ജി.സി.സി കൂട്ടായ്മയുടെ സ്വയം ശാക്തീകരണം

കത്തിയാളുന്ന പശ്ചിമേഷ്യയുടെ അതിദയനീയവും ഗുരുതരവുമായ രാഷ്ട്രീയ സ്ഥിതിഗതികൾ അനാവരണം ചെയ്യുന്നതാണ് ശനിയാഴ്ച ജിദ്ദയിൽ ചേ൪ന്ന ജി.സി.സി വിദേശമന്ത്രിമാരുടെ സമ്മേളനം. ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധ സങ്കീ൪ണതകളെ അനുദിനം വഷളാക്കിക്കൊണ്ടേയിരിക്കുന്ന ഭീകരത ചെറുത്തുനിൽപുകളില്ലാതെ മേഖലയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായി ചേരിചേരുകയും പിരിയുകയും ചെയ്യുന്ന അറബ് രാഷ്ട്രങ്ങളുടെ നിലപാടിൻെറ ഫലമായി ഭീകരവാദപ്രവണതകൾ അങ്ങോട്ടും തലനീട്ടുന്നു. അറബ് മേഖലയിലെ ആഭ്യന്തര ശൈഥില്യം മറയാക്കി മേഖലയിലെ എന്നത്തെയും പുകയുന്ന വിഷയമായ ഫലസ്തീനുമേൽ വംശഹത്യായുദ്ധത്തിലൂടെ സയണിസ്റ്റ് ഭീകരത ആധിപത്യം നേടാൻ ശ്രമിക്കുന്നു. ഈ പ്രതിസന്ധികൾക്കിടെ ബാഹ്യഭീഷണികളെ ഒരുമിച്ചു നേരിടാൻ കഴിയാതെ അറബ് മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസവും ചേരിതിരിവും പ്രകടമാകുന്നു.
ജിദ്ദ സമ്മേളനത്തിൻെറ അജണ്ടയിലെ മുഖ്യ ഇനം തന്നെ ഈ ദൈന്യമായ വൈരുധ്യങ്ങളെ എങ്ങനെ മറികടക്കാം എന്നതായിരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയമാറ്റങ്ങളെ ചൊല്ലി ജി.സി.സി രാഷ്ട്രങ്ങൾക്കിടെ ഉരുത്തിരിഞ്ഞ അഭിപ്രായഭേദം പറഞ്ഞു തീ൪ക്കുകയായിരുന്നു കാര്യപരിപാടികളിൽ പ്രധാനം.

ഈജിപ്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സ൪ക്കാറിനെ അട്ടിമറിച്ച അബ്ദുൽഫത്താഹ് സീസിയുടെ നീക്കത്തോടും തുട൪നടപടികളോടുമുള്ള നയനിലപാടുകളെ ചൊല്ലി ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഉടലെടുത്ത ഭിന്നതയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഖത്തറിൽനിന്ന് അംബാസഡ൪മാരെ പിൻവലിക്കുന്നതിലത്തെിയത്. ജി.സി.സി രാഷ്ട്രങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുയ൪ത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും പരിരക്ഷയോ രാഷ്ട്രീയപിന്തുണയോ നൽകാതിരിക്കുക, പ്രതിലോമപരമായ മാധ്യമപ്രവ൪ത്തനത്തിനു പിന്തുണ നൽകാതിരിക്കുക എന്നീ വിഷയങ്ങളിൽ കഴിഞ്ഞ വ൪ഷം നവംബറിൽ ജി.സി.സി രാഷ്ട്രങ്ങൾ ധാരണയിൽ ഒപ്പുവെച്ചെങ്കിലും അത് നടപ്പിലാക്കുന്നതിൽ ഖത്ത൪ അമാന്തം കാണിച്ചെന്നായിരുന്നു മൂന്നു രാജ്യങ്ങളുടെയും പരാതി. എന്നാൽ, ജി.സി.സിക്കു പുറത്തുള്ള വിഷയങ്ങൾക്ക് ഈ പ്രമേയവുമായി ബന്ധമില്ളെന്നും അതിനാൽ ധാരണക്കു വിരുദ്ധമായി പ്രവ൪ത്തിച്ചില്ളെന്നുമായിരുന്നു ഖത്ത൪ നിലപാട്.

പുറം വിഷയങ്ങളുടെ പേരിൽ അകത്ത് അഭിപ്രായഭിന്നത രൂക്ഷമായി തുടരുമ്പോഴാണ്  സിറിയയിലെയും ഇറാഖിലെയും സ്ഥിതിഗതികൾ മാറിമറിഞ്ഞത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡൻറ് ബശ്ശാറിൻെറ ഏകാധിപത്യത്തിനെതിരായ പോരാട്ടങ്ങളെ പിന്തുണക്കുകയും സമാന്തര ഗവൺമെൻറിനു ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നതാണ് ജി.സി.സി രാഷ്ട്രങ്ങൾ. എന്നാൽ, പടിഞ്ഞാറുനിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ വന്നതോടെ അതെവിടെയുമത്തെിയില്ല. അതേസമയം, ബശ്ശാ൪വിരുദ്ധ പ്രക്ഷോഭത്തെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ ഗ്രൂപ് ഹൈജാക് ചെയ്തതോടെ അറബ്ലോകം ധ൪മസങ്കടത്തിലായി. ബശ്ശാറിനെതിരായ പ്രക്ഷോഭത്തെ ത്വരിപ്പിച്ചു തന്നെ ഭീകരഭീഷണിയെ എങ്ങനെ നേരിടാം എന്നതാണ് അവരെ കുഴക്കുന്ന പ്രശ്നം. അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ ശക്തികളും അവരുടെ ചൊൽപടിയിലുള്ള യു.എൻ നേതൃത്വത്തിലെ അന്താരാഷ്ട്ര സമൂഹവുമൊക്കെ കാഴ്ചക്കാരായി നിൽക്കെ, പുതിയ ഭീകരവാദ ഭീഷണി ഗൾഫ് രാജ്യങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അറബ്മേഖലയിലെ ഇതര കാലുഷ്യങ്ങളെയൊക്കെ മറികടന്ന് അവ൪ക്ക് ഭീകരതയും തീവ്രവാദവും മുഖ്യവിഷയമായി വരുന്നതിൻെറ കാരണമതാണ്.

ജിദ്ദ സമ്മേളനത്തിനൊടുവിൽ പുറപ്പെടുവിച്ച കമ്യൂണിക്കേയുടെ മുഖ്യഭാഗം ഈ ഭീകരതയും തീവ്രവാദവും മേഖലയിൽനിന്നു പിഴുതെറിയാനുള്ള ആഹ്വാനമാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അന്നുസ്റ എന്നീ തീവ്രവാദി ഗ്രൂപ്പുകളുടെ വിധ്വംസകപ്രവ൪ത്തനത്തെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ പിന്തുണച്ച സമ്മേളനം സൗദി  മാതൃക പിന്തുട൪ന്ന് ഭീകരതക്കെതിരെ യു.എന്നിന് സാമ്പത്തികസഹായം നൽകാൻ അംഗരാഷ്ട്രങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ലിബിയ, ഇറാഖ് എന്നിവിടങ്ങളിലെ ഭരണമാറ്റത്തിനും യമൻ ഭരണത്തിനും പിന്തുണ നൽകുന്ന ജി.സി.സി സിറിയയിലെ ഭരണമാറ്റത്തിനു അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെടുന്നു. ഭീകരതയുടെ അപായഭീഷണി നിലനിൽക്കെ ആഭ്യന്തരഭിന്നത പരിഹരിക്കുന്നതിനു  തീ൪പ്പിലത്തൊൻ സമ്മേളനത്തിനായി. ഖത്തറുമായുള്ള പ്രശ്നങ്ങൾ തീ൪ത്ത് അംബാസഡ൪മാ൪ക്ക് തിരികെ പോകുന്നതിനുള്ള സാഹചര്യമൊരുങ്ങിയതായി ജി.സി.സി സെക്രട്ടറി ജനറലും സമ്മേളനാധ്യക്ഷനും നടത്തിയ വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ആഭ്യന്തരരംഗത്ത് മഞ്ഞുരുക്കത്തിനു കളമൊരുക്കി ബാഹ്യഭീഷണികൾക്കെതിരെ ഐക്യനിര സൃഷ്ടിക്കാൻ പരിപാടിയിട്ടാണ് സമ്മേളനം പിരിഞ്ഞത്.

സമ്മേളനപ്രമേയങ്ങളുടെ അഭാവമല്ല, പ്രയോഗവത്കരണത്തിലെ അമാന്തമാണ് അറബ് മേഖലയിലെ എന്നത്തെയും പ്രതിസന്ധി. എന്നാൽ, കാത്തിരിക്കാൻ നേരമൊട്ടുമില്ല എന്ന തിരിച്ചറിവിൻെറ പങ്കപ്പാടുകൾ അറബ്ലോകത്ത് പതിവിലേറെ ദൃശ്യമാണിന്ന്. ആ അസ്വസ്ഥതകളാണ് ജിദ്ദ സമ്മേളനത്തെ ശുഭപര്യവസായിയാക്കിയതും. സമ്മേളന തീരുമാനങ്ങൾ പ്രയോഗത്തിൽ കൂടി ശുഭകരമായിത്തീരുമോ എന്നതാണ് ഈ സ്വയംശാക്തീകരണ നീക്കത്തിൻെറ ഭാവി നി൪ണയിക്കുക.      

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT