പെരിന്തല്‍മണ്ണയില്‍ കുടിവെള്ള വിതരണം താളംതെറ്റി

പെരിന്തല്‍മണ്ണ: വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണി കരാറുകാരുടെ സമരം കാരണം പലയിടങ്ങളിലും കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. ചെറിയ അറ്റകുറ്റപ്പണി പോലും തീര്‍ക്കാനാവാത്തതിനാല്‍ പല പ്രദേശങ്ങളിലും ആഴ്ചകളായി കുടിവെള്ളം പാഴായികൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ ഒട്ടേറെ ഭാഗങ്ങളില്‍ കുടിവെള്ള വിതരണവും മുടങ്ങി. 2013ലെ കരാര്‍ തുക ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിനാണ് കരാറുകാര്‍ സമരം തുടങ്ങിയത്. ജലസ്രോതസ്സുകള്‍ വറ്റി തുടങ്ങിയതോടെ അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിക്കുന്നവര്‍ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. ജലവിതരണം പുന$സ്ഥാപിക്കാനാവാത്തത് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പരാതി പ്രവാഹമുണ്ടായിട്ടും ഒന്നും ചെയ്യാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പെരിന്തല്‍മണ്ണ കണക്കഞ്ചേരി കോളനിയിലും നഗരത്തിലെ തേക്കിന്‍കോട്, മാനത്തുമംഗലം, ടൗണ്‍ഹാള്‍ റോഡ് ഭാഗങ്ങളിലും പുലാമന്തോള്‍, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും ആഴ്ചകളായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. ജില്ലയിലെ പല പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. സ്ഥിരം അറ്റകുറ്റപ്പണിക്കാര്‍ ഇല്ലാത്തതിനാല്‍ തകരാര്‍ പരിഹരിക്കാനാവാതെ നിസ്സഹായരായിരിക്കുകയാണ് അധികൃതര്‍. അങ്ങാടിപ്പുറം പഞ്ചായത്തില്‍ പുറമേ നിന്നുള്ള ജോലിക്കാരെ നിയോഗിച്ച് ശനിയാഴ്ച കുടിവെള്ള വിതരണം പുന$സ്ഥാപിച്ചു. പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ കണക്കഞ്ചേരി കോളനി പ്രദേശത്ത് കുടിവെള്ള വിതരണം ഇനിയും പുന$സ്ഥാപിക്കാനായില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചിരുന്നു. കരാര്‍ തൊഴിലാളികളുടെ സമരം തീര്‍ന്നാലുടന്‍ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതര്‍ സമരക്കാരോട് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.