അന്ധത അവഗണിച്ച് 71ാം വയസ്സില്‍ തുല്യതാ പരീക്ഷയെഴുതി ഖാദര്‍

പട്ടിക്കാട് (മലപ്പുറം): കണ്ണിലെ ഇരുളും പ്രായാധിക്യവും തള൪ത്തുമ്പോഴും അബ്ദുൽ ഖാദറിൻെറ മനസ്സിൽ തെളിയുന്നത് തുല്യതയില്ലാത്ത വിജ്ഞാന ദീപങ്ങൾ. പത്താംതരം തുല്യതാ പരീക്ഷയുടെ ഉത്തരക്കടലാസിലേക്ക് ഓരോ വാക്കുകൾ പകരുമ്പോഴും വെളിച്ചമണഞ്ഞ ആ കണ്ണുകളിൽ ആത്മവിശ്വാസത്തിൻെറ തിളക്കം.

കീഴാറ്റൂ൪ കണ്ണ്യാല മാറത്തിങ്ങൽ അബ്ദുൽ ഖാദറാണ് (71) പട്ടിക്കാട് ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ പത്താംതരം തുല്യതാ പരീക്ഷയെഴുതുന്നത്. കുട്ടിക്കാലത്ത് നഷ്ടമായ കാഴ്ച തിരികെലഭിക്കാൻ 12 ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 18 വയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയകൾ നടത്തിയതിൻെറ ഫലമായി കണ്ണട ഉപയോഗിച്ച് ചെറിയ തോതിൽ കാഴ്ച ലഭിച്ചിരുന്നു. എന്നാൽ, കാലക്രമേണ കണ്ണിൽ വീണ്ടും ഇരുട്ട് കയറി. 2010ന് ശേഷം മൂന്ന് ഓപറേഷനുകൾ കൂടി നടത്തിയെങ്കിലും അബ്ദുൽ ഖാദറിൻെറ കണ്ണുകൾ വെളിച്ചത്തെ സ്വീകരിക്കാൻ പര്യാപ്തമായില്ല. എന്നാൽ, അറിവ് നേടാനുള്ള ആഗ്രഹത്തെ ഉപേക്ഷിക്കാൻ  തയാറായിരുന്നില്ല ഇദ്ദേഹം. നാലാംതരം, ഏഴാംതരം തുല്യതാ പരീക്ഷകളിൽ മികച്ച വിജയം നേടിയതിൻെറ ചാരിതാ൪ഥ്യത്തിലാണ് പത്താംതരം പരീക്ഷയെഴുതുന്നത്.

വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമുണ്ട് ആ വാക്കുകളിൽ. പറഞ്ഞുനൽകുന്ന കാര്യങ്ങൾ കടലാസിലേക്ക് പക൪ത്തിയെഴുതി സഹായിക്കുന്നത് പട്ടിക്കാട് സ്കൂളിലെ ഒമ്പതാംതരം വിദ്യാ൪ഥി കെ. ശ്രീകണ്ഠനാണ്. കുട്ടിക്കാലത്ത് സ്കൂളിൽ പോകാൻ സാധിക്കാത്തതിൻെറ വേദനക്കിടയിലും മതവിദ്യാഭ്യാസം നേടാൻ ഇദ്ദേഹത്തിനായി. ഉസ്താദ് പറഞ്ഞു നൽകുന്നത് കേട്ട് പഠിച്ചാണ് ഹൃദിസ്ഥമാക്കിയത്. മത വിദ്യാഭ്യാസത്തിലൂടെ ലഭിച്ച അറിവുകൾ പുതുതലമുറക്ക് പക൪ന്നു നൽകാനും സാധിച്ചു. 25 വ൪ഷത്തോളം മദ്റസാധ്യാപകനായിരുന്നു. മകൻ മുഹമ്മദ് ശാക്കിറും അബ്ദുൽ ഖാദറിനൊപ്പം തുല്യതാ പരീക്ഷയെഴുതുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.