ബറാക് ഒബാമയും ഇന്ത്യയും

റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയായി യു.എസ് പ്രസിഡൻറ് ബറാക് ഒബാമ എത്തുകയാണ്. ഏതുനിലക്ക് നോക്കിയാലും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന കരുത്തിനുള്ള അംഗീകാരംതന്നെ ഒബാമയുടെ പര്യടനം. അതേസമയം, മേഖലയുമായി ബന്ധപ്പെട്ട യു.എസ് താൽപര്യങ്ങളുടെ സാക്ഷാത്കാരനീക്കവും ഒബാമയുടെ പര്യടനത്തിൻെറ കാരണമാണെന്ന സത്യം മറച്ചുപിടിക്കേണ്ടതല്ല.
സ്വതന്ത്ര വ്യാപാരത്തിനുവേണ്ടി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. മാത്രമല്ല, സാമ്രാജ്യത്വ രാജ്യങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്യം കൂടിയാണത്. അതേസമയം, വലതുപക്ഷക്കാരൻ തന്നെയായ ഒബാമ മോദിയേക്കാൾ ലിബറൽവീക്ഷണം പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. ഒബാമ-മോദിയുമായി കൈകോ൪ക്കുമ്പോൾ സാമ്പത്തിക പ്രേരണകൾ മാത്രമാണ് കാരണമെന്ന് കരുതിയെങ്കിൽ തെറ്റി. യു.എസ് വ്യവസായികൾ ഇന്ത്യയിൽ വരുന്നതുവഴി നമുക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നതിൽ ത൪ക്കമില്ല.

തന്ത്രപരമായ പങ്കാളിത്തമാണ് അമേരിക്കയുടെ അഭിലാഷം. ഇന്ത്യയുമായി വൻതോതിലുള്ള ആയുധ കച്ചവടങ്ങൾ നടത്തണം. ഇന്ത്യയാകട്ടെ, സൈനിക ടെക്നോളജിക്കായി ദാഹിച്ചുനടക്കുന്ന രാജ്യവുമാണ്. ജനാധിപത്യ ഇന്ത്യയോട് ഒബാമക്ക് കൂടുതൽ മമതയുണ്ട്. ഇന്ത്യ-പാക് അകൽച്ചകൾ ദൂരീകരിക്കപ്പെടണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അഫ്ഗാനിൽ താലിബാൻ നടത്തിവരുന്ന സായുധനീക്കങ്ങൾ അവസാനിപ്പിക്കുന്നതിൽ കൂടുതൽ രാഷ്ട്രങ്ങളുടെ സഹകരണവും ഒബാമ ലക്ഷ്യമിടുന്നു. എന്നാൽ, ഇന്ത്യൻ സൈന്യം താലിബാനെതിരെ പ്രത്യക്ഷ ഏറ്റുമുട്ടൽ നടത്തണമെന്ന് അമേരിക്ക ആഗ്രഹിക്കാനിടയില്ല. വിയറ്റ്നാമിലെ ദുരനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട രാജ്യമായതിനാൽ മേഖലയിൽ ഇന്ത്യക്കെതിരായ തീവ്രവാദരോഷം മൂ൪ച്ഛിപ്പിക്കാൻ അമേരിക്ക ഉദ്ദേശിക്കാനിടയില്ല. അതേസമയം, ഇന്ത്യയും പാകിസ്താനും ഉഭയകക്ഷിബന്ധങ്ങളിൽ സാധാരണനില കൈവരിക്കുന്നതിൻെറ ലക്ഷണങ്ങൾ ദൃശ്യമല്ല. സാ൪ക് ഉച്ചകോടിയിൽപോലും ഇരു പ്രധാനമന്ത്രിമാരും പരസ്പരം ഒഴിവാക്കിയ ദൗ൪ഭാഗ്യത്തിനാണ് നാം സാക്ഷികളായത്.

ശത്രുതയുടെ പൂ൪ണ ഉത്തരവാദിത്തം പാകിസ്താൻെറ ചുമലിൽ കെട്ടിവെക്കുന്ന നിലപാട് നീതിപൂ൪വകമല്ല. എൻെറ ശവത്തിൽ ചവിട്ടിയാകും ഇന്ത്യ വിഭജിക്കപ്പെടുക എന്ന് മഹാത്മ ഗാന്ധി വേദനയോടെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിഭജന ഫോ൪മുലക്ക് കോൺഗ്രസ് അംഗീകാരം നൽകുകയായിരുന്നു. ഇന്ത്യ മതേതര ഭരണഘടനക്കാണ് രൂപം നൽകിയത്. എന്നാൽ, സമീപകാലത്തായി ഹിന്ദുത്വ രാഷ്ട്രവാദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നു. മുൻ ആ൪.എസ്.എസ് പ്രചാരക് ആയ മോദിയുടെ അധികാരലബ്ധിയുടെ ആപത്കരമായ പ്രത്യാഘാതമാണിത്. നിയമത്തിനുമുന്നിൽ ഹിന്ദുവും മുസ്ലിമും തുല്യരാണ്. എന്നാൽ, സിവിൽ സ൪വിസ് മേഖലയിൽ, പ്രത്യേകിച്ച് പൊലീസ് വിഭാഗത്തിൽ വിഷലിപ്ത ചിന്താഗതികൾ കയറിക്കൂടിയിരിക്കുന്നു. ഹിന്ദുക്കളുടേതാണ് അവസാനവാക്കെന്ന് നിയമപാലകരിൽ പലരും കരുതുന്നു.

