ആഡംബര വിവാഹം എന്നത് സദ്യ വിളമ്പല്‍ മാത്രമല്ല...

മലപ്പുറം: ആഡംബര വിവാഹം എന്നത് വിഭവസമൃദ്ധമായ സദ്യ മാത്രമല്ല, മറിച്ച് പൊങ്ങച്ചം കാട്ടാന്‍ വന്‍തുകയുടെ കല്യാണക്കത്ത് മുതല്‍ പതിനായിരങ്ങള്‍ മുടക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഉള്‍പ്പെടും. ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ.കെസി.എ) ജില്ലാ കമ്മിറ്റി മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് ഒരുക്കിയ ആര്‍ഭാട വിവാഹം എന്ത്? എന്ന ഓപണ്‍ ഫോറത്തില്‍ പങ്കെടുത്തവരാണ് വിവാഹ വേളകളിലെ എല്ലാതലത്തിലുമുള്ള ധൂര്‍ത്തും പൊങ്ങച്ചവും ഒഴിവാക്കേണ്ടതിന്‍െറ ആവശ്യകത എടുത്തുകാട്ടിയത്. കല്യാണത്തലേന്നുള്ള ആചാരങ്ങള്‍ ധാര്‍മിക നില തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. മകളുടെ വിവാഹത്തിനൊപ്പം നിര്‍ധനരുടെ സമൂഹ വിവാഹം നടത്തുന്നത് കൊട്ടിഘോഷിക്കുന്നതും വിമര്‍ശിക്കപ്പെട്ടു. വന്‍ ഓഡിറ്റോറിയങ്ങള്‍, ലക്ഷങ്ങളുടെ പന്തല്‍ സംസ്കാരം, വധൂ-വരന്മാര്‍ക്ക് ലക്ഷങ്ങള്‍ പൊടിച്ചുള്ള വിവാഹവസ്ത്രങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതുണ്ട്. വിവാഹ ധൂര്‍ത്തിന് പ്രത്യേക അളവുകോല്‍ വെക്കുന്നതല്ല, മറിച്ച് ധാര്‍മികതയും സാമൂഹിക വിമര്‍ശവും ഒഴിവാക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നു. വിവാഹ ധൂര്‍ത്തിനൊപ്പം സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ സാമൂഹിക ഇടപെടലും ഉണ്ടാകണമെന്ന അഭിപ്രായവും ഉയര്‍ന്നു. ഓരോരുത്തരും അവരുടെ സാമ്പത്തികാവസ്ഥക്കനുസരിച്ച് ഏത് ആഘോഷങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുമ്പോള്‍ പൊങ്ങച്ചവും അനാര്‍ഭാടവും ഒഴിവാക്കാനുള്ള മനസ്സ് സ്വയം ഉണ്ടാവുകയാണ് വേണ്ടതെന്നാണ് ഓപണ്‍ ഫോറത്തിന്‍െറ വിലയിരുത്തല്‍. സുരേഷ് ഇ. നായര്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. കെ.പി. മറിയുമ്മ, കെ.എം. ഗിരിജ, പ്രഫ. ഹരിപ്രിയ, അഡ്വ. കെ.പി. സുമതി, കെ. ബാബുരാജ്, ഗീത മാധവന്‍, സി.പി. അബ്ദുല്‍ ലത്തീഫ്, അലി കാടാമ്പുഴ, സി.പി. ബാപ്പുട്ടി, പിമ്പുറത്ത് ശ്രീനിവാസന്‍, കെ.പി.എ. നസീര്‍, അഡ്വ. ടി.പി.എ. ഷജീര്‍, സൂപ്പര്‍ അഷ്റഫ്, ജലീല്‍ നീലാമ്പ്ര, സിദ്ദീഖ് മൗലവി അയിലക്കാട്, പി.കെ. അയമുഹാജി, ടി. നാരായണന്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എ.എം. യാസര്‍ മോഡറേറ്ററായിരുന്നു. ഷംസുദ്ദീന്‍ നാലകത്ത് സ്വാഗതവും മുനീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.