ആദിവാസി പഞ്ചായത്ത് നിയമം അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം: സ൪ക്കാ൪ തത്ത്വത്തിൽ അംഗീകരിച്ച ആദിവാസി ഗ്രാമപഞ്ചായത്ത് നിയമം (അഞ്ചാം ഷെഡ്യൂൾ) അട്ടിമറിക്കാൻ ഉദ്യോഗസ്ഥതലത്തിൽ നീക്കം.ആദിവാസി ഭൂമി കൈയേറുന്നവ൪ക്കും ഇവിടങ്ങളിൽ ക്വാറികളും റിസോ൪ട്ടുകളും നടത്തുന്നവ൪ക്കും തിരിച്ചടിയാവുന്ന നിയമം ചില പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ശ്രമം. സംസ്ഥാനത്തെ ഊരുഭൂമികൾ ആദിവാസി പഞ്ചായത്തിൽ കൊണ്ടുവരണമെന്നായിരുന്നു ഗോത്രമഹാസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വയനാട്, ആറളം, അട്ടപ്പാടി, നിലമ്പൂ൪ പ്രദേശങ്ങളിലെ ആദിവാസികൾക്ക് മാത്രമേ ഇതിൻെറ പ്രയോജനം ലഭിക്കൂ. പട്ടികവ൪ഗപ്രദേശത്തിൻെറ മാപ്പിൽ സ൪ക്കാ൪ വയനാട് ജില്ലയെ മാത്രമാണ് പൂ൪ണാ൪ഥത്തിൽ സ്വീകരിച്ചിട്ടുള്ളത്.
ആദിവാസി പുനരധിവാസ മിഷൻ വിതരണം ചെയ്ത ഭൂമി പോലും ഗ്രാമപഞ്ചായത്ത് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കോഴിക്കോട് വട്ടച്ചിറ, മുതുകാട്, പേരാമ്പ്ര, കണ്ണൂരിലെ ആലക്കോട്, ചാവശ്ശേരി പറമ്പ്, തൃശൂരിലെ തലപ്പള്ളി, എറണാകുളത്തെ കുട്ടമ്പുഴ, കൊല്ലത്തെ കുര്യോട്ടുമല, ഇടുക്കിയിലെ മറയൂ൪, കുണ്ടള, പൂപ്പാറ, ചിന്നക്കനാൽ തുടങ്ങിയ പുനരധിവാസകേന്ദ്രങ്ങൾ ആദിവാസിപഞ്ചായത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 1961ൽ നിയമിച്ച യു.എൻ ഡേബ൪ കമീഷൻ ഏതെല്ലാം പട്ടികവ൪ഗ പ്രദേശങ്ങൾ ഉൾപ്പെടുത്തണമെന്ന് കേരളത്തോട് ചോദിച്ചിരുന്നു. 1064 സ്ക്വയ൪ മൈൽ ഭൂപ്രദേശം (ജനസംഖ്യ-1,76,129) പട്ടികവ൪ഗമേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു സംസ്ഥാനം നൽകിയ മറുപടി. എന്നാൽ, ഇപ്പോൾ ഈ നി൪ദേശം നടപ്പാക്കാൻ കഴിയാത്തവിധം ഭൂമി കൈയേറ്റവും കുടിയേറ്റവും നടന്നിട്ടുണ്ട്. 1996ൽ പാ൪ലമെൻറ് പാസാക്കിയ ആദിവാസി പഞ്ചായത്ത് നിയമം അനുസരിച്ച് ഊരുകളെ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകൾക്ക് രൂപം നൽകാം. ഭൂമിയുടെ ക്രയവിക്രയം നിയന്ത്രിക്കൽ, ഫണ്ട് വിനിയോഗം, ചെറുവനവിഭവങ്ങളുടെ നിയന്ത്രണം, പ്രാദേശികസ്ഥാപനങ്ങളുടെ നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങളിൽ ആദിവാസികളുടെ നിയന്ത്രണം ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇതിനാലാണ് മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിയമം നടപ്പാക്കുന്നത് എതി൪ക്കുന്നത്. ദിലീപ്സിങ് ഭൂരിയ കമ്മിറ്റി റിപ്പോ൪ട്ട് അനുസരിച്ച്  ഊര് അല്ളെങ്കിൽ അധിവാസകേന്ദ്രങ്ങളുടെ കൂട്ടമാണ് പ്രാഥമിക യൂനിറ്റ്. ഇതിനനുസരിച്ച് ആദിവാസികളുടെ കൈവശം ഇപ്പോഴുള്ള ഭൂപ്രദേശങ്ങളും പുതിയതായി പതിച്ചു നൽകിയതും വനാവകാശം ലഭിച്ച ഭൂമിയും  പട്ടികവ൪ഗ മേഖലയായി പ്രഖ്യാപിക്കണം. ഇതിനുപകരം ഏതാനും ബ്ളോക്-ഗ്രാമ പഞ്ചായത്തുകൾ പട്ടികവ൪ഗമേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥ൪ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.