സ്വത്ത് ഭാഗംവെക്കാന്‍ ചെലവേറും

തിരുവനന്തപുരം: കുടുംബസ്വത്തുക്കൾ ഭാഗം വെക്കാൻ ഇനി ചെലവേറും. ഇപ്പോൾ എത്ര കൂടുതൽ സ്വത്തുണ്ടെങ്കിലും 1000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 25,000 രൂപ വരെ ഫീസും അടച്ചാൽ ആധാരം നടത്താമായിരുന്നു. ഈ പരിധി എടുത്തുകളയാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഭാഗപത്രം, ഒഴിമുറി എന്നിവക്ക് ഒരു ശതമാനവും ധനനിശ്ചയാധാരം, ഇഷ്ടദാനം എന്നിവക്ക് രണ്ടു ശതമാനവും നികുതി നിരക്ക് പരമാവധി 1000 രൂപയും എന്ന രീതിയിലായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു ശതമാനം നികുതി പരമാവധി 25,000 രൂപ എന്ന നിലയിലായിരുന്നു ഫീസ്. എന്നാൽ, ഇതിലെ പരമാവധി എന്ന വ്യവസ്ഥ എടുത്തുകളയുകയാണ് ചെയ്തത്. ഇതോടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ആധാരങ്ങൾക്കെല്ലാം ന്യായവിലയുടെ അടിസ്ഥാനത്തിൽ നിശ്ചിത ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും നൽകണം. വൻതോതിൽ വരുമാന വ൪ധനയാണ് ഇതിലൂടെ സ൪ക്കാ൪ പ്രതീക്ഷിക്കുന്നത്. 1000 കോടിയുടെ സ്വത്ത് വീതം വെക്കാൻ ഇപ്പോൾ 26,000 രൂപ മതിയായിരുന്നു. എന്നാൽ, ഇനി ന്യായവില അനുസരിച്ചുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും നൽകേണ്ടിവരും.
ഭൂമിയുടെ ന്യായവില ഉയ൪ത്താനും മന്ത്രിസഭ തത്ത്വത്തിൽ തീരുമാനിച്ചു. ഇത് പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ്, പി.ജെ. ജോസഫ്, അടൂ൪ പ്രകാശ്, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിൽ. സമിതി പരിശോധന നടത്തി ഒക്ടോബ൪ ഒന്നിലെ മന്ത്രിസഭാ യോഗത്തിൽ റിപ്പോ൪ട്ട് സമ൪പ്പിക്കും. ഇതിൻെറ അടിസ്ഥാനത്തിലാകും എത്ര ശതമാനം വ൪ധന വേണമെന്ന് തീരുമാനിക്കുക. ന്യായവില ഉയ൪ത്തുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രേഷനുകളുടെയും ചെലവ് വ൪ധിക്കും. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി, ഫീസ് ഇനത്തിലുള്ള വരുമാനം ഗണ്യമായി ഉയരും. ഭൂമി ഇടപാടുകൾ നടത്താനുള്ള സാമ്പത്തിക ബാധ്യത ഇതോടെ വ൪ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.