പത്മതീര്‍ഥക്കുളം ശുചീകരണം നവംബര്‍ ആദ്യവാരം തുടങ്ങും

തിരുവനന്തപുരം: പത്മതീര്‍ഥക്കുളത്തിന്‍െറ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യവാരം തുടങ്ങാന്‍ ഭരണസമിതി തീരുമാനം. കുളത്തില്‍ 1.3 മീറ്റര്‍ കനത്തില്‍, ഏകദേശം 16,500 ക്യുബിക് മീറ്റര്‍ ചളി അടിഞ്ഞുകിടക്കുന്നതായി ശുചീകരണത്തിന്‍െറ മുന്നോടിയായി ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെി. 35 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ കുളത്തിലുള്ളത്. ചുറ്റുമുള്ള പൈതൃകമന്ദിരങ്ങള്‍ക്ക് കേടുപാടുണ്ടാക്കാത്തവിധം ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിന് തുടക്കമിടാന്‍ ഇതിനായി ചുമതലപ്പെടുത്തിയ സാങ്കേതികസമിതി ശിപാര്‍ശ ചെയ്തു. വെള്ളം വറ്റിച്ചശേഷമേ കുളത്തിനടിയിലെ നിര്‍മാണങ്ങളുടെ വിശദാംശങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന് ആവശ്യമായ തുകയുടെ വ്യക്തമായ എസ്റ്റിമേറ്റും തയാറാക്കാനാവൂ. ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ശങ്കര്‍, തുറമുഖ വകുപ്പിലെ ചീഫ് ഹൈഡ്രോഗ്രാഫര്‍ സുരേന്ദ്രലാല്‍, സംസ്ഥാന ദുരന്തനിവാരണ ഏജന്‍സി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന കാമറകളടക്കമുള്ളവ ഉപയോഗിച്ചാണ് കുളത്തില്‍ പഠനം നടത്തിയത്. വിദഗ്ധ സമിതിയുടെ കണ്ടത്തെലുകള്‍ ഭരണസമിതി അധ്യക്ഷയും ജില്ലാ അഡീ. ജഡ്ജുമായ കെ.പി. ഇന്ദിരയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സമര്‍പ്പിച്ചു. കമ്മിറ്റിയംഗങ്ങളായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ഭരണസമിതിയംഗം വിജയകുമാര്‍, ആര്‍ക്കിയോളജി ഡയറക്ടര്‍ ജി. പ്രേംകുമാര്‍, ആര്‍ക്കിയോളജി ചീഫ് എന്‍ജിനീയര്‍ വി.എസ്. സതീഷ്, ആര്‍ക്കിയോളജി ഓഫ് ഇന്‍ഡ്യയുടെ എന്‍ജിനീയര്‍മാരായ ജയകിരണ്‍, കൈലേശന്‍, വി.എസ്.എസ്.സി ശാസ്ത്രജ്ഞന്‍ ടി. സാബു, സാങ്കേതിക ഉപദേശകസമിതിയംഗങ്ങളായ ശ്രീകുമാരന്‍ നായര്‍, ആര്‍. സനല്‍കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം പത്മതീര്‍ഥക്കുളവും മിത്രാനന്ദപുരം കുളവും ഒന്നിച്ച് ശുചീകരിച്ചാല്‍ തന്ത്രിമാരുടെയും നമ്പിമാരുടെയും ആചാരപരമായ അനുഷ്ഠാനങ്ങള്‍ക്ക് മുടക്കംവരാന്‍ സാധ്യതയുള്ളതായി യോഗം വിലയിരുത്തി. അതിനാല്‍ പത്മതീര്‍ഥക്കുളം ആദ്യം ശുചിയാക്കാനാണ് തീരുമാനം. വര്‍ഷകാലത്തിന് മുമ്പായി മുഴുവന്‍ ശുചീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനും അതിനുശേഷം അറ്റകുറ്റപ്രവര്‍ത്തനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിക്കാനും ലക്ഷ്യമിടുന്നു. ശുചീകരണത്തിന് നാല് ഏജന്‍സികളാണ് ഇതിനകം മുന്നോട്ടുവന്നിട്ടുള്ളത്. വെള്ളം വറ്റിച്ച് ചളി നീക്കംചെയ്യുന്നതിന് ഇവരില്‍നിന്ന് ആദ്യം ക്വാട്ടേഷന്‍ ക്ഷണിക്കും. പൈതൃകമന്ദിരങ്ങളടക്കമുള്ളവക്ക് ഭീഷണിയാവാതെ എങ്ങനെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നും സാങ്കേതികസമിതി ശിപാര്‍ശ ചെയ്യുന്നുണ്ട്. ശുചീകരണത്തിന്‍െറ ആദ്യഘട്ടമെന്നനിലയില്‍ സാവധാനം വെള്ളം വറ്റിക്കാനാണ് ഭരണസമിതി തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.