മേക്ക് ഇന്‍ ഇന്ത്യ: ആസിയാന്‍ രാജ്യങ്ങള്‍ക്ക് മോദിയുടെ ക്ഷണം

നയ്പിഡാവ്:  സാമ്പത്തിക വികസനത്തിൻെറയും വ്യവസായവത്കരണത്തിൻെറയും പുതുയുഗം പിറന്നിരിക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ആസിയാനും ഇന്ത്യക്കും മികച്ച പങ്കാളികളാവാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ആസിയാൻ ബന്ധത്തെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളൊന്നും നിലവിലില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. മ്യാന്മ൪ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ നടന്ന12ാമത് ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 തെക്കു കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാനും ഇന്ത്യയും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി പരസ്പര സഹകരണം മെച്ചപ്പെടുത്തും. ആസിയാനിലെ അംഗരാജ്യങ്ങൾ ഇന്ത്യയുടെ അയൽക്കാരാണ്. പുരാതനകാലം മുതൽക്കേ ഈ രാജ്യങ്ങളുമായി വ്യാപാരരംഗത്തും മത, സാംസ്കാരിക, കലാരംഗങ്ങളിലും പരസ്പരബന്ധം പുല൪ത്തിവരുന്നു. ഇടപെടലുകളിലൂടെ ഇരുവിഭാഗവും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഇത് ആധുനികമായ ബന്ധത്തിന് ശക്തമായ അടിത്തറ പാകിയിരിക്കുന്നു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിൻെറ ആധാരശില കൂടിയാണ് അതെന്ന് ഹിന്ദിയിൽ തയാറാക്കിയ പ്രസ്താവനയിൽ മോദി പറഞ്ഞു.
മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖുമായി ച൪ച്ച നടത്തിയ മോദി മലേഷ്യൻ കമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഉൽപന്നങ്ങൾ ഇന്ത്യയിൽ നി൪മിക്കുന്നതിന് താൻ കൂടുതൽ ഊന്നൽ നൽകുന്നുണ്ടെന്നും ഇവിടെ നിരവധി അവസരങ്ങളുള്ളതിനാൽ താൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെയും മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെയും വിജയം മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതക്കുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നജീബ് റസാഖ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.