ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പത്തനാപുരം: കറവൂര്‍ അമ്പനാര്‍ സെക്ഷന്‍ ഓഫിസിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മണല്‍ വാരല്‍ സംഘത്തിന്‍െറ ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കടമ്പനാട് പോരുവഴി കാര്‍ത്തികയില്‍ സൂരജ് ബി. നായര്‍ (25), ചവറ മുല്ലക്കേരി വെളുത്തേടത്ത് തെക്കേതില്‍ ബി. ബിജു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ഇഞ്ചപ്പള്ളി വനപരിധിയിലാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ മണല്‍ മാഫിയയാണെന്ന് ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി. പുലര്‍ച്ചെ പട്രോളിങ്ങിനിറങ്ങിയ ഉദ്യോഗസ്ഥര്‍ ഇഞ്ചപ്പള്ളിയില്‍ മണല്‍ സംഘത്തെ തടഞ്ഞു. ഇത് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങി. ആറംഗസംഘം ഫോറസ്റ്റ് ഓഫിസിന്‍െറ ജനാലകള്‍ തകര്‍ത്തു. മേഖലയില്‍ മണല്‍വാരല്‍ ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിലധികമായി രാത്രിയും പകലും പട്രോളിങ് നടന്നുവരികയാണ്. ഇഞ്ചപ്പള്ളി മഹാദേവര്‍മണ്‍, ചണ്ണക്കാമണ്‍, സന്യാസികോണ്‍ ഭാഗങ്ങള്‍ നിരന്തരം വനപാലകരുടെ നിരീക്ഷണത്തിലാണ്. അക്രമികളെ തിരിച്ചറിയാമെന്ന് പരിക്കേറ്റ വനപാലകര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനപാലകര്‍ വീടുകയറി മര്‍ദിച്ചെന്ന പരാതിയുമായി കറവൂര്‍ ചണ്ണക്കാമണ്‍ സ്വദേശിനിയായ ലീല പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സ തേടിയിട്ടുണ്ട്. തന്‍െറ മകനെ കള്ളക്കേസില്‍ കുടുക്കിയെന്നും മുന്‍വൈരാഗ്യം തീര്‍ക്കുകയാണെന്നും വീട്ടമ്മ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.