ഓണസുരക്ഷക്ക് 100 കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരുവനന്തപുരം: നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന കാമറകള്‍ കണ്ണടച്ചതിനെ തുടര്‍ന്ന് ഓണസുരക്ഷക്കായി 100 എണ്ണം പുതുതായി സ്ഥാപിക്കും. മാലക്കള്ളന്മാര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്താനും തീരുമാനം. നിയമലംഘനങ്ങളും അക്രമങ്ങളും നിരീക്ഷിക്കാന്‍ പൊലീസ് സ്ഥാപിച്ച കാമറകളില്‍ പലതും തകരാറിലായിട്ട് മാസങ്ങളായി. വിവിധ കേന്ദ്രങ്ങളിലെ 231 കാമറകളില്‍ 92 എണ്ണം നിശ്ചലമാണ്. രാത്രി ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുണ്ടായിരുന്ന ഈ കാമറകള്‍ മാറ്റി സ്ഥാപിക്കാനാകാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. അഞ്ചു വര്‍ഷം പഴക്കമുള്ള ഇവ സ്ഥാപിച്ചത് കെല്‍ട്രോണാണ്. എന്നാല്‍, കെല്‍ട്രോണ്‍ അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ തയാറായില്ല. കരാറില്‍ ഇതിനുള്ള വ്യവസ്ഥ ഇല്ളെന്നാണ് അവര്‍ പറയുന്നത്. വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് വ്യക്തമാകുന്ന വിധത്തിലുള്ള കാമറകള്‍ പാപ്പനംകോട്, നാലാഞ്ചിറ, തിരുവല്ലം ഭാഗങ്ങളില്‍ വേണമെന്നും സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു. പുതുതായി കാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയെ കരാര്‍ ഏല്‍പിക്കാനാണ് നീക്കം. ഇതോടൊപ്പം 1000 പൊലീസുകാരെയും കൂടുതലായി നിയോഗിക്കും. തിരുവനന്തപുരം റൂറല്‍, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നാണ് കൂടുതല്‍ പൊലീസുകാരെ എത്തിക്കുക. 20 കണ്‍ട്രോള്‍ റൂമുകളും എയ്ഡ് പോസ്റ്റുകളുമാണ് ഒരുക്കുന്നത്. 15 ഡിവൈ.എസ്.പിമാര്‍, 25 സി.ഐമാര്‍, 100 എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുക. വനിതാ പൊലീസിനൊപ്പം ഷാഡോ പൊലീസിന്‍െറ വന്‍ സംഘവും നഗരത്തില്‍ സുരക്ഷയൊരുക്കാനുണ്ടാകും. വന്‍ തിരക്കിന് സാധ്യതയുള്ള കിഴക്കേകോട്ട, കനകക്കുന്ന്, കോവളം, ശംഖുംമുഖം എന്നിവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകളും ഉണ്ടാകും. രാത്രി പരിശോധന ശക്തമാക്കാനാണ് കമീഷണറുടെ നിര്‍ദേശം. ഈമാസം അവസാനം മുതല്‍ സെപ്റ്റംബര്‍ 15 വരെയും നഗരം കര്‍ശന സുരക്ഷയിലാക്കുക. അതേസമയം, അന്യസംസ്ഥാനങ്ങളില്‍നിന്നായി തിരുട്ടുസംഘങ്ങള്‍ തലസ്ഥാനത്ത് എത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഘങ്ങളെ കുരുക്കാന്‍ നടപടി തുടരുകയാണ്. ഇത്തരക്കാരെ പിടികൂടി ഗുണ്ടാ നിയമം ചുമത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ സ്കൂട്ടറിന് പിന്നാലെ ബൈക്കിലത്തെി 10 പവന്‍െറ മാല കവര്‍ന്നത് പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. കൂടാതെ ഒരുമാസത്തിനുള്ളില്‍ നഗരത്തിലും പുറത്തുമായി നിരവധി മാല പൊട്ടിക്കലുകളാണ് നടന്നത്. ഷാഡോ പൊലീസ് നടത്തുന്ന നീക്കങ്ങളില്‍ മാലക്കള്ളന്മാരെ തിരിച്ചറിഞ്ഞതായാണ് സൂചന. രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിച്ചുപറി ആസൂത്രണം ചെയ്യുന്നതെന്നും പൊലീസ് കണ്ടത്തെിയിട്ടുണ്ട്്. ദേശീയപാതയിലുള്‍പ്പെടെ 15 അംഗ ഷാഡോ പൊലീസും ബൈക്കില്‍ എത്തുന്ന ബൂസ്റ്റാര്‍ പൊലീസും സജീവമായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.