സഹോദര സ്മരണയില്‍ എഡിസണിന്‍െറ ‘അപൂര്‍വരക്ത’ ദാനം

കൊച്ചി: ഓണക്കാലം എൻജിനീയറിങ് വിദ്യാ൪ഥി എഡിസണിന് തൻെറ ഇരട്ട സഹോദരൻ സാംസണിൻെറ നീറുന്ന ഓ൪മ കൂടിയാണ്. പെരിയാറിൽ കുളിക്കാനിറങ്ങിയ സാംസൺ മുങ്ങിമരിക്കുകയായിരുന്നു. ഈ ഓണക്കാലത്തും സഹോദരൻെറ ഓ൪മക്കായി എഡിസൺ രക്തം നൽകി. അപൂ൪വ രക്ത ഗ്രൂപ്പായ എ-നെഗറ്റീവ്; അതും ഹ൪ത്താൽ ദിനത്തിൽ. ഭാര്യയുടെ സിസേറിയനായി എ-നെഗറ്റീവ് രക്തത്തിന് നെഞ്ചിടിപ്പോടെ നെട്ടോട്ടമോടിയ കണ്ണമാലി സ്വദേശി സുധീറിനാണ് ഇത് ആശ്വാസമായത്. പറവൂ൪ മാതാ എൻജിനീയറിങ് കോളജിൽ എഡിസണിനൊപ്പം സാംസണും മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാ൪ഥിയായിരുന്നു. പറവൂ൪ പുറപ്പള്ളിക്കാവിൽ പെരിയാറിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരട്ട സഹോദരങ്ങളും കൂട്ടുകാരും. ചുഴിയിൽപെട്ട സാംസണിനെ രക്ഷിക്കാൻ എഡിസണിനും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. രണ്ടുവ൪ഷം മുമ്പായിരുന്നു സംഭവം.
ഒന്നിച്ച് ജനിച്ച് ഒരേ ക്ളാസിലിരുന്ന് പഠിച്ച് വള൪ന്ന സഹോദരനെ എന്നും ഓ൪ക്കാൻ എഡിസൻ കാരുണ്യപ്രവ൪ത്തനത്തിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതിൻെറ ഭാഗമായി ‘സാംസൺ മെമ്മോറിയൽ ചാരിറ്റബ്ൾ ഓ൪ഗനൈസേഷൻ (എസ്.എം.സി.ഒ) രൂപവത്കരിച്ചു. വയനാട് വടുവഞ്ചാൽ സ്വദേശിയാണ് എഡിസൺ.
മരിച്ച സാംസൺ ഒ-നെഗറ്റീവ് ഗ്രൂപ്പുകാരനായിരുന്നു. മാതാവ് ജെസിയും ഇതേ ഗ്രൂപ്പാണ്. ക൪ഷകനായ പിതാവ് പി.സി. ജേക്കബും കോഴിക്കോട് പ്ളാനിങ് എൻജിനീയറിങ് വിദ്യാ൪ഥിയായ സഹോദരൻ ജാക്സണും ഒ-പോസിറ്റീവ് ഗ്രൂപ്പുകാരാണ്.
 പിതാവ് മരിച്ച സഹപാഠിയുടെ വീട്ടുപണിക്ക് 25,000 രൂപ ഇവ൪ നൽകി.  ജനറൽ ആശുപത്രിയിൽ സിസേറിയന് വിധേയയായ കണ്ണമാലിയിലെ ഡ്രൈവ൪ സുധീറിൻെറ ഭാര്യ ചിഞ്ചു, തിങ്കളാഴ്ച അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എടപ്പാൾ സ്വദേശി നിയാസ്, ലിസി ആശുപത്രിയിൽ ബൈപാസ്  ശസ്ത്രക്രിയക്കായി തൃശൂ൪ വലപ്പാട്ട് താമസിക്കുന്ന കണ്ണൂ൪ സ്വദേശി മജീദ് എന്നിവ൪ക്കാണ് രക്തം നൽകിയത്.
എസ്.എം.സി.ഒ അംഗങ്ങളും മെക്കാനിക്കൽ, ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാ൪ഥികളുമായ ലിജോ, സന്ദീപ്, ബ്ളസൺ, നന്ദു, നിഖിൽ, ടി.എസ്. അ൪ജുൻ, സിറിൾ സി. സെബാസ്റ്റ്യൻ, ഗോവിന്ദ്, അഭിജിത്, ജോ൪ജ് എന്നിവരാണ് രക്തം ദാനം ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.