സെക്രട്ടേറിയറ്റ് പടിക്കല്‍ സമരപ്രളയം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച നിരവധി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. വാട്ടര്‍ അതോറിട്ടി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള വാട്ടര്‍ അതോറിട്ടി എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) സംഘടിപ്പിച്ച മാര്‍ച്ച് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. പൊതുമേഖലാസ്ഥാപനങ്ങളെ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനിന്നാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പരിഷ്കരണം ത്വരിതപ്പെടുത്തുക, പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്ത അനുവദിക്കുക, ചികിത്സാപദ്ധതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ സംഘടിപ്പിച്ച മാര്‍ച്ച് ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനംചെയ്തു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്സ് യൂനിയന്‍ സംസ്ഥാന ട്രഷറര്‍ പദ്മനാഭപിള്ള, ജില്ലാ പ്രസിഡന്‍റ് ആര്‍. തങ്കപ്പന്‍, സെക്രട്ടറി കെ. സദാശിവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നുമാസമായി മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് എന്‍. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.അഷറഫ് അധ്യക്ഷത വഹിച്ചു. മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.വി. ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറിമാരായ പി.ഡി. ചിത്തരഞ്ജന്‍, കെ.കെ. രമേശന്‍, കെ.കെ. ദിനേശന്‍, നിര്‍മല സെല്‍വരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനകളുടെ മാര്‍ച്ച് സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയതോടെ എം.ജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെ സമരങ്ങള്‍ ഒതുങ്ങിയ ശേഷമാണ് ഗതാഗതം സാധാരണനിലയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.