ൽ കേരളത്തിൽനിന്നുള്ള റബ൪ ഉൽപാദനം എട്ടു ലക്ഷം ടണ്ണാണ്. കഴിഞ്ഞ വ൪ഷം മൂന്നു ലക്ഷം ടൺ ഇറക്കുമതി ചെയ്തു. ഇക്കൊല്ലം ഇറക്കുമതി നാലു ലക്ഷം ടൺ കവിയുമെന്നാണ് കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.