ആദിവാസികള്‍ക്കുള്ള ഓണക്കിറ്റില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

പുനലൂര്‍: സംസ്ഥാനത്തെ ആദിവാസികള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്ന ഓണക്കിറ്റിലെ വിഭവങ്ങള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഓണക്കാലത്ത് ആദിവാസികള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്ന പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വെട്ടിക്കുറച്ചത്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് 15 കിലോ അരിയും പായസ കിറ്റുമുള്‍പ്പെടെ 15 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റാണ് സംസ്ഥാനത്തെ 1,47,906 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് മുഖേന വിതരണം ചെയ്തത്. ഇത്തവണ ആറ് സാധനങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്. കൂടാതെ ഗുണമേന്മ കുറഞ്ഞതും അളവിലും തൂക്കത്തിലും കുറവുള്ളതുമായ സാധനങ്ങളാണ് വിതരണം ചെയ്തതെന്ന് പരക്കെ ആക്ഷേപമുണ്ട്. മുമ്പ് വെളിച്ചെണ്ണ, പഞ്ചസാര, മുളക്, ഉഴുന്ന്, പരിപ്പ്, ശര്‍ക്കര, ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവ ഓരോ കിലോവീതം വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ 10 കിലോ അരിയും വെളിച്ചെണ്ണ, പഞ്ചസാര, ശര്‍ക്കര എന്നിവ അര കിലോ വീതവും മുളക് 250 ഗ്രാമുമാണ് വിതരണംചെയ്തത്. മാത്രമല്ല, മുമ്പ് ഓണക്കിറ്റിലുണ്ടായിരുന്ന വന്‍പയര്‍, പപ്പടം, പായസകിറ്റ് എന്നിവയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഓണാഘോഷത്തിന്‍െറ ഭാഗമായി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമ്പോഴാണ് ആദിവാസികള്‍ക്ക് ഭക്ഷണം നിഷേധിച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് ഓണക്കിറ്റില്‍ വ്യാപകമായ കുറവ് വരുത്തിയതിലും ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വിതരണംചെയ്തതിലും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി പി.ജെ. രാജുവും മാമ്പഴത്തറ ആദിവാസി കോളനിയിലെ പഞ്ചായത്തംഗമായ സിബില്‍ബാബുവും പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.