കൊല്ലം തുറമുഖത്തെ കസ്റ്റംസ് ക്ളിയറന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

കൊല്ലം: കൊല്ലം തുറമുഖത്തെ കസ്റ്റംസ് ക്ളിയറന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. ചരക്കുകളുടെ ഇറക്കുമതി കയറ്റുമതി വിവരങ്ങളും നികുതിയടവും അനുബന്ധ രേഖകളുടെ കൈമാറ്റവും ഇലക്ട്രോണിക് ഡാറ്റാ ഇന്‍റര്‍ഫെയ്സ് (ഇ.ഡി.ഐ) എന്ന സംവിധാനത്തിലൂടെയാണ് ഏകോപിപ്പിക്കുന്നത്. ഇതോടെ കൊല്ലം വഴിയുള്ള ചരക്ക് നീക്കം സുഗമവും കൂടുതല്‍ വേഗത്തിലുമാകുമെന്നാണ് പ്രതീക്ഷ.

കസ്റ്റംസ് ഇടപാടുകള്‍ പരമ്പരാഗത പേപ്പര്‍ രീതിയില്‍ നിന്ന് മാറി ഓണ്‍ലൈനാകുന്നതോടെ കൊല്ലം വഴിയുള്ള ചരക്ക് നീക്കം വര്‍ധിക്കുകയും ചെയ്യും. ഇത് ലോക വ്യാപാര ശൃംഖലയില്‍ കൊല്ലം ഇടമുറപ്പിക്കാനും അവസരമൊരുക്കും. ഒരുമാസത്തിനകം പദ്ധതി കമീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇ.ഡി.ഐക്കുള്ള ക്രമീകരണങ്ങള്‍ തുറമുഖത്തോട് ചേര്‍ന്ന് പുരോഗമിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തുന്നത്. സെക്കന്‍ഡില്‍ മൂന്ന് മെഗാബൈറ്റ് ശേഷിയുള്ള അതിവേഗ എം.പി.എല്‍.എസ് ഇന്‍റര്‍നെറ്റ് കണക്ഷനാണ് ക്രമീകരിക്കുന്നത്. പ്രത്യേക കേബ്ള്‍ വഴിയാണ് നെറ്റ് കണക്ഷന്‍ നല്‍കുന്നത്.

ഓഫിസ് ക്രമീകരണ ജോലികള്‍ 95 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. സോഫ്റ്റ്വെയര്‍ ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ ഓണ്‍ലൈന്‍ കസ്റ്റംസ് ക്ളിയറന്‍സ് സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാകും. കൊച്ചിയിലും തൂത്തുക്കുടിയിലുമടക്കം ഇ.ഡി.ഐ സംവിധാനം നേരത്തെതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ സംവിധാനത്തില്‍ കപ്പലുകളുടെ കണ്ടെയ്നര്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടറുകള്‍ വഴി പരിശോധിക്കാനാകും. മറ്റ് പോര്‍ട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ കയറ്റുമതി-ഇറക്കുമതി നിരക്കാണ് കൊല്ലത്തുള്ളത്. മറ്റ് പോര്‍ട്ടുകളില്‍ താരിഫ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് നിരക്കുകള്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ കൊല്ലം മൈനര്‍ തുറമുഖമായതിനാല്‍ കേരള സര്‍ക്കാറാണ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. അതോടൊപ്പം മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായതിനാല്‍ കണ്ടെയ്നര്‍ വേഗത്തില്‍ നീക്കാനുമാകും. തുറമുഖത്തെ പുതിയ സംവിധാനം കശുവണ്ടി വ്യവസായത്തിന്‍െറ ഈറ്റില്ലമായ ജില്ലക്ക് ഏറെ പ്രതീക്ഷയും നല്‍കുന്നുണ്ട്.

600 ഓളം കശുവണ്ടി സംസ്കരണ യൂനിറ്റുകളാണ് ജില്ലയില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ എട്ടു ലക്ഷം ടണ്‍ തോട്ടണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് ഇറക്കുമതി ചെയ്യുണ്ട്. അതോടൊപ്പം 1.3 ലക്ഷം ടണ്‍ സംസ്കരിച്ച കശുവണ്ടിയാണ് ഗൾഫ് രാഷ്ട്രങ്ങളിലേക്കുൾപ്പെടെ  വാര്‍ഷിക കയറ്റുമതി ചെയ്യുന്നത്. പരമ്പരാഗത കസ്റ്റംസ് ക്ളിയറന്‍സ് സംവിധാനത്തിന്‍െറ സ്വാഭാവിക പോരായ്മയും അന്തര്‍ദേശീയ വ്യാപാര കേന്ദ്രങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാനാവാത്തതും മൂലം തൂത്തുക്കുടി, കൊച്ചി പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ കയറ്റുമതി ഇറക്കുമതി അധികവും നടക്കുന്നത്. ഇതിന് പുറമേ റോഡുമാര്‍ഗം വിദൂരങ്ങളിലുള്ള പോര്‍ട്ടുകളില്‍ നിന്ന് ചരക്ക് കൊണ്ടുവരുന്നതിനും പോകുന്നതിനും നല്ളൊരു തുക ചെലവുമാകുന്നുണ്ട്.

കൊല്ലത്ത് ഇ.ഡി.ഐ പ്രാവര്‍ത്തികമാകുന്നതോടെ ഇ.ൗ തുറമുഖങ്ങളില്‍ നിന്നുള്ള കണ്ടെയ്നര്‍ നീക്കം കൊല്ലത്തേക്ക് മാറും. മാലദ്വീപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊല്ലം തുറമുഖം വഴി കൊണ്ടുപോകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.