നിരോധാജ്ഞ തുടരുന്നു; പോത്തന്‍കോട് സംഘര്‍ഷം: അഞ്ചുപേര്‍ പിടിയില്‍

കഴക്കൂട്ടം: പോത്തന്‍കോട് പ്ളാമൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച ഡി.വൈ.എഫ്.ഐ - ബി.ജെ.പി സംഘര്‍ഷത്തിന് നേരിയ ശമനം. വെള്ളിയാഴ്ച രാവിലെ ചെറിയ സംഘര്‍ഷമുണ്ടായി. വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ഇവരെ കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച വൈകീട്ട് നടന്ന ആക്രമണത്തില്‍ നിരവധി വീടുകള്‍ ഇരുവിഭാഗവും തകര്‍ത്തു. പോത്തന്‍കോട് എസ്.ഐ രാകേഷിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും പോത്തന്‍കോട് മേഖലയില്‍ ഹര്‍ത്താലാചരിച്ചു. രാവിലെ ഇരുവിഭാഗവും പ്രതിഷേധപ്രകടനം നടത്തി. രാവിലെ പത്തോടെയാണ് പോത്തന്‍കോട് ചാരുംമൂട്ടില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കൊടിമരം നശിപ്പിക്കുന്നത് കണ്ട് തടയാനത്തെിയ ബി.ജെ.പി പ്രവര്‍ത്തകന്‍ കണ്ണനെ സി.പി.എം പ്രവര്‍ത്തകന്‍ മര്‍ദിച്ചു. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചാരുംമൂട്ടില്‍ തടിച്ചുകൂടി സി.പി.എം പ്രവര്‍ത്തകന്‍ സ്റ്റീഫനെ മര്‍ദിച്ചു. കഴക്കൂട്ടം എസ്.ഐ ശ്രീജിത്തിന് പരിക്കേറ്റു. സ്ഥലത്തത്തെിയ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഗോപന്‍ നായരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. അഞ്ചുപേരെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി ചെമ്പഴന്തി ഉദയനും കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് പാങ്ങപ്പാറ രാജീവും സ്ഥലത്തത്തെി. റോഡില്‍ പ്രതിഷേധിച്ച് കിടന്ന ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയും നേതാക്കളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കഴക്കൂട്ടം, മംഗലപുരം സ്റ്റേഷനുകളില്‍ ഉപരോധം നടത്തി. മൂന്ന് മണിക്കൂറിലേറെ നീണ്ട ഉപരോധം വൈകീട്ട് അഞ്ചോടെ അവസാനിച്ചു. പലതവണ പൊലീസ് ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നേതാക്കളെ വിട്ടയച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. സംഘര്‍ഷം പടരാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് രാവിലെ തന്നെ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ സാധിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധാജ്ഞ. റൂറല്‍ എസ്.പി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ എന്നിവര്‍ തകര്‍ക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ചു. രണ്ട് ദിവസമായി നടന്ന സംഭവത്തില്‍ പത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.