ബഹിരാകാശ ടൂറിസം പേടകം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

വാഷിങ്ടൺ: റിച്ചാ൪ഡ് ബ്രാൻസൻെറ ബഹിരാകാശ ടൂറിസം പദ്ധതിക്കായി നി൪മിച്ച ‘സ്പേസ്ഷിപ് 2’ പേടകം പരീക്ഷണ പറക്കലിനിടെ തക൪ന്നുവീണ് പൈലറ്റ് മരിച്ചു. 45,000 അടി ഉയരത്തിൽ (13.7 കിലോമീറ്റ൪) വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റിൽനിന്ന് വേ൪പെട്ടയുടനാണ് പൊട്ടിത്തെറിച്ചത്. പൈലറ്റ് മരണത്തിന് കീഴടങ്ങിയപ്പോൾ സഹ പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ടു. ഇയാൾക്ക് ഗുരുതര പരിക്കുണ്ട്. അമേരിക്കൻ സംസ്ഥാനമായ കാലിഫോ൪ണിയയിലെ മൊജാവെ മരുഭൂമിയിൽ ഒന്നരക്കിലോമീറ്റ൪ ചുറ്റളവിൽ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു.


ഇന്ത്യക്കാരുൾപെടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് 800 ലേറെ പേ൪ ഇതിനകം രണ്ടര ലക്ഷം ഡോള൪ നൽകി ബഹിരാകാശ സഞ്ചാരത്തിന് ഒരുങ്ങിനിൽക്കുന്നതിനിടെയാണ് അതിനായി തയാറാക്കിയ പേടകം കന്നിയാത്രയിൽ പൊട്ടിത്തെറിച്ചത്. പരീക്ഷണ പറക്കൽ വിജയിച്ചാൽ 2015ൽ വാണിജ്യാടിസ്ഥാനത്തിൽ യാത്ര തുടങ്ങാനിരിക്കുകയായിരുന്നു. കാലിഫോ൪ണിയയിലെ ബേകേഴ്സ്ഫീൽഡിൽനിന്ന് പറന്നുയ൪ന്ന പേടകം രണ്ട് മിനിറ്റിനുള്ളിലാണ് നിലംപൊത്തിയത്. പൈലറ്റിൻെറ മൃതശരീരം ഇതിനകത്ത് സീറ്റ്ബെൽറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടത്തെി.വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ് വിജയകരമായി നിലംതൊട്ടു.


വ്യോമഗതാഗതത്തിന് ഇതുവരെ ഉപയോഗപ്പെടുത്താത്ത പ്രത്യേകതരം ഇന്ധനമാണ് ഇതിലുപയോഗിച്ചിരുന്നത്. പ്ളാസ്റ്റിക്കിൽ നിന്നുള്ള പോളിയാമൈഡ് ഗ്രെയിൻ ഇന്ധനം ആവശ്യമായ പരിശോധനകൾക്കു ശേഷമാണ് ഉപയോഗപ്പെടുത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നുവെങ്കിലും ഇതാണോ ദുരന്തം വരുത്തിയതെന്ന് പരിശോധിച്ചുവരുകയാണ്. ‘സ്കേൽഡ് കോംപസിറ്റ്സ്’ കമ്പനിയാണ് പേടകത്തിൻെറ നി൪മാതാക്കൾ.


ബഹിരാകാശ നിലയത്തിലേക്ക് ചരക്കുമായി പോയ നാസയുടെ ബഹിരാകാശ വാഹനം കഴിഞ്ഞ ദിവസം തക൪ന്നുവീണിരുന്നു. വിക്ഷേപിച്ച് നിമിഷങ്ങൾക്കുള്ളിൽ തകരാ൪ കണ്ടത്തെിയതിനെ തുട൪ന്ന് ആളില്ലാ പേടകം കമ്പനി തക൪ക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ രണ്ടു സ്വകാര്യ ബഹിരാകാശ വാഹനങ്ങൾ തകരുന്നത് ഈ രംഗത്ത് കനത്ത തിരിച്ചടിയാകും.
പരീക്ഷണ പേടകം തക൪ന്നെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ബഹിരാകാശ ടൂറിസം പദ്ധതിയുടെ ഉപജ്ഞാതാവായ റിച്ചാ൪ഡ് ബ്രാൻസൺ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രയായതിനാൽ ആളപായം സംഭവിച്ചാൽ പദ്ധതി നി൪ത്തിവെക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.