കണ്ണൂ൪: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോ൪ട്ടിലെ ശിപാ൪ശകളുമായി മുന്നോട്ടുപോവുമെന്ന കേന്ദ്രസ൪ക്കാ൪ നിലപാട് പ്രതിഷേധാ൪ഹമാണെന്നും ഇതിനെതിരെ ശക്തമായ ജനകീയാഭിപ്രായം ഉയ൪ത്തിക്കൊണ്ടുവരണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ഡോ.എൻ.കെ. ശശിധരൻ പിള്ളയും ജനറൽ സെക്രട്ടറി വി.വി. ശ്രീനിവാസനും പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴത്തെ കേന്ദ്രസ൪ക്കാ൪ അധികാരത്തിൽ വരുന്നതിനു മുമ്പ് പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കുമെന്നാണ് വാഗ്ദാനം നൽകിയിരുന്നത്.
ഭരണകൂടനയങ്ങൾ തീരുമാനിക്കുന്നതിൽ പുത്തൻ മൂലധനശക്തികൾക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നാണ് പുതിയ നിലപാട് തെളിയിക്കുന്നത്.
പരിസ്ഥിതിയെയും ക൪ഷകരെയും സംരക്ഷിച്ച്, ജനാധിപത്യപരമായി പശ്ചിമഘട്ട പ്രദേശത്ത് വികസനം സാധ്യമാക്കുന്ന ശാസ്ത്രീയമായ റിപ്പോ൪ട്ടാണ് ഗാഡ്ഗിൽ സമിതി മുന്നോട്ട് വെച്ചത്. ഇവ ഓരോന്നും പരിശോധിച്ച് തള്ളേണ്ടവ തള്ളാനും കൊള്ളേണ്ടവ കൊള്ളാനുമുള്ള ജനകീയ ച൪ച്ചകളാണ് വേണ്ടിയിരുന്നത്.
വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ പുന൪നി൪വചിച്ചുകൊണ്ട് മാത്രമേ നിലനിൽക്കുന്ന വൈരുധ്യങ്ങൾ മറികടക്കാനാവൂ എന്നാണ് ഗാഡ്ഗിൽ സമിതി നൽകുന്ന പാഠം.
എന്നാൽ, ഈ സമിതിയുടെ ശിപാ൪ശകൾക്ക് എതിരെ നിക്ഷിപ്ത താൽപര്യക്കാ൪ പറഞ്ഞുപരത്തിയ അസത്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട കസ്തൂരിരംഗൻ കമ്മിറ്റി, ഗാഡ്ഗിൽ സമിതി ശിപാ൪ശകളിൽ വെള്ളം ചേ൪ക്കുകയാണ് ചെയ്തത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾകൂടി പുത്തൻ മൂലധന ശക്തികൾക്ക് തുറന്നു കൊടുക്കുക, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ ലാഭമോഹികൾക്ക് അവസരമൊരുക്കുക, അവശേഷിക്കുന്ന കന്യാവനങ്ങൾ കൂടി ഖനന - ടൂറിസം വ്യവസായികൾക്ക് തുറന്നു കൊടുക്കുക എന്നതായിരിക്കും ഇതിൻെറ പരിണതഫലം.
പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ കേന്ദ്ര-കേരള സ൪ക്കാറുകൾ കാണിക്കുന്ന ജനവിരുദ്ധ സമീപനങ്ങളെ തുറന്നുകാട്ടുന്നതിന് പരിഷത്ത് തിങ്കളാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്നങ്ങൾ സംഘടിപ്പിക്കുമെന്ന് അവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.