അഴീക്കല്‍ പോര്‍ട്ടിലും ഇ –മണല്‍ നടപ്പാക്കുന്നു

കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടിലെ മണല്‍ നവംബര്‍ 15 മുതല്‍ ഇ-മണല്‍ സംവിധാനം വഴി വിതരണം ചെയ്യും. നിലവില്‍ വിവിധ സൊസൈറ്റികള്‍ കരാറെടുത്താണ് വില്‍പന നടത്തുന്നത്. സൊസൈറ്റികള്‍ വഴി മണല്‍ വിതരണം ചെയ്യുന്നതിലെ ക്രമക്കേടുകളും ഇത് സര്‍ക്കാറിനുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടവുമാണ് ഇ-മണല്‍ നടപ്പാക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. പദ്ധതി നടപ്പായാല്‍ മറ്റുമാര്‍ഗത്തില്‍ മണല്‍ നല്‍കാന്‍ അനുമതിയില്ല. ഇതിന്‍െറ ഭാഗമായി കടവുകളുടെ പേര്, ഖനനം നടത്താന്‍ ചുമതലപ്പെടുത്തിയ സൊസൈറ്റിയുടെ പേര്, ഓരോ കടവിലും ഖനനം ചെയ്യാന്‍ പെര്‍മിറ്റുള്ള മണലിന്‍െറ അളവ്, ഒരു ടണ്‍ മണലിന്‍െറ വില, വാറ്റ്, റോയല്‍റ്റി, പോര്‍ട്ട് വകുപ്പിന്‍െറ തുക, കൂലിയടക്കം സൊസൈറ്റിക്ക് ആകെ നല്‍കുന്ന തുക തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അഴീക്കല്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൊസൈറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മണല്‍ ഖനനം സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി കലക്ടര്‍(ഡി.എം) തലവനായുള്ള സമിതിയെയും കലക്ടര്‍ ചുമതലപ്പെടുത്തി. ടീമില്‍ ജില്ലാ ജിയോളജിസ്റ്റ്, സഹകരണ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, വളപട്ടണം സി.ഐ എന്നിവര്‍ അംഗങ്ങളായിരിക്കും. ഇതു സംബന്ധിച്ച് ടീം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധന സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും വീഡിയോ ചിത്രീകരിക്കും. ഇതിനുള്ള എല്ലാ സൗകര്യങ്ങളും പരിശോധന നടത്തുന്ന ഓഫിസ് അധികാരികള്‍ ഒരുക്കണം. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 15നകം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കല്‍ പോര്‍ട്ടിലെ മണല്‍ കൂടി ഉള്‍പ്പെടുത്തിയതോടെ നിലവില്‍ ഇ-മണലിന് അപേക്ഷിച്ചവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ മണല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.