കരമന–കളിയിക്കാവിള പാതയോരത്തെ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം ചട്ടം ലംഘിച്ച്

നേമം: കരമന-കളിയിക്കാവിള പാതയോരത്തെ 80ഓളം കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചത് ചട്ടം ലംഘിച്ച്. പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത പകുതിയോളം സ്ഥലമാണ് നാട്ടുകാര്‍ കൈയേറിയത്. കൈയേറ്റക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് അധികൃതര്‍ രണ്ടാഴ്ചക്കകം സര്‍ക്കാറിന് സമര്‍പ്പിക്കും. ദേശീയപാത വികസനത്തിന്‍െറ ഭാഗമായി 30.2 മീറ്ററില്‍ റോഡ് വീതി കൂട്ടല്‍ പണി നടന്നുവരികയാണ്. ഇതിനായി ഏറ്റെടുത്ത സ്ഥലത്തെ കട, വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. പകുതി നീക്കം ചെയ്യുന്ന കെട്ടിടങ്ങളുടെ ബാക്കി ഭാഗം നന്നാക്കി എടുക്കുന്നതിന് അധികൃതര്‍ തടസ്സം പറയുന്നില്ല. എന്നാല്‍, പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ നിയമാവലിയുണ്ട്. ഇത് പാടെ അവഗണിച്ചാണ് നിലവില്‍ പുനര്‍നിര്‍മാണം നടക്കുന്നത്. നീറമണ്‍കര മുതല്‍ പ്രാവച്ചമ്പലം വരെ ഇരുവശത്തെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേരള മുനിസിപ്പല്‍ ആക്ട് കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ 26ാം വകുപ്പിന് വിരുദ്ധമായി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വ്യാഴാഴ്ച നേമം നഗരസഭാ സോണല്‍ ഓഫിസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഒന്നാം റീച്ചായ കരമന-പ്രാവച്ചമ്പലം വരെ 50 ശതമാനത്തിന് മുകളില്‍ നിര്‍മാണങ്ങളിലും ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ പറയുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ റോഡില്‍നിന്ന് മൂന്ന് മീറ്റര്‍ വിടണമെന്നാണ് നിയമം. എന്നാല്‍, ഒരു മീറ്റര്‍ പോലും വിടാതെയാണ് നിര്‍മാണം നടക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുമാണ് ഇതെന്ന് ആക്ഷേപമുണ്ട്. രണ്ടുവശത്തെയും രണ്ടുവരിപ്പാത കഴിഞ്ഞ് പാര്‍ക്കിങ്ങിനുള്ള സ്ഥലമാണ് കൈയേറിയിരിക്കുന്നത്. സ്ഥലം വിട്ടുനല്‍കിയതിനുള്ള എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയശേഷമാണ് ഈ കൈയേറ്റം. നേമം നഗരസഭാ സോണല്‍ ഓഫിസില്‍നിന്ന് ഇതിന് 55 പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പലരും സര്‍ക്കാറിലും ട്രൈബ്യൂണലിലും പോയിരിക്കുകയാണ്. നോട്ടീസുകള്‍ കൈപ്പറ്റാതെ മടക്കിയവരും ധാരാളം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.