മോദി പ്രതിഭാസം ഹിന്ദുത്വാനുകൂല അന്തരീക്ഷത്തിന് വഴിയൊരുക്കിയെന്ന് ഞാൻ കരുതുന്നു. ഉപദേശത്തിനായി മോദി ഇപ്പോഴും ആ൪.എസ്.എസുകാരെ ആശ്രയിക്കുന്നത് അശുഭപ്രവണതയായാണ് ലിബറലുകളുടെയും മുസ്ലിംകളുടെയും വിലയിരുത്തൽ.
800 വ൪ഷത്തിനുശേഷം ഹിന്ദുരാജ്യം പിറവികൊണ്ടിരിക്കുന്നു എന്ന് ആ൪.എസ്.എസ് മേധാവി മോഹൻ ഭാഗവത് അഹന്തയോടെ പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഇന്ത്യയിലെ ഭരണം ഭരണഘടനപ്രകാരമാണെന്ന സത്യം അദ്ദേഹം മറന്നുകളഞ്ഞു. ഇക്കാര്യം അംഗീകരിക്കാൻ ഹിന്ദുക്കളിലെ പുതുതലമുറ തയാറാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുസ്ലിംകളും ഇതര ന്യൂനപക്ഷങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും അവ൪ സന്നദ്ധരാകേണ്ടിയിരിക്കുന്നു. എന്നാൽ, അത്തരം ശുഭലക്ഷണങ്ങളല്ല കാണാൻ സാധിക്കുന്നത്. നി൪ഭാഗ്യവശാൽ നമ്മുടെ ച൪ച്ചകളിൽ സദാ പാകിസ്താൻ വലിച്ചിഴക്കപ്പെടുന്നു. യഥാ൪ഥത്തിൽ അത് സത്യാവസ്ഥ ഗ്രഹിക്കാതെയുള്ള ചെയ്തി മാത്രമാണ്. ഇസ്ലാമിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ച രാജ്യമാണ് പാകിസ്താൻ. അതേസമയം, സ്വാതന്ത്ര്യവും ബഹുസ്വരതയും ലക്ഷ്യമിട്ടാണ് ഗാന്ധിജി, നെഹ്റു, പട്ടേൽ, അബുൽകലാം ആസാദ്, അഹ്മദ് കിദ്വായ് തുടങ്ങിയ നേതാക്കൾ സമരപാതയിൽ അണിനിരന്നത്. മുസ്ലിംലീഗാകട്ടെ, മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചു. ഇസ്ലാമാബാദ് ആ രീതി ഇപ്പോഴും തുടരുന്നു.

ഇന്ത്യ വിട്ട് എല്ലാ മുസ്ലിംകളും പാകിസ്താനിലേക്ക് പോവുക എന്ന ആക്രോശം മുഴക്കിയ ആ പഴയ ദിനങ്ങളാണ് മോദി പ്രതിഭാസം വീണ്ടും നമ്മെ ഓ൪മിപ്പിച്ചുകൊണ്ടിരിക്കുന്നത്. സമാന പ്രചാരണത്തിൽ മുഴുകിയിരിക്കുകയാണ് ബി.ജെ.പി. ഇത് നമ്മുടെ സ്വാതന്ത്ര്യ സമര ലക്ഷ്യത്തിൻെറയും മതേതര സങ്കൽപത്തിൻെറയും ലംഘനമാണ്. മനുഷ്യത്വരഹിതമായ പഴയ സമ്പ്രദായങ്ങളും ആചാരങ്ങളും ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ നവീകരണം ആരംഭിക്കാൻ മോദി ആഹ്വാനം ചെയ്യേണ്ടിയിരിക്കുന്നു. ജാതീയത ഇക്കാലത്തും ഹിന്ദുമതത്തിൻെറ മുഖം വികൃതമാക്കിക്കൊണ്ടേയിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കെതിരെ ഒരക്ഷരവും ബി.ജെ.പി ഉച്ചരിച്ചതായി കേൾക്കാൻ സാധിക്കുന്നില്ല. ജാതിമാറി വിവാഹം ചെയ്ത പെൺകുട്ടിയെ സ്വന്തം മാതാപിതാക്കൾ ഞെരിച്ചുകൊന്ന സംഭവം ഈയിടെയാണ് അരങ്ങേറിയത്. ഇതിനെ അഭിമാനം കാക്കാനുള്ള കൊലയെന്ന് വിശേഷിപ്പിക്കുന്നത് പരിഹാസ്യമാകുന്നു. ക്രിമിനൽ കൊലപാതകം മാത്രമാണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT