പ്രതിസന്ധിയുടെ കാരണങ്ങള്‍ ജനങ്ങളറിയണം

കേരളത്തിൽ ഒരു ഭരണമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന സാങ്കേതിക മറുപടിക്ക് മാത്രമായി ഒരു സ൪ക്കാ൪ അധികാരത്തിൽ തുടരേണ്ടതുണ്ടോ എന്ന് സഗൗരവം ആലോചിക്കേണ്ടത് ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയും യു.ഡി.എഫ് നേതൃത്വവും തന്നെയാണ്. എത്രതന്നെ നിഷേധിച്ചാലും ഒരാളെയും ബോധ്യപ്പെടുത്താൻ കഴിയാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇഴഞ്ഞുനീങ്ങുന്നത്. പ്രതിസന്ധിയില്ല, പ്രയാസം മാത്രമേയുള്ളൂ എന്ന് മുഖ്യമന്ത്രി ക്ഷീരബല കണക്കെ നൂറ്റൊന്നാവ൪ത്തിക്കുമ്പോഴും ജീവനക്കാ൪ക്ക് ശമ്പളവും പെൻഷനും യഥാസമയം കൊടുത്തുതീ൪ക്കാൻപോലും കിട്ടാവുന്നേടത്തു നിന്നൊക്കെ കടം വാങ്ങിയും ഫണ്ട് വകമാറി ചെലവഴിച്ചും ഓവ൪ ഡ്രാഫ്റ്റിന് വഴിതേടിയും വിയ൪ക്കുകയാണ് ധനമന്ത്രി. പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഏറ്റവും ഒടുവിൽ 3000 കോടി രൂപയുടെ അധിക നികുതിയും സ൪വീസ് ചാ൪ജ് വ൪ധനയും പ്രഖ്യാപിച്ചിട്ടും ട്രഷറി രക്ഷപ്പെടുന്ന ലക്ഷണമില്ല. സമീപഭാവിയിൽ ശാപമോക്ഷം പ്രതീക്ഷിക്കാവുന്ന സാഹചര്യവുമില്ല. 10,000 ലിറ്ററിൽ കൂടുതൽ വെള്ളമുപയോഗിക്കുന്നവ൪ക്ക് വ൪ധിപ്പിച്ച കരം കടുത്ത ജനകീയ പ്രതിഷേധംമൂലം 15,000 ലിറ്റിൽ കൂടുതലുള്ള ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയതുകൊണ്ടുമാത്രം ജനരോഷം അടക്കാനാവുമെന്ന് കരുതാൻ വയ്യ. മരാമത്ത് ഉൾപ്പെടെ വിവിധ ജോലികൾ ഏറ്റെടുത്ത കരാറുകാ൪ ബില്ലുകൾ മാറിക്കിട്ടാതെ പണി തുടരാനാവില്ളെന്ന് തീ൪ത്തുപറഞ്ഞിരിക്കുന്നു. മഴക്കാലം കഴിയാറായതോടെ തക൪ന്നുകിടക്കുന്ന റോഡുകളും പാലങ്ങളും അടിയന്തരമായി റിപ്പയ൪ നടത്തുകയോ പുന൪ നി൪മിക്കുകയോ ചെയ്യേണ്ടതുണ്ട്. കുടിശ്ശിക കൊടുത്തുതീ൪ക്കാതെ പുതിയ ബാധ്യതകൾ ഏറ്റെടുക്കാൻ കരാറുകാ൪ക്കാവില്ല. മൊത്തം പദ്ധതി പ്രവ൪ത്തനങ്ങൾതന്നെ പൂ൪ണമായി സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. നടപ്പ് സാമ്പത്തിക വ൪ഷത്തിൻെറ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്തിൻെറ പദ്ധതി വിനിയോഗം 13.19 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. കടത്തിൽ മുങ്ങിക്കിടക്കുന്ന സ൪ക്കാറിന് ഇനിയുള്ള ആറുമാസത്തിനകം ശേഷിച്ച 87 ശതമാനം പദ്ധതി പ്രവ൪ത്തനങ്ങൾക്ക് വിനിയോഗിക്കാനാവുമെന്ന് ഏത് ശുദ്ധാത്മാവിനെയാണ് വിശ്വസിപ്പിക്കാനാവുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി കഴിയാൻ കഷ്ടിച്ച് ഒരു വ൪ഷം മാത്രം ബാക്കിനിൽക്കെ ഈ സ്ഥാപനങ്ങൾക്ക് നീക്കിവെച്ച തുകയുടെ 9.65 ശതമാനം മാത്രമേ വിനിയോഗിക്കാനായുള്ളൂവെങ്കിൽ പഞ്ചായത്തീരാജ് എന്ന സങ്കൽപം തന്നെ അട്ടിമറിക്കപ്പെടുകയാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ജനകീയ വികസനം എന്ന മഹത്തായ ആശയത്തിൻെറ സാക്ഷാത്കാരമാണ് ഇവ്വിധം അയഥാ൪ഥമായിത്തീരുന്നത്. നികുതി, നിയമം, ഭവന നി൪മാണം എന്നീ വകുപ്പുകൾ തങ്ങൾക്ക് വകയിരുത്തിയ വിഹിതത്തിൽ ഒരു പൈസപോലും അരക്കൊല്ലത്തിനുള്ളിൽ ചെലവഴിച്ചിട്ടില്ലത്രെ. വല്ലതും ചെയ്ത വകുപ്പുകളും 25 ശതമാനത്തിലും താഴെ മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ആകപ്പാടെ സ്വപ്നതുല്യമായ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വൻ സചിത്ര പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നതാണ് നടന്നേടത്തോളമുള്ള വികസന പ്രവ൪ത്തനങ്ങൾ. ആ വകയിൽ മാധ്യമങ്ങൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക തീ൪ക്കാനുള്ളപ്പോൾതന്നെ മേലിൽ ഭീമൻ പരസ്യങ്ങൾ വേണ്ടെന്നും തീരുമാനിച്ചിരിക്കുന്നു.
എന്തുകൊണ്ട് ഇത്തരമൊരു വൻ പ്രതിസന്ധിയിലേക്കും വികസന മുരടിപ്പിലേക്കും സംസ്ഥാനം എടുത്തെറിയപ്പെട്ടു എന്നറിയാൻ ജനങ്ങൾക്ക് തീ൪ച്ചയായും അവകാശമുണ്ട്. അസാധാരണമായ പ്രകൃതി ദുരന്തങ്ങളോ കേന്ദ്ര സഹായത്തിൻെറ വെട്ടിക്കുറക്കലോ നികുതി നിഷേധമോ ഒന്നും ജനങ്ങളുടെ അറിവിലില്ല. പ്രഖ്യാപിത മദ്യ നിയന്ത്രണം മൂലം വൻ റവന്യൂ നഷ്ടം ഉണ്ടാവുമെന്ന ചിലരുടെ മുന്നറിയിപ്പ് മുഖവിലക്കെടുത്താൽപോലും അതിനിയും ആരംഭിച്ചിട്ടുവേണം. നിലവിലെ ദീവാളികുളിക്ക് ഭാഗിക മദ്യ നിയന്ത്രണത്തെ ഒരുവിധത്തിലും കുറ്റപ്പെടുത്താനാവില്ല. പിന്നെയെന്ത് സംഭവിക്കുന്നുവെന്ന് ജനങ്ങൾക്ക് അറിയണം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാനോ വിഷയം ച൪ച്ചചെയ്യാൻ നിയമസഭ വിളിച്ചു ചേ൪ക്കാനോ ഉദ്ദേശ്യമില്ളെന്നാണ് സ൪ക്കാറിൻെറ നിലപാട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ സുതാര്യമാക്കുകയാണ് ജനാധിപത്യത്തിൻെറ പ്രാഥമിക നീതിയും മര്യാദയും. അത് സ൪ക്കാ൪ പാലിച്ചേ പറ്റൂ. വിശിഷ്യ മാസങ്ങൾക്കു മുമ്പ്  അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി സൂചിപ്പിക്കുകപോലും ചെയ്യാത്ത കനത്ത നികുതി ഭാരവും സാമ്പത്തിക ബാധ്യതകളും ജനങ്ങളുടെമേൽ ഓ൪ഡിനൻസുകളിലൂടെ കെട്ടിയേൽപിക്കുന്നത് പാ൪ലമെൻററി ജനാധിപത്യത്തിൽ അംഗീകരിക്കാനാവുന്നതല്ല. എന്തുപറഞ്ഞാലും മുമ്പ് നിങ്ങൾ ഭരിച്ചപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട് എന്ന സ്ഥിരം മറുപടി ഏറി വന്നാൽ പ്രതിപക്ഷ വിമ൪ശങ്ങളെ നേരിടാൻ മാത്രമുതകുന്ന പല്ലവിയാണ്. പൊതുസമൂഹത്തെ തൃപ്തിപ്പെടുത്തുന്ന പ്രതികരണമല്ല അത്. ഭരണപക്ഷത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷത്തില്ല എന്ന ഒരേയൊരു ധൈര്യത്തിൽ പിടിപ്പുകെട്ടതും സുതാര്യമല്ലാത്തതുമായ ജനദ്രോഹ ഭരണം തുട൪ന്നാൽ തിരിച്ചടി അപ്രതീക്ഷിതവും അസഹനീയവുമായിരിക്കുമെന്ന് ഓ൪മിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT