ഝാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീയെ വധിച്ചത് ഖനന മാഫിയയെന്ന്

ന്യൂഡൽഹി: ഝാ൪ഖണ്ഡിലെ ആദിവാസികൾക്കിടയിൽ മനുഷ്യാവകാശ പ്രവ൪ത്തനങ്ങൾ നടത്തിയിരുന്ന മലയാളി കന്യാസ്ത്രീ വത്സാ ജോണിനെ കൊലപ്പെടുത്തിയത് ഖനന മാഫിയ എന്ന് വെളിപ്പെടുത്തൽ.
പ്രമുഖ അഭിഭാഷകരും ഗവേഷകരും ഉൾക്കൊള്ളുന്ന സംഘം നടത്തിയ സ്വതന്ത്ര ജനകീയ തെളിവെടുപ്പിലാണ് പൊലീസ് അനുമാനങ്ങൾക്കു വിരുദ്ധമായ വെളിപ്പെടുത്തൽ പുറത്തുവന്നത്.

ഝാ൪ഖണ്ഡിലെ പകൂ൪ ജില്ലയിൽ സന്താൾ വിഭാഗക്കാ൪ക്കിടയിൽ സാമൂഹിക പ്രവ൪ത്തനം നടത്തി വന്നിരുന്ന സിസ്റ്ററെ 2011 നവംബ൪ 15നാണ് ഇരുപതിലേറെ പേ൪ വരുന്ന സംഘം അടിച്ചും എറിഞ്ഞും കൊലപ്പെടുത്തിയത്.
പ്രദേശത്ത് ഖനന പദ്ധതി ആരംഭിക്കാനിരുന്ന പാനേം കമ്പനിയും പ്രദേശവാസികളും തമ്മിൽ കരാ൪ ഉണ്ടാക്കുന്നതിൽ സഹകരിച്ചതിൻെറ വിരോധത്തിൽ മാവോവാദികളാണ് കൊല നടത്തിയത് എന്നായിരുന്നു പൊലീസ് വാദം.

ഈയിടെ കീഴടങ്ങിയ ഒരു മാവോവാദി ഇക്കാര്യം സ്ഥിരീകരിച്ചതായി പറയുന്ന പൊലീസ് കേസുമായി ബന്ധപ്പെട്ട് ഇതിനകം ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഖനന പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ജനങ്ങളുടെ ഭൂ അവകാശം ഉറപ്പാക്കണമെന്ന് സിസ്റ്റ൪ വത്സ വാദിച്ചതാണ് വധത്തിനു വഴിവെച്ചതെന്നും മറ്റു പല പ്രവ൪ത്തകരുടെയും ക൪ഷകരുടെയും ദുരൂഹ മരണത്തിനു പിന്നിലും ഇതേ കാരണമാണെന്നും ജനകീയ അന്വേഷണ സംഘം മുമ്പാകെ ഗ്രാമവാസികൾ തെളിവു നൽകി.

സ്റ്റ൪ വത്സയടക്കം ആദിവാസികൾക്കായി വാദിച്ച നേതാക്കളെ ഇല്ലാതാക്കിയതോടെ  പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെട്ട നാലായിരത്തോളം പേരെ പുനരധിവസിപ്പിക്കാം എന്ന ഉറപ്പിൽനിന്ന്  കമ്പനി ഒഴിഞ്ഞുമാറുകയും ചെയ്തു. സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പ്രമുഖ പത്രപ്രവ൪ത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, അക്കാദമിസ്റ്റുകളായ ബേലാ ഭാട്ടിയ, രമേഷ് ശരൺ എന്നിവരടങ്ങുന്ന ജൂറിയാണ് തെളിവെടുപ്പു നടത്തിയത്.

ജനങ്ങളുടെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ കേസുകളിൽ സമഗ്ര പുനരന്വേഷണം വേണമെന്നും ആദിവാസികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ സ൪ക്കാ൪ മുന്നോട്ടു വരണമെന്നും അവ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.