മുംബൈ: നിരുപാധിക പിന്തുണക്ക് തയാറായ എൻ.സി.പിയെയും തെരഞ്ഞെടുപ്പിനുമുമ്പുവരെ സഖ്യകക്ഷിയായിരുന്ന ശിവസേനയെയും മുൾമുനയിൽ നി൪ത്തി വിശ്വാസവോട്ട് തേടാനുള്ള മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി സ൪ക്കാറിൻെറ നീക്കത്തിൽ നിഗൂഢത. ഭരണത്തിന് ആവശ്യമായ 145ൽ എത്താൻ 22 എം.എൽ.എമാരുടെ കുറവുള്ള ബി.ജെ.പി ആത്മവിശ്വാസത്തോടെയാണ് വിശ്വാസ വോട്ടിന് ഒരുങ്ങുന്നത്. വിശ്വാസം തെളിയിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ കാത്തിരുന്നു കാണാമെന്ന മട്ടാണ് ബി.ജെ.പിക്ക്. വിശ്വാസ വോട്ടിന് തൊട്ടുമുമ്പ് ചില അപ്രതീക്ഷിത നാടകങ്ങൾക്ക് വേദിയൊരുങ്ങുമെന്ന സൂചനയുണ്ട്. മറാത്ത്വാഡ മേഖലയിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവും പത്തിലേറെ എം.എൽ.എമാരും പാ൪ട്ടിവിടുമെന്ന അഭ്യൂഹമുണ്ട്. 1985ലെ കൂറുമാറ്റ നിയമപ്രകാരം ഒരു പാ൪ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ മൂന്നിലൊന്ന് മറ്റൊരു പാ൪ട്ടിയിലേക്ക് കൂറുമാറുന്നത് ലയനമായാണ് കണക്കാക്കുക. കോൺഗ്രസിന് 42 എം.എൽ.എമാരാണ് ഇത്തവണയുള്ളത്. 14 പേ൪ ഒന്നിച്ച് കൂറുമാറിയാൽ കൂറുമാറ്റ നിയമം ബാധകമാകില്ല.
ഘടകകക്ഷിയിലെ ഒരു എം.എൽ.എ അടക്കം 122 പേരാണ് ബി.ജെ.പിക്കുള്ളത്. പുറമെ മൂന്നു വീതം എം.എൽ.എമാരുള്ള ബഹുജൻ വികാസ് അഖാഡിയും പി.ഡബ്ള്യൂ.പിയും ഏഴ് സ്വതന്ത്രന്മാരും ബി.ജെ.പിയെ സഹായിക്കാൻ തയാറാണ്. ഇവരുടെ സഹായം ലഭിക്കുന്ന പക്ഷം ഇനിയും പത്തു പേരുടെ പിന്തുണയാണ് വേണ്ടത്.
സഖ്യ സ൪ക്കാറല്ല പൂ൪ണ ബഹുമതിയുള്ള ബി.ജെ.പി സ൪ക്കാറാണ് പാ൪ട്ടി ദേശീയ നേതൃത്വത്തിൻെറ ലക്ഷ്യമെന്ന് സംസ്ഥാനത്തിൻെറ ചുമതല വഹിക്കുകയും നിരീക്ഷകരായി വരുകയുംചെയ്ത ദേശീയ നേതാക്കൾ തുടക്കം മുതലേ സൂചന നൽകിയിരുന്നു. ബി.ജെ.പിയുടെ അംഗബലം കൂട്ടാൻ ഡൽഹിയിൽ രഹസ്യച൪ച്ചകൾ നടക്കുന്നതായാണ് വിവരം. കോൺഗ്രസിനു പുറമെ എൻ.സി.പിയും ശിവസേനയും പിള൪പ്പ് ഭയക്കുന്നുണ്ട്. ഇതിനിടയിൽ, ഫട്നാവിസ് മന്ത്രിസഭയിൽ അംഗമാകുന്നത് സംബന്ധിച്ച് ശിവസേന ഞായറാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും. അന്ന് പാ൪ട്ടിയുടെ നിയുക്ത എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രത്തിലെ മോദി മന്ത്രിസഭയിൽ ശിവസേനക്ക് ഒരു കാബിനറ്റ് പദവിയും സഹമന്ത്രിപദവും നൽകുമെന്ന് റിപ്പോ൪ട്ടുണ്ട്. നിലവിൽ ഒരു കാബിനറ്റ് മന്ത്രി മാത്രമാണ് ശിവസേനക്കുള്ളത്. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങുന്നത്. അതിനു മുമ്പേ ശിവസേനയും കോൺഗ്രസും നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കും. നിയമസഭാകക്ഷി നേതാവിനെ നിയോഗിക്കാനുള്ള ചുമതല സംസ്ഥാന കോൺഗ്രസ് ഹൈകമാൻഡിന് വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